തമിഴകത്ത് ചുവടുറപ്പിച്ച് മലയാളി ആർട്ട് ഡയറക്ടർ

തിരുവനന്തപുരം : എസ്.ജെ സൂര്യ, ലൈല, നാസർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ആമസോൺ പ്രൈമിൽ ഡിസംബർ രണ്ട് മുതൽ പ്രദർശനം ആരംഭിക്കുന്ന വെബ് സീരീസാണ് 'വതന്തി'. ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന സീരീസ് സംവിധാനം ചെയ്യുന്നത് 'കൊലൈകാരൻ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആൻഡ്രൂ ലൂയിസാണ്.

എന്നാൽ, ഇതേ സീരീസിലെ ക്രൂ ലിസ്റ്റിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു മലയാളി പേരുമുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അരുൺ വെഞ്ഞാറമൂടാണ് അത് . വതന്തിയുടെ പ്രൊഡക്ഷൻ ഡിസൈനറായ അരുൺ വെഞ്ഞാറമൂട് ഒരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള ആർട്ട് ഡയറക്ടറായും പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിക്കുകയാണ്.

നാല്പതോളം സിനിമകളിൽ അസോസിയേറ്റ് ആർട്ട് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള അരുൺ വെഞ്ഞാറമൂട് സ്വന്തന്ത്ര ആർട്ട് ഡയറക്ടറാകുന്നത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'അലമാര' എന്ന സിനിമയിലൂടെയാണ്. തുടർന്ന് ബ്ലോക്ക് ബസ്റ്ററായ ആട് 2 , ഞാൻ മേരിക്കുട്ടി , ഫ്രഞ്ച് വിപ്ലവം , അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് , ജനമൈത്രി , തൃശൂർ പൂരം എന്നിങ്ങനെ നിരവധി സിനിമകളിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു.

തൃശൂർ പൂരത്തിൽ സ്റ്റണ്ട് മാസ്റ്റർ ആയി വന്ന ദിലീപ് മാസ്റ്റർ വഴിയാണ് പുഷ്കർ - ഗായത്രിയുടെ ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ചെയ്ത 'സുഴൽ' എന്ന ബിഗ് ബഡ്ജറ്റ് സീരീസിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്. സുഴലിന് ലഭിച്ച മികച്ച പ്രതികരണമാണ് പുഷ്കർ - ഗായത്രി തന്നെ നിർമിക്കുന്ന 'വതന്തി'യിലേയ്ക്കും അരുൺ വെഞ്ഞാറമൂടിന് അവസരം നേടിക്കൊടുത്തത്.

നിലവിൽ ഷൂട്ടിങ് പുരോഗമിക്കുന്നതും , പൂർത്തിയായതുമായ ഒരുപിടി പ്രോജക്ടുകളാണ് അരുൺ വെഞ്ഞാറമൂടിൻറെ പേരിലുള്ളത്. ശിവകാർത്തികേയൻ നായകനാകുന്ന മഡോണ അശ്വിൻ ചിത്രം 'മാവീരൻ' , ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച 'വാലാട്ടി' , അനൂപ് മേനോൻ - അതിഥി രവി ചിത്രം , ധോണി പ്രൊഡക്ഷൻ നിർമിക്കുന്ന തമിഴ് ചിത്രം അടക്കം നിരവധി ചിത്രങ്ങൾ ഈ പട്ടികയിൽ ഉൾപെടും. 

Tags:    
News Summary - A Malayalee art director with a foothold in Tamil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.