'മന്ദാകിനി'യുടെ സംവിധായകൻ വിനോദ് ലീല സംസാരിക്കുന്നു...
ആദ്യരാത്രിയെ വിഷയമാക്കിയൊരു സിനിമ. അതും ഒരൊറ്റ ദിവസത്തെ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ രസച്ചരട് മുറിയാതെ, പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ രണ്ടര മണിക്കൂർ തിയറ്ററിൽ പിടിച്ചിരുത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ നവാഗതനായ വിനോദ് ലീല പ്രതീക്ഷയുണർത്തുന്ന സംവിധായകനാണെന്ന് തെളിയാൻ 'മന്ദാകിനി' മാത്രം മതി. തിയറ്ററിൽ വിജയകരമായി മുന്നേറുന്ന ‘മന്ദാകിനി’യുടെ സംവിധായകൻ വിനോദ് ലീല സംസാരിക്കുന്നു.
സ്വന്തം സബ്ജക്ട് തന്നെയാണെങ്കിലും ഇതിലേക്കുള്ള ത്രഡ് നൽകിയത് കാമറമാൻ ഷിജു എം. ഭാസ്കറാണ്. അദ്ദേഹത്തിന്റെ അസോസിയേറ്റ് ഷാലുവിന്റെ നാട്ടിൽ നടന്ന സംഭവത്തിൽനിന്നാണ് ഞാൻ വിഷയം ഉരുത്തിരിച്ചെടുത്തത്. അവരീ സംഭവം വെബ്സീരിസ് ആക്കാൻ ഉദ്ദേശിച്ചതായിരുന്നു. പിന്നീട് എന്നോട് വിഷയം പറഞ്ഞപ്പോൾ കൊള്ളാമെന്ന് തോന്നി. തിരക്കഥ ഞാൻതന്നെ എഴുതാം എന്ന് പറഞ്ഞ് എഴുതി. അങ്ങനെയാണ് സിനിമ സംഭവിച്ചത്. ഇതുപോലെ ഒരു വിഷയം ഒരുപക്ഷേ മലയാള സിനിമ ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്ന തോന്നലിൽ നിന്നാണ് സിനിമയുമായി മുന്നോട്ടു പോകുന്നത്. ആശയം നല്ലതാണെന്ന് തോന്നിയപ്പോൾ പിന്നീട് വൺലൈനിലേക്ക് കടന്നു. തുടർന്ന് കഥാപാത്ര രൂപവത്കരണവും മറ്റുമൊക്കെ നടന്നു. ഷിജുവാണ് സിനിമയുടെ കാമറയും കൈകാര്യം ചെയ്തത്. ഈ സിനിമക്കു മുമ്പേ ഷിജുവിനെ പരിചയമുണ്ട്. ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. പിന്നീട് സുഹൃത്തുക്കളായി.
ആദ്യ സിനിമക്കു തന്നെ പ്രേക്ഷക ശ്രദ്ധ ലഭിക്കുകയെന്നത് അത്ര ചെറിയ കാര്യമല്ലെന്നറിയാം. അതുകൊണ്ടുതന്നെ നല്ല സന്തോഷമുണ്ട്. ഒരുപാട് സ്വപ്നങ്ങളുമായാണ് മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ചത്. ആശങ്കകളും പ്രതീക്ഷകളും ഏറെയായിരുന്നു. തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് മിക്കയിടത്തും സിനിമ പ്രദർശനം തുടരുന്നത്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നെ സന്തോഷം ഇരട്ടിച്ചു.
സ്ത്രീപക്ഷ സിനിമ എന്ന തലത്തിൽ ‘മന്ദാകിനി’യെ സ്വീകരിച്ചു എന്നതിൽ സന്തോഷം. അതൊരു നല്ല സൂചനയായാണ് സ്വയം വിലയിരുത്തുന്നത്. എന്നാൽ, സ്ത്രീപക്ഷ സിനിമ എന്ന തലത്തിൽ ചിത്രീകരിച്ച ചിത്രമല്ലിത്. ഒരു കോമഡി-ഫൺ എന്റർടെയ്ൻമെന്റ് ആയാണ് ഒരുക്കിയത്. തിരക്കഥയും അത്തരത്തിലാണ്. എന്നാൽ, അതിന് മുകളിലേക്ക് സിനിമ എത്തി എന്നറിയുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം നൽകുന്നു. സ്ത്രീകൾക്ക് പ്രാതിനിധ്യം കുറയരുത് എന്ന നിർബന്ധം രചന സമയത്തുതന്നെ എനിക്കുണ്ടായിരുന്നു. സ്ത്രീയുടെ പ്രശ്നത്തിന് സ്ത്രീ തന്നെ പരിഹാരം കാണുന്നു എന്ന പാറ്റേണിലാണ് സിനിമ മുന്നേറുന്നത്. അതോടൊപ്പം എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ ഉതകുന്ന തരത്തിലാണ് സിനിമ ഒരുക്കിയത്.
ഏതെങ്കിലുമൊരു സിനിമയിൽ അസോസിയേറ്റോ അസിസ്റ്റന്റോ ആയിട്ടില്ല. വർഷങ്ങൾക്കുമുമ്പ് കാമറ അസിസ്റ്റന്റായി ‘മല’ എന്ന സിനിമയിൽ പ്രവർത്തിച്ചു എന്നത് മാത്രമാണ് മുൻപരിചയം. സിനിമയേക്കാൾ കൂടുതൽ ഷോർട്ട് ഫിലിമുകളാണ് ചെയ്തിട്ടുള്ളത്. രണ്ട് ചിത്രങ്ങൾ ഐ.ഡി.എസ്.എഫ്.കെയിൽ മത്സര വിഭാഗത്തിൽ വന്നിരുന്നു. ഷോർട്ട് ഫിലിമുകളാണ് എനിക്ക് സിനിമാ ലോകത്തേക്ക് വഴി തുറന്നിട്ടത്. മുമ്പ് ചെയ്തൊരു ചിത്രം കണ്ടിട്ടാണ് ഷിജു ‘മന്ദാകിനി’യുടെ ത്രഡ് പറയാൻ വിളിക്കുന്നത്. അത് വലിയൊരു വഴിത്തിരിവാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.
സിനിമയിൽ രണ്ടുപേരും മത്സരിച്ച് അഭിനയിച്ചു. അത് ചിത്രീകരണ സമയത്തുതന്നെ ബോധ്യപ്പെട്ടതാണ്. തിരക്കഥാ രചന സമയത്തുതന്നെ മനസ്സിലുള്ളവരായിരുന്നു അൽത്താഫും അനാർക്കലിയും. അതുകൊണ്ട് തന്നെ തിരക്കഥ പൂർത്തിയായപ്പോൾ അവരെ സമീപിച്ചു. അൽത്താഫ് ഇതുവരെ ചെറിയ റോളുകളിലാണ് അധികവും അഭിനയിച്ചിരുന്നത്. ലീഡ് റോളിൽ തന്നെ അൽത്താഫിനെ കാസ്റ്റ് ചെയ്യണമെന്ന് തുടക്കത്തിലെ ആഗ്രഹിച്ചിരുന്നു. പിന്നെ, അൽത്താഫ് ഹ്യൂമർ കൈകാര്യം ചെയ്യുന്ന രീതിക്ക് കുറച്ചധികം വ്യത്യസ്തതയുണ്ട്. അത് സിനിമക്ക് മുതൽക്കൂട്ടാവുമെന്ന് വിചാരിച്ചു. തുടക്കത്തിൽ അൽത്താഫിനെ വേണോ എന്ന ചിന്ത ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ കഥയുടെ കാമ്പിനും അൽത്താഫിന്റെ മാനറിസങ്ങളും സിനിമക്ക് യോജിക്കുമെന്ന് തോന്നി.
‘സുലൈഖ മൻസിൽ’ തകർത്തോടുന്ന സമയത്താണ് അനാർക്കലിയോട് കഥ പറയാൻ ചെല്ലുന്നത്. ആരെ നായികയാക്കണമെന്ന ചിന്ത വന്നപ്പോൾ പല പേരുകളും മനസ്സിലേക്ക് വന്നു. എന്നാൽ, അനാർക്കലി മികച്ചതാവുമെന്ന് പിന്നണിയിലുള്ളവർക്ക് പൊതുവിൽ തോന്നിയപ്പോൾ അനാർക്കലിയെ സമീപിച്ച് കഥ പറഞ്ഞു. രണ്ടുപേരും പെട്ടെന്നു തന്നെ സിങ്കായത് സിനിമക്ക് ഏറെ ഉപകാരപ്പെട്ടു.
എല്ലാ സിനിമകളും കാണാൻ ശ്രമിക്കാറുണ്ട്. ഈ അടുത്തിറങ്ങിയ മിക്ക മലയാള സിനിമകളും ശ്രദ്ധിക്കപ്പെടുന്നു എന്നതിൽ ഒരു ചലച്ചിത്രകാരനെന്ന നിലയിൽ സന്തോഷമുണ്ട്. മലയാളത്തിന് പുറമെ തമിഴ്നാട്ടിലും ‘മന്ദാകിനി’ നല്ലരീതിയിൽ ഓടുന്നുണ്ട്. കണ്ടന്റിന് പ്രാമുഖ്യം നൽകുന്നതാണ് മലയാള സിനിമകൾ. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ സ്വഭാവംകൂടി മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിന് പുറത്ത് ഇന്ന് മലയാളത്തിന് ധാരാളം പ്രേക്ഷകരുണ്ട്. ഈ വർഷം ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും അത് ഇംഗ്ലീഷോ ഹിന്ദിയോ ആകട്ടെ സമയം കിട്ടുമ്പോഴൊക്കെ കാണാൻ ശ്രമിക്കാറുണ്ട്. നല്ല സംവിധായകരും തിരക്കഥകളും ഉണ്ടാകുമ്പോൾ മാത്രമാണ് നല്ല സിനിമകളും ഉണ്ടാകുന്നത്. അതുപോലെ തന്നെ അതിന് ഉൾക്കൊള്ളാൻ സാധിക്കുന്ന നിർമാതാവും വേണം എന്നത് എടുത്തുപറയേണ്ടതാണ്. ‘മന്ദാകിനി’ക്ക് കിട്ടിയതും നല്ലൊരു നിർമാതാവിനെയാണ്. സഞ്ജു ഉണ്ണിത്താൻ എന്ന നിർമാതാവിന്റെ സഹകരണമില്ലായിരുന്നെങ്കിൽ ‘മന്ദാകിനി’ സംഭവിക്കില്ലായിരുന്നു.
ഡയറക്ടർമാരെ അഭിനയിപ്പിക്കാമെന്ന തീരുമാനത്തിൽ സംഭവിച്ചതല്ല. കാസ്റ്റിങ് നടക്കുമ്പോൾ പുതുമ കിട്ടാൻ കുറച്ച് മുഖങ്ങൾ വേണമെന്ന ചിന്തയിലാണ് സംവിധായകർ ‘മന്ദാകിനി’യിൽ അഭിനേതാക്കളാകുന്നത്. അഞ്ച് ഡയറക്ടർമാരായി എന്നത് പിന്നീടാണ് ശ്രദ്ധിക്കുന്നത്. അൽത്താഫിനെ ആദ്യമേ കാസ്റ്റ് ചെയ്തു. സ്ഥിരം ഗുണ്ടാവേഷത്തിൽ നിന്ന് അജയ് വാസുദേവിനെ സിങ്ങറാക്കി. അതേ പോലെ ജിയോ ബേബി, ജൂഡ് ആന്റണി, ലാൽ ജോസ് ഇവരിലൂടെ വ്യത്യസ്തത വരുത്താനുള്ള ശ്രമമായിരുന്നു. എല്ലാവരും നല്ലരീതിയിൽ പെർഫോം ചെയ്തെന്ന പ്രേക്ഷക പ്രതികരണം കേട്ടപ്പോൾ സന്തോഷം തോന്നി.
വിനോദ് ലീല എന്നാണെന്റെ പേര്. ലീല അമ്മയുടെ പേരാണ്. അമ്മയുടെ പേര് സ്വന്തം പേരിനോടു ചേർത്തുവെച്ച സംവിധായകന്റെ കന്നിച്ചിത്രത്തിൽ നായകകഥാപാത്രത്തിന്റെ അമ്മ നിർണായകമായ ട്വിസ്റ്റ് കൊണ്ടുവന്നത് സ്വാഭാവികം എന്നുതന്നെ പറയാം.പുതിയ ചിത്രങ്ങളുടെ എഴുത്തുപണികളിലാണ്. അടുത്തുതന്നെ ചിത്രം ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.