അമരൻ, റൗഡി ബേബി എന്നീ ചിത്രങ്ങളുടെ സക്‌സസ് പോസ്റ്ററുകളിൽ നിന്ന് സായ് പല്ലവിയെ ഒഴിവാക്കിയെന്ന വിമർശനവുമായി ചിന്മയി ശ്രീപദ. റൗഡി ബേബി എന്ന ഗാനം യൂട്യൂബിൽ 10 ലക്ഷം വ്യൂസ് നേടിയതിന്റെയും അമരൻ എന്ന ചിത്രം 19 ദിവസങ്ങൾക്കുള്ളിൽ തന്നെ 300 കോടി കളക്ഷൻ നേടിയതിന്റെയും പോസ്റ്ററുകൾ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിലാണ് വിമർശനം.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സ്ത്രീ കലാകാരികൾക്ക് ഇപ്പോഴും, ഒരു പുരുഷനുമായി തോളോട് തോൾ ചേർന്ന് സിനിമയുടെ വിജയം ആഘോഷിക്കുന്ന പോസ്റ്ററിൽ ഇടം പിടിക്കാൻ സാധിച്ചില്ലായെന്നാണ് ചിന്മയി വിമർശിക്കുന്നത്.
റൗഡി ബേബി എന്ന ഗാനം പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനംപിടിച്ചത് ധനുഷിനൊപ്പം പാടിയ ധീ എന്ന ഗായികയുടെ ശബ്ദംകൂടെ കാരണമാണ് , എന്നാൽ ഗിറ്റാറുമായി നിൽക്കുന്ന ധനുഷ് മാത്രമാണ് പോസ്റ്ററിലുള്ളത്. മാരി 2, അമരൻ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്‌ത സായ് പല്ലവിയും പോസ്റ്ററുകളിൽ ഇടം നേടിയില്ലെന്നും ചിന്മയി വിമർശിച്ചു.
എന്നാൽ ചിന്മയിയെ പിന്തുണച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തി. ആരാധകർ നിർമിച്ച പോസ്റ്ററാണിതെന്നാണ് ഒരു കൂട്ടരുടെ വാദം. നേരത്തെ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ചിന്മയി മീ ടു ആരോപണം ഉന്നയിച്ചു. തുടർന്ന് വലിയ വിവാദങ്ങൾ ഇതിന്റെ ഭാഗമായി ഉയർന്ന് വന്നിരുന്നു.
ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർ പ്രധാന വേഷത്തിലെത്തിയ അമരൻ 300 കോടിയും കടന്ന് ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. കമൽ ഹാസൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്‌തത് രാജ്‌കുമാർ പെരിയസാമിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.