ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന് സിനിമ പഠിക്കാത്ത, സിനിമ പഠിക്കാൻ ആരുടെയും പിന്നാലെ നടക്കാതെ, കേരള രാജ്യാന്തര ചലച്ചിത്രമേളകളിലെ സിനിമകളിലൂടെ ചലച്ചിത്രഭാഷ പഠിച്ച സംവിധായകനാണ് ഡോ. ബിജു. തന്റെ സിനിമകൾ തിരശ്ശീലയിൽ കലഹിച്ചതിനേക്കാൾ ഏറെ ബിജു തിയറ്ററിന് പുറത്ത് കലഹിച്ചിട്ടുണ്ട്. ഭരണകൂടത്തിനെതിരെ, സിനിമരംഗത്തെ ജാതി മേൽക്കൊയ്മക്കെതിരെ, സമാന്തര സിനിമകളോടുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അവഗണനകൾക്കെതിരെ ബിജുവിന്റെ ശബ്ദം ഉയർന്നു.
സിനിമ ബുദ്ധിജീവികളും നിരൂപകരും കൊടിനിറം നോക്കി വായ്മൂടിക്കെട്ടിയപ്പോഴെല്ലാം യഥാർഥ പ്രതിപക്ഷമായി, തിരുത്തൽ വാദിയായി 25 വർഷമായി ഡോ. ബിജു കേരള രാജ്യാന്തര ചലച്ചിത്രമേളക്കൊപ്പമുണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചിറ്റമ്മ നയങ്ങളിൽ പ്രതിഷേധിച്ച് ‘കേരളീയ’ത്തിൽ നിന്ന് സ്വന്തം ചിത്രം പിൻവലിച്ച ഈ സർക്കാർ ഹോമിയോ ഡോക്ടർ, ഐ.എഫ്.എഫ്.കെയിലേക്ക് തന്റെ സിനിമകൾ ഇനിമുതൽ നൽകില്ലെന്നും പ്രഖ്യാപിച്ചു. ഒടുവിൽ സാംസ്കാരിക മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് 28ാത് ചലച്ചിത്രമേളയിൽ ബിജുവിന്റെ ‘അദൃശ്യ ജാലകങ്ങൾ’ ഇന്നലെ ആദ്യ പ്രദർശനത്തിനെത്തിയത്. തന്റെ നിലപാടുകൾ ഡോ. ബിജു ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.
ഒരിക്കലും അതൊരു എടുത്തുചാട്ടമായിരുന്നില്ല. ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ കൃത്യമായ വിമർശനങ്ങളും നിർദേശങ്ങളും ഒട്ടേറെ തവണ ചലച്ചിത്ര അക്കാദമിക്കും സർക്കാറിനും നൽകിയിട്ടും അവയൊന്നും തന്നെ പരിഹരിക്കപ്പെടാതെ, മേള അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് അകന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. 2018ൽ ഞാൻ കൂടി അംഗമായിരുന്ന ഐ.എഫ്.എഫ്.കെ നിയമാവലി പരിഷ്കരണ സമിതി നിർദേശിച്ചിരുന്ന കാര്യങ്ങളിൽ അന്നത്തെ ചലച്ചിത്ര അക്കാദമി അട്ടിമറിച്ച രണ്ട് നിർദേശങ്ങളുണ്ട്.
ഐ.എഫ്.എഫ്.കെയിൽ തെരഞ്ഞെടുക്കുന്ന മലയാള സിനിമകൾക്ക് കേരള പ്രീമിയർ നിർബന്ധമാക്കുക, സംസ്ഥാന പുരസ്കാരം, ഐ.എഫ്.എഫ്.കെ സെലക്ഷൻ ജൂറി എന്നിവരെ തെരഞ്ഞെടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നതായിരുന്നു അവ. അടുത്ത ചലച്ചിത്രമേളക്ക് മുമ്പായി ഈ നിർദേശങ്ങൾ പരിഗണിക്കുമെന്ന് സാംസ്കാരിക മന്ത്രിയും അക്കാദമിയും നൽകിയ ഉറപ്പിന്മേലാണ് ഇത്തവണ അദൃശ്യ ജാലകങ്ങൾ മേളയിലേക്ക് നൽകിയത്. എനിക്ക് നൽകിയ വാക്ക് അനുനയമാണോ എന്നറിയില്ല. നടപടിയുണ്ടായില്ലെങ്കിൽ ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
എന്റെ സിനിമ ജീവിതത്തിൽ ഞാനെടുത്ത 14 ചിത്രങ്ങളിൽ ഒരെണ്ണം മാത്രമാണ് മത്സരവിഭാഗത്തിലെത്തിയിട്ടുള്ളത്. അതിൽ ചലച്ചിത്ര അക്കാദമിക്കും ജൂറിക്കും പല ന്യായീകരണങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഐ.എഫ്.എഫ്.കെയിൽനിന്ന് പുറന്തള്ളുകയും പിന്നീട് അതേ സിനിമ ലോകത്തിലെ മറ്റ് പ്രധാന ചലച്ചിത്ര മേളകളിൽ തെരഞ്ഞെടുക്കപ്പെടുമ്പോൾ കാലിഡോസ്കോപ് വിഭാഗത്തിൽ സ്വാഭാവികമായും പ്രദർശിപ്പിക്കാൻ അക്കാദമി നിർബന്ധിതമാവുകയും ചെയ്യുന്നതാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്റെ അനുഭവം. വെയിൽമരങ്ങൾ ഷാങ്ഹായി ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടുമ്പോൾ എന്റെ ചിത്രത്തിനൊപ്പം മത്സരിച്ച് പരാജയപ്പെട്ട ബ്രസീലിയൻ ചിത്രം ‘പക്കാരിറ്റെ’ ഇവിടെ മത്സരവിഭാഗത്തിൽ ഉൾപ്പെടുകയും സുവർണ ചകോരം സ്വന്തമാക്കുകയും ചെയ്തു. വെയിൽമരങ്ങളെ മത്സരവിഭാഗത്തിൽപോലും ഉൾപ്പെടുത്തിയില്ല.
ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കുന്ന സിനിമകൾക്ക് യോഗ്യത വേണമെന്നത് പോലെ തന്നെ അത് തെരഞ്ഞെടുക്കുന്ന ജൂറി അംഗങ്ങൾക്കും യോഗ്യത വേണം. ഈ വർഷം മലയാളം ജൂറി ചെയർമാനായ സംവിധായകൻ മുഖ്യധാര സിനിമ മേഖലയിലെ പ്രധാനിയും തിയറ്റർ വിജയം നേടിയ സിനിമകളുടെ സംവിധായകനുമാണ്. എന്നാൽ നാളിതുവരെ അദ്ദേഹം ഒരു ചലച്ചിത്ര മേളകളിലും പങ്കെടുത്തതായി ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഒരു സിനിമപോലും ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഒരു സിനിമക്ക് പോലും സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടില്ല. ഐ.എഫ്.എഫ്.കെ പോലുള്ള മേളയിൽ അദ്ദേഹത്തെ ജൂറി ചെയർമാനായി വെച്ചതിലെ മാനദണ്ഡം അപ്പോൾ എന്തായിരുന്നു?.
തുടക്കം മുതൽ ഇതിനെതിരെ ശബ്ദിക്കുന്നതുകൊണ്ടാകാം ഇന്ന് എന്റെ സിനിമകൾ അവഗണിക്കപ്പെടുന്നത്. ഒരു സംസ്ഥാന അവാർഡ് പോലും ഇല്ലാത്ത മനുഷ്യനാണ് ഞാൻ. വിമർശിക്കാത്തവർക്കും സംസ്ഥാന പുരസ്കാരങ്ങളും കേരള രാജ്യാന്തര ചലച്ചിത്രമേളയെയും ആവശ്യമുണ്ടാകാം. അവർ ജൂറിയായി പരിഗണിക്കപ്പെടാം, അല്ലെങ്കിൽ പേടിയായിരിക്കാം. അതുമല്ലെങ്കിൽ ഇതേക്കുറിച്ചൊന്നും ബോധവാന്മാരല്ലായിരിക്കാം.
പത്രവാർത്തകളിൽ നിന്നാണ് ഇത്തവണ മേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലമാണെന്ന് അറിഞ്ഞത്. ചലച്ചിത്ര അക്കാദമി നാളിതുവരെ അവരുടെ ബയോഡാറ്റ പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ട്? ഇതിന് മുമ്പ് ഒരു ചലച്ചിത്രമേളപോലും ക്യൂറേറ്റ് ചെയ്ത് പരിചയമില്ലാത്ത വ്യക്തിയാണ് അവരെന്ന് അവരുടെ പ്രൊഫൈലിൽ നിന്നുതന്നെ വ്യക്തമാണ്. ആർട്ടിസ്റ്റിക് ഡയറക്ടർ സ്ഥാനം ഇല്ലായ്മ ചെയ്ത് ഫെസ്റ്റിവൽ ക്യൂറേറ്ററായി ഒരാളെ വെക്കുമ്പോൾ അയാളുടെ യോഗ്യത എന്തെന്നും മുൻപരിചയമെന്തെന്നുമുള്ള ചോദ്യം ആരിൽ നിന്നും ഉണ്ടായില്ലെന്നാണ് അതിശയകരം.
ബീനാപോളും അതിന് ശേഷം ദീപിക സുശീലനും അതിഗംഭീരമായി കൈകാര്യംചെയ്ത പദവിയിലേക്ക് അവരുടെ പകരക്കാരെ വെക്കുമ്പോൾ ഒന്നുമില്ലെങ്കിലും അവർക്കൊപ്പമെങ്കിലും നിൽക്കാൻ കഴിയുന്ന ഒരാളാകണം. ഒരുവിദേശ വനിത വന്നാൽ മേള ലോകോത്തരമാകുമെന്നാണോ അക്കാദമി കരുതുന്നത്. മേളയുടെ മുഖമാണ് ആർട്ടിസ്റ്റിക് ഡയറക്ടർ. ദീപിക സുശീലനെ ഒഴിവാക്കാനുള്ള കാരണം ഇതുവരെ അക്കാദമി വ്യക്തമാക്കിയിട്ടില്ല. ബേല താർ കമ്യൂണിസ്റ്റ് വിരുദ്ധ പ്രസ്താവന നടത്തിയതാണോ?
അതിന് ആർട്ടിസ്റ്റിക് ഡയറക്ടർ എന്തുപിഴച്ചു. അപ്പോൾ ക്രിസ്റ്റഫർ സനൂസിയോ, അദ്ദേഹം പറയുക മാത്രമല്ല, കൃത്യമായി ആന്റി കമ്യൂണിസ്റ്റ് സിനിമകൾ എടുത്ത സംവിധായകനാണ്. ഹിറ്റ്ലറേക്കാളും കൂടുതൽ ക്രൂരതകൾ ചെയ്തവരാണ് കമ്യൂണിസ്റ്റുകളാണെന്ന നിലപാട് സ്വീകരിച്ച വ്യക്തിക്കാണ് ഇത്തവണ ഇടത് സർക്കാർ അജീവനാന്ത പുരസ്കാരം നൽകി ആദരിക്കുന്നത്.
ഗ്ലോറിഫൈഡ് തൃശൂർപൂരമായി ഐ.എഫ്.എഫ്.കെയായി മാറിക്കഴിഞ്ഞു. വെറുമൊരു ആൾക്കൂട്ടം. അതിൽ 20ഓളം പേരെ അക്കാദമി നേരിട്ട് വിദേശത്തുനിന്നും കൊണ്ടുവരുന്നുവെന്നതൊഴിച്ചാൽ 28 വർഷത്തെ മേളകൊണ്ട് മലയാള സിനിമക്കും സമാന്തരസിനിമക്കും എന്ത് ഗുണമാണ് ഉണ്ടായതെന്ന് പരിശോധിക്കൂ. ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ചതിനെ തുടർന്ന് മറ്റൊരു ലോക മേളയിലേക്ക് നേരിട്ട് ക്ഷണിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും മലയാള സിനിമ ഇവിടെ ഉണ്ടായിട്ടുണ്ടോ?
അല്ലെങ്കിൽ ഇവിടെ വന്നിട്ടുള്ള ഫിലിം ബൈയേഴ്സ് ഏതെങ്കിലും ഒരു മലയാള സിനിമയുടെ പകർപ്പവകാശം വാങ്ങിയിട്ടുണ്ടോ?. ഉണ്ടെങ്കിൽ അതിന്റെ രേഖകൾ അക്കാദമി പുറത്തുവിടട്ടേ. വർഷാവർഷം ഇത്തരമൊരു മേള നടത്തുകയെന്നല്ലാതെ മറ്റൊരു ലക്ഷ്യവും അക്കാദമിക്കുണ്ടെന്ന് തോന്നുന്നില്ല.
രണ്ടുവർഷമായി ഇപ്പോൾ ചലച്ചിത്രമേളക്കൊപ്പം ഗാനമേളയും സംഘടിപ്പിക്കുന്നുണ്ട്. മേളക്കും ചലച്ചിത്രപ്രവർത്തകർക്കും സർക്കാർ അനുവദിച്ച ഫണ്ടിൽ നിന്നാണ് ഗാനമേള പോലുള്ള ആഘോഷങ്ങൾ. കാലിഡോസ്കോപ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകർക്ക് പോലും താമസത്തിന് മുറി അനുവദിക്കാതെയാണ് ഇത്തരം ആഘോഷങ്ങൾക്ക് പണം അനുവദിക്കുന്നത്. ഇത്തവണ എനിക്ക് മാത്രമാണ് അക്കാദമി താമസം അനുവദിച്ചത്. സിനിമയുടെ നിർമാതാവിന് ഇല്ല. അതുകൊണ്ട് ഈ ഔദാര്യം ഞാൻ വേണ്ടെന്ന് വെച്ചു. സ്വന്തം ചെലവിലാണ് ഇത്തവണ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.