പദ്മിനിയിൽ ജയനാവാൻ ടെൻഷനുണ്ടായിരുന്നു! കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിനെ ബ്രേക്ക് ചെയ്യണം- സജിൻ ചെറുകയിൽ

തിങ്കളാഴ്ച നിശ്ചയം, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ സജിൻ ചെറുകയിൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് പദ്മിനി. തിരക്കഥാകൃത്തും നടനുമായ സജിൻ ചെറുകയിൽ തന്റെ സിനിമ വിശേഷങ്ങൾ മാധ്യമവുമായി പങ്കുവെക്കുന്നു.

• ബിനീഷേട്ടനും ജയനും

കിരൺ ജോസിയാണ് സംവിധാനം ചെയ്ത ബിനീഷേട്ടൻ റൂം മേറ്റ് എന്ന ഷോർട്ട് ഫിലിമിലെ ബിനീഷേട്ടൻ എന്ന കഥാപാത്രവും , പദ്മിനിയിലെ ജയൻ എന്ന കഥാപാത്രവും ഞാൻ തന്നെയാണ് ചെയ്തിരിക്കുന്നത്. സത്യത്തിൽ അവർ തമ്മിൽ പ്രകടമായ ബന്ധമൊന്നും കാണാൻ സാധിക്കില്ല. എന്നാൽ രണ്ടുപേരും അല്പം കെയറിങ്ങിന്റെ അസുഖമുള്ളവരാണ്. അത് തന്നെയാണ് ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള പ്രധാനപ്പെട്ട സാമ്യവും. എന്നാൽ ബിനീഷേട്ടൻ കുറച്ചു കൂടി മടിയനാണ്. പക്ഷെ ജയൻ അങ്ങനെയല്ല. അയാൾ അല്പം കാശ് കൂടുതലുള്ളയാളാണ്. അതിന്റേതായ പത്രാസും അയാൾക്കുണ്ട്. അത്തരത്തിലുള്ള വ്യത്യാസങ്ങൾ രണ്ടുപേരും തമ്മിലുണ്ട്. പിന്നെ ജയൻ എന്ന കഥാപാത്രം ചെയ്യുമ്പോൾ പെർഫോമൻസിനൊപ്പം തന്നെ ക്യാമറയ്ക്കും എഡിറ്റിങ്ങിനും ഒക്കെ പ്രാധാന്യമുണ്ട്. ടെക്നിക്കൽ രീതിയിൽ തന്നെയാണ് ഇതിന്റെ കോമഡി വർക്ഔട്ട് ആവുന്നതും. സത്യത്തിൽ പെർഫോമൻസിന്റെ പകുതി മാത്രമാണ് എന്റെ കൈയിലുള്ളത്. ബാക്കി എന്തെങ്കിലും വിജയം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ടെക്നിക്കൽ സൈഡ് തന്നെയാണ്. ഉദാഹരണത്തിന് അതിൽ പരസ്യം ചെയ്യുന്ന സീനുകൾ ഉണ്ട്. ആ പരസ്യം എവിടെയാണ് വയ്ക്കാൻ പോകുന്നത് എന്ന് പോലും എനിക്കറിയില്ല. ആ പരസ്യം പല രീതിയിലും പലവിധത്തിലും ഷൂട്ട് ചെയ്തിട്ടുണ്ട്. അത് സിനിമയിൽ എവിടെ വരുമെന്ന് പോലും അറിയാത്ത നിലയ്ക്ക് ഒരു ഫ്രഷ് അനുഭവമായിരുന്നു തിയറ്ററിൽ വെച്ച്കാണുമ്പോൾ എനിക്കതിനു ലഭിച്ചത്

• ജയനാവാൻ ടെൻഷനുണ്ടായിരുന്നു.

ഒരു ദിവസം പദ്മിനിയുടെ അസോസിയേറ്റ് ഡയറക്ടർ ശങ്കർ വിളിച്ചിട്ട് പറഞ്ഞു ഒരു കഥാപാത്രം ചെയ്യാനുണ്ടെന്ന് സംവിധായകൻ പറഞ്ഞുവെന്ന്. പക്ഷേ പടം നീണ്ടു പോവുകയായിരുന്നു. അതിനിടയിൽ എനിക്ക് കുറച്ചു വർക്കുകളൊക്കെ വന്നു. പടം വൈകുന്ന സ്ഥിതിക്ക് എന്ത് ചെയ്യണമെന്നറിയാനായി ഒരു ദിവസം ഞാൻ സംവിധായകൻ സെന്ന ഹെഗ്‌ഡെയെ വിളിച്ചു. അദ്ദേഹം പറഞ്ഞു ഞാൻ ഒരു കഥാപാത്രം സജിനു വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. എന്തെങ്കിലും കാരണം കൊണ്ട് കഥാപാത്രം മാറുമോ എന്നെനിക്കറിയില്ല. അഥവാ മാറിക്കഴിഞ്ഞാൽ വേറെ കഥാപാത്രങ്ങൾ തരാൻ കഴിയില്ല. കാരണം ആ ഒരു കഥാപാത്രം മാത്രമാണ് ഞാൻ സജിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നതെന്ന്. പിന്നീടൊരു സുപ്രഭാതത്തിൽ അദ്ദേഹം അഭിനയിക്കാൻ വിളിച്ചു. ആ സമയത്ത് ഞാൻ മറ്റു തിരക്കുകളിൽ പെട്ടിട്ടില്ലായിരുന്നു. ജയൻ എന്ന കഥാപാത്രത്തെ കുറിച്ച് സംവിധായകൻ പറഞ്ഞത് ഇങ്ങനെയാണ് ; നിഷ്കളങ്കനായ കഥാപാത്രമാണ്, പക്ഷെ ഉള്ളിലത്ര വെടിപ്പല്ല. അങ്ങനെയാണ് ആ കഥാപാത്രം ചെയ്ത് തുടങ്ങുന്നത്. അപർണ ബാലമുരളിയുടെ പെയർ ആയി വരിക, പ്രാധാന്യമുള്ള കഥാപാത്രം ലഭിക്കുക തുടങ്ങിയതിനെല്ലാം അപ്പുറത്തേക്ക് ഈ കഥാപാത്രം ചെയ്യാൻ എനിക്ക് കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. ഇതിന് ഒരു കാരിക്കേച്ചർ സ്വഭാവമുള്ളതുകൊണ്ടുതന്നെ ചെയ്തത് അല്പം ഓവറായി കഴിഞ്ഞാൽ ഇന്നത്തെ പ്രേക്ഷകർ അതിനെ വലിച്ചുകീറും. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ ഈ കഥാപാത്രം പ്രേക്ഷകർക്ക് ഇറിറ്റേറ്റഡായിട്ടുള്ള കഥാപാത്രമാവും. നമ്മൾ ചെയ്യുന്ന തമാശ വർക്കാവില്ലേ എന്നുള്ള ടെൻഷൻ തന്നെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കി ഉത്തരവാദിത്വത്തോടെയാണ് ആ കഥാപാത്രത്തെ സമീപിച്ചത്. തീർച്ചയായും അതിന്റെ സ്ട്രസ്സും എനിക്കുണ്ടായിരുന്നു. പക്ഷേ എല്ലാവരും നല്ല അഭിപ്രായം പറയുമ്പോൾ ഇപ്പോൾ സന്തോഷം തോന്നുന്നു.

• പിന്തുണച്ച അപർണയും ചാക്കോച്ചനും.

ദേശീയ അവാർഡ് കിട്ടിയ അപർണ ബാലമുരളിക്കൊപ്പമാണ് അഭിനയിക്കേണ്ടത് എന്നുള്ളതിൽ എനിക്ക് അത്യാവശ്യം സ്‌ട്രെസ് ഉണ്ടായിരുന്നു. കഴിഞ്ഞുപോയ അനുഭവങ്ങളെ റീ കളക്ട് ചെയ്യാൻ ഞാൻ വളരെ മോശമാണ്. പക്ഷേ അവർ തന്ന ചില പിന്തുണകളൊന്നും ഞാനൊരിക്കലും മറക്കില്ല. ഉദാഹരണത്തിന് ചാക്കോച്ചനും അപർണക്കുമൊപ്പം ഒരു റൂമിൽ വെച്ച് ഷൂട്ട് നടക്കുന്ന സമയത്ത് എനിക്ക് ആ സീനിൽ ഡയലോഗ് കൂടുതലായിരുന്നു . ഞാൻ ഡയലോഗ് തെറ്റിച്ചു കഴിഞ്ഞാൽ ഒപ്പമുള്ള ചാക്കോച്ചനും അപർണയും അവിടെ പോസ്റ്റായി നിൽക്കേണ്ട അവസ്ഥയാണ്. അക്കാര്യത്തിൽ എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. പക്ഷെ ചാക്കോച്ചനൊക്കെ എന്നെ വളരെയധികം കൂൾ ആക്കി. സമയമെടുത്ത് ചെയ്താലും കുഴപ്പമില്ല എന്നുള്ള സമാധാനം എനിക്ക് അപ്പോഴാണ് വന്നത്. അതുപോലെതന്നെ ഞാൻ കിടക്കയിൽ നിന്ന് ഒരു തലയണയെടുക്കുന്ന രംഗമുണ്ട്. അത് ചെയ്യുന്ന സമയത്ത് ക്യാമറയ്ക്ക് മുൻപിലുള്ള എന്റെ പൊസിഷൻ തെറ്റാതിരിക്കാൻ ചാക്കോച്ചൻ എന്നെ ഹെൽപ്പ് ചെയ്തിട്ടുണ്ട്. അത്തരത്തിൽ അപർണയും ചാക്കോച്ചനും എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്.

• സെന്ന ഹെഗ്‌ഡേയോടൊപ്പം മൂന്നാമത്തെ ചിത്രം

അദ്ദേഹത്തിന്റെ തിങ്കളാഴ്ച നിശ്ചയം , 1744 വൈറ്റ് ആൾട്ടോ, പത്മിനി എന്നീ മൂന്നു സിനിമകളിലും ഞാനഭിനയിച്ചിട്ടുണ്ട്. ഒരുപക്ഷേ സ്ക്രിപ്റ്റ് എഴുതുമ്പോഴോ വായിക്കുമ്പോഴോ ആ കഥാപാത്രങ്ങൾ ഞാൻ ചെയ്താൽ നന്നായിരിക്കുമെന്ന് സംവിധായകന് തോന്നിയിരിക്കാം.അതുകൊണ്ടായിരിക്കാം ആ കഥാപാത്രങ്ങളെല്ലാം എനിക്ക് തന്നത്. അല്ലാതെ സൗഹൃദത്തിന്റെ മേൽ അവസരം നൽകിയതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം കഥാപാത്രങ്ങളുടെ കാര്യത്തിൽ അദ്ദേഹം കോംപ്രമൈസ് ചെയ്യില്ല എന്നെനിക്കറിയാം. ഒരിക്കലും സൗഹൃദം അതിനെ സ്വാധീനിച്ചിട്ടില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. തിങ്കളാഴ്ചനിശ്ചയം സിനിമയുടെ സിനിമാറ്റോഗ്രഫറും സഹ എഴുത്തുകാരനുമായ ശ്രീരാജ് രവീന്ദ്രനെ എനിക്ക് മുൻപേ പരിചയമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ വർഷങ്ങളുടെ പരിചയമാണുള്ളത്. ഷോർട്ട് ഫിലിംസ് എല്ലാം ഒരുമിച്ച് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് തിങ്കളാഴ്ച നിശ്ചയത്തിലേക്ക് വരുന്നത്. തുടക്കത്തിൽ അതിലെ കഥാപാത്രത്തിന് ന്യൂട്രൽ മലയാളം നൽകാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നെ അത് മാറ്റി തൃശ്ശൂർ ഭാഷ കൊണ്ടുവന്നാലോ എന്ന് ചിന്തിച്ചു. കാഞ്ഞങ്ങാട് ഭാഷക്കിടയിൽ ഒരു തൃശ്ശൂർ ഭാഷ കൊണ്ടുവന്നാലോ എന്ന ചിന്തയായിരുന്നു വന്നത്. അങ്ങനെയാണ് ശ്രീരാജ് ആ കഥാപാത്രത്തിനായി എന്നെ റെക്കമെന്റ് ചെയുന്നത്. അതാണ് ഈ കൂട്ടുക്കെട്ടിലേക്കുള്ള തുടക്കം. സെന്ന ഹെഗ്ഡേയാണെങ്കിൽ ആർട്ടിസ്റ്റുകളെ കൊണ്ട് പണിയെടുപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത ഒരു സംവിധായകനാണ്. ചിലപ്പോൾ ഒരു സീൻ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലായിരിക്കും ആളുടെ ഉള്ളിൽ ചില ഐഡിയകൾ വരുന്നത്.ഉടൻ തന്നെ ആളത് മാറ്റി ചെയ്യിപ്പിക്കും. അത്രയും പുതിയ ആളുകളെ വച്ച് തിങ്കളാഴ്ച നിശ്ചയം സിനിമ ഹിറ്റാവാൻ കാരണം തന്നെ അദ്ദേഹം ആർട്ടിസ്റ്റുകളുടെ കാര്യത്തിൽ കാണിക്കുന്ന സൂക്ഷ്മതയാണ്.

• സിനിമയിലേക്ക് കൈ പിടിച്ചുയർത്തിയ സിനിമ പാരഡിസോ ക്ലബ്

സോഷ്യൽ മീഡിയയിലെ സിനിമ പാരഡിസോ ക്ലബ് അഥവാ CPC എന്ന എന്ന ഗ്രൂപ്പിലെ കമന്റ് ബോക്സിൽ പരിചയപ്പെട്ട ചില സുഹൃത്തുക്കളുമായി ചേർന്ന് ഷോർട്ട് ഫിലിമുകൾ ചെയ്തു കൊണ്ടാണ് സിനിമയിലേക്കുള്ള തുടക്കം. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലിയാണ് എന്റെ ആദ്യത്തെ സിനിമ . അതിനുമുൻപ് തന്നെ ഗിരീഷ് എ. ഡി, ശ്രീരാജ് വിജയൻ തുടങ്ങിയവരോടൊപ്പമൊക്കെ ചേർന്ന് ഷോർട്ട് ഫിലിമുകൾ നിരവധി ചെയ്തു. പിന്നീട് ഇവരൊക്കെ സിനിമകൾ ചെയ്തപ്പോൾ നമുക്ക് ആ സിനിമകളിലൊക്കെ അഭിനയിക്കാൻ അവസരം കിട്ടിയെന്നുള്ളതാണ് സത്യം. അങ്ങനെ തന്നെയാണ് സിനിമയിലേക്ക് കയറി വരുന്നതും. ഞാൻ ജനിച്ചതും വളർന്നതും എല്ലാം തൃശ്ശൂർ അന്തിക്കാടാണ്. ഒരുപാട് സിനിമ പ്രവർത്തകരുള്ള സ്ഥലമാണത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ പശ്ചാത്തലമോ,അത്തരം സിനിമ ബന്ധങ്ങളൊന്നും ഒരുതരത്തിലും എനിക്കുണ്ടായിട്ടില്ല. ഈ ഗ്രൂപ്പിലൂടെ ഉണ്ടായ സൗഹൃദത്തിൽ നിന്നാണ് എന്റെ വളർച്ച സംഭവിക്കുന്നത്.

• അഭിനേതാവ് മാത്രമല്ല തിരക്കഥാകൃത്തുമാണ്

2019 ൽ അള്ള് രാമേന്ദ്രൻ എന്ന സിനിമയ്ക്ക് തിരക്കഥ,സംഭാഷണം തയ്യാറാക്കി കൊണ്ടാണ് ആ മേഖലയിലേക്ക് വരുന്നത്. സത്യത്തിൽ സിനിമയിൽ എഴുത്താണ് ഞാൻ ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ സുഹൃത്തുക്കൾ ഷോർട്ട് ഫിലിം ചെയ്തപ്പോൾ എന്ന് അഭിനയിക്കാൻ വിളിച്ച് പിന്നീട് അതുകണ്ട് മറ്റുള്ളവർ സിനിമകളിലേക്ക് അഭിനയിക്കാൻ വിളിക്കുകയും അങ്ങനെ എഴുത്തിനു മുൻപേ അഭിനയം ആദ്യം സംഭവിക്കുകയും ചെയ്തു.പ്രശോഭിനെ എനിക്ക് ആദ്യമേ അറിയാമായിരുന്നു. അങ്ങനെയാണ് പ്രശോഭ് എന്നെ ഓഡിഷന് വിളിക്കുന്നത്.ആ വഴിയാണ് ലില്ലിയിൽ എത്തുന്നത്. ലില്ലിയുടെ ആ സമയത്താണ് അള്ള് രാമേന്ദ്രനെ കുറിച്ചുള്ള ചിന്ത വരുന്നത്. തുടർന്ന് ഞാനും ഗിരീഷും വിനീത് ചാക്യാരും ചേർന്നത് ഡെവലപ്പ് ചെയ്തു.പതുക്കെ ആ വർക്ക് ഓൺ ആവുകയും ചെയ്തു.

• ഐ ആം കാതലനും ഗിരീഷും എ. ഡിയും പിന്നെ ഞാനും

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഐ ആം കാതലൻ'. അതിന്റെ തിരക്കഥ ഞാനാണ് ചെയ്തിരിക്കുന്നത്. സത്യത്തിൽ അത് ഗിരീഷിന് വേണ്ടി എഴുതിയിരുന്ന സ്ക്രിപ്റ്റല്ലായിരുന്നു. ഞാൻ സ്വതന്ത്രമായി ചെയ്തുവച്ച സ്ക്രിപ്റ്റായിരുന്നു. അത് സംവിധാനം ചെയ്യാൻ മറ്റൊരു സംവിധായകനാഗ്രഹിച്ചിരുന്നു. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ഒരു സുപ്രഭാതത്തിൽ ആ സംവിധായകനതിൽ നിന്ന് പിന്മാറേണ്ടി വന്നപ്പോൾ ആ കഥ ഗിരീഷ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒരു കോമഡി സൈബർ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണത്. കേരളത്തിലെ ഐടി കമ്പനികൾ / ഡിപ്പാർട്ട്മെന്റുകൾ എങ്ങനെ വർക്ക് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ പറയുന്നുണ്ട് അതിൽ. ഇപ്പോൾ സിനിമയുടെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ മറ്റൊരു സിനിമയുടെ സ്ക്രിപ്റ്റ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ പൂർത്തിയാവാൻ സമയമെടുക്കും. അവൻ സ്വന്തമായി എഴുതുന്ന വർക്കാണെങ്കിലും ഇനിയിപ്പോൾ ഞാനെഴുതുന്ന വർക്കാണെങ്കിലും ആ സിനിമയെപ്പറ്റിയും കഥാപാത്രങ്ങളെ കുറിച്ചും എനിക്ക് തുടക്കം മുതലേ അറിയാമെന്നുള്ളത് തന്നെയാണ് അവന്റെ സിനിമകളിൽ ഞാൻ കാണുന്ന പ്രത്യേകത. അതുകൊണ്ടുതന്നെ അവന്റെ സിനിമകളിലഭിനയിക്കാൻ താരതമ്യേന ഈസിയാണെനിക്ക്. സൂപ്പർ ശരണ്യയിലെ അർജുന്റെ അളിയനായിട്ടുള്ള ആ കഥാപാത്രമൊക്കെ എഴുതുന്ന സമയത്ത് എന്റെ ചില മാനറിസങ്ങൾ വരെ അവൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ കഥാപാത്രം സംസാരിച്ചു തുടങ്ങുമ്പോഴെ എനിക്കറിയാം അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്.

• കൈ നിറയെ സിനിമകളും,കോമഡി കഥാപാത്രങ്ങളെ ബ്രേക്ക് ചെയ്യാനുള്ള ആഗ്രഹവും

ഉറപ്പായും കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിനെ ബ്രേക്ക് ചെയ്യണം എന്നാണ് കരുതുന്നത്. ഹാസ്യകഥാപാത്രങ്ങൾക്കായി നമ്മൾ ചെയ്യുന്ന തമാശകൾ ഏറ്റില്ലെങ്കിൽ അതും പ്രശ്നമാണ്. അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ഈയടുത്ത് ചെയ്ത ഒരു സിനിമയിൽ എന്റെ തമാശ അങ്ങോട്ട് ഏറ്റില്ല. എങ്കിലും വലിയ പരിക്കില്ലാതെ രക്ഷപെട്ടു എന്ന് വേണം പറയാൻ. ഉർവശി ചേച്ചിയും ഇന്ദ്രൻസ് ചേട്ടൻ ജോണി ആന്റണിയും ഒക്കെയുള്ള ജലധാര,മമ്മുക്കയുടെ കണ്ണൂർ സ്‌ക്വാഡ്, സക്കറിയ അഭിനയിച്ച കമ്മ്യൂണിസ്റ്റ് പച്ച,ജിയോ ബേബി നായകനായ സിനിമ തുടങ്ങിയ കുറച്ച് സിനിമകളൊക്കെ വരാനിരിക്കുന്നുണ്ട്.

Tags:    
News Summary - Sajin Cherukayil Latest Interview About His New Movie Padmini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT