ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിനെ വ്യാഴാഴ്ച രാത്രി ചെന്നൈ ആഴ്വാർപേട്ട കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹസ്വാസ്ഥ്യവും കടുത്ത തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണിത്. എന്നാൽ, രജനികാന്തിനെ വർഷന്തോറും നടത്താറുള്ള പതിവ് മെഡിക്കൽ പരിശോധനക്കായാണ് (കംപ്ലീറ്റ് മെഡിക്കൽ ചെക്കപ്പ്) അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ഭാര്യ ലത രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിശ്ചിത കാലയളവിൽ ചെയ്യുന്ന പതിവ് ഹെൽത്ത് ചെക്കപ്പ് മാത്രമാണിതെന്ന് രജനിയുടെ പബ്ലിസിസ്റ്റ് റിയാസ് കെ. അഹമ്മദും മാധ്യമ പ്രവർത്തകരെ അറിയിച്ചു. രജനി ആശുപത്രിയിലാണെന്ന വാർത്ത രാത്രി സാമുഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ആരാധകരിൽ ആശങ്ക പടർത്തി. ആശുപത്രിക്ക് മുന്നിൽ ആരാധകരും വാർത്താലേഖകരും തടിച്ചുകൂടിയിട്ടുണ്ട്.
ഇന്ത്യയിലെ പരമോന്നത സിനിമ ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങിയതിനുശേഷം കഴിഞ്ഞ ദിവസമാണ് രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ ശ്വാസംമുട്ടലും രക്തസമ്മർദത്തിലെ വ്യതിയാനവും മൂലം രജനിയെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അക്കാലയളവിൽ തന്നെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചത്. എന്നാൽ, അനാരോഗ്യം മൂലം പിന്നീട് ഈ തീരുമാനം മാറ്റുകയും ചെയ്തു. ഈമാസം 25ന് ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തിയ രജനി രാഷ്ട്രപതി റാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. രജനികാന്തിൻ്റെ 'അണ്ണാത്തെ' സിനിമ ദീപാവലി റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.