ബി.ജെ.പിയെ പൊക്കിപറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങുകളുടെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട -ഐഷ സുൽത്താന

​കൊച്ചി: ‘ഫ്ലഷ്' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി സംവിധായിക ഐഷ സുൽത്താന. ബി.ജെ.പിയെ താഴ്ത്തി കെട്ടിയെന്ന കാരണത്താലാണ് പടം പുറത്തിറങ്ങാത്തതെങ്കിൽ താൻ അതങ്ങ് സഹിക്കാമെന്നും ബി.ജെ.പിയെ പൊക്കിപറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങുകളുടെ കൂട്ടത്തിൽ തന്നെ കൂട്ടേണ്ടെന്നും ഐഷ തുറന്നടിച്ചു.

റിലീസിന് തയാറായ സിനിമ, ത​ന്റെ സംഘ്പരിവാർ വിരുദ്ധ നിലപാടുകളുടെ പേരിൽ റിലീസ് ചെയ്യാൻ നിർമാതാവ് വിസമ്മതിക്കുന്നതായി ഐഷ പറഞ്ഞിരുന്നു. സിനിമയിൽ ബി.ജെ.പിയെയും ​കേന്ദ്ര സർക്കാറിനെയും എതിർക്കുന്ന രംഗങ്ങളുണ്ടെന്നും നിർമാതാവ് ബീന കാസിമിന്റെ ഭർത്താവ് ബി.ജെ.പി നേതാവായതിനാൽ പടം പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നുമാണ് ഇവർ വ്യക്തമാക്കിയത്.

‘ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേർന്ന് കുത്തി കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല. നിങ്ങൾ അതിനെ പോസ്റ്റ്‌മോർട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച് മൂടി, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല. നിങ്ങളതിനെ എടുത്ത് മോർച്ചയിൽ വെച്ചോണ്ടിരിക്കുന്നു... ആ മോർച്ചറിയിൽ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങൾ ബന്ധുക്കൾക്ക് വിട്ട് താ... ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ...’ -ഐഷ സുൽത്താന ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ബീനാ കാസിം എന്തൊക്കെ മണ്ടത്തരമാണ് എന്റെ ഫ്രണ്ടിനെ മുൻനിർത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്...?

അഡ്വക്കേറ്റ് ആറ്റബി എന്റെ സുഹൃത്താണ് അവൾക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയിൽ അവൾ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി...

നിങ്ങൾ കെട്ടിചമച്ചു തുപ്പി കൊടുത്ത കഥകളാണ് അവൾ പറഞ്ഞോണ്ടിരിക്കുന്നത്... 🤦🏻‍♀️

1: ഒരു സിനിമ സംവിധായിക സ്ക്രിപ്റ്റ് അനുസരിച്ചു ലൊക്കേഷൻ നോക്കി കഴിഞ്ഞാൽ പിന്നെ ആ ലോക്കഷനിലേക്കുള്ള പെർമിഷൻ എടുക്കാൻ പ്രൊഡക്ക്ഷൻ കൺട്രോളറേയാണ് ഏല്പിക്കാർ...

Flush എന്ന സിനിമയുടെ ലൊക്കേഷൻ ലക്ഷദ്വീപിലെ കവരത്തി, അഗത്തി,മിനികോയി, ബംഗാരം, ചെത്ത്ലാത്ത് എന്നി ദ്വീപുകളിലായിട്ടാണ് ചിത്രികരിക്കാൻ ഉദ്ദേശിച്ചതും പ്രൊഡഷൻ കൺഡ്രോലർ യാസറെ വിളിച്ച് ഞാനത് ഏർപ്പെടുത്തിയതുമാണ്, അവൻ പോയി പെർമിഷൻ വാങ്ങിയതിന്റെ തെളിവുണ്ട് കാരണം അന്ന് ബീന കാസിം എന്ന പ്രൊഡ്യൂസറിന് ഒരു ബാനർ ഉണ്ടായിരുന്നില്ല, അത് കാരണം യാസർ അവന്റെ പേരിൽ രജിസ്റ്റർ ചെയ്ത ബാനറിന്റെ (BigmentHouse production) ലെറ്റർ പാഡിൽ കൂടിയാണ് flush ന്റെ പെർമിഷന് വേണ്ടി അഡ്മിനിക്ക് എഴുതികൊടുത്തത്, എന്നിട്ടിപ്പോ പറയുന്നു ലക്ഷദ്വീപിലെ ബിജെപിയാണ് അതൊക്കെ ചെയ്ത് തന്നതെന്ന്. 😬

നിങ്ങളിൽ ആരെയാണ് ഞാൻ പെർമിഷൻ ചോദിച്ചിട്ടും ഹെൽപ്പ് ചോദിച്ചിട്ടും വിളിച്ചത്? ഒന്ന് പറയാമോ? ബീനാ കാസിമിന്റെ ഭർത്താവ് ബി.ജെ.പി ആയത് കൊണ്ട് സിനിമയെ ബി.ജെ.പി വത്കരിക്കാൻ നിൽക്കണ്ട...

2: പിന്നെ flush എന്ന സിനിമയിൽ കൂടി L.J. P എന്നും പറഞ്ഞ് B.J.P യെ താഴ്ത്തി കെട്ടിയെന്നുള്ളതും ഒരു കാരണമാണെങ്കിൽ അത് ഞാനങ് സഹിച്ചു, കാരണം ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കൂറേ സിംഹവാലൻ കുരങ്ങൻമാർ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട...

ഈ ബീന കാസിം വാ തുറക്കില്ലേ? മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ നിങ്ങൾ തന്നെ മുന്നോട്ടു വരണം...

നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് : ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേർന്ന് കുത്തി കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല, നിങ്ങൾ അതിനേ പോസ്റ്റ്‌മോർട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച് മൂടി, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല നിങ്ങളതിനെ എടുത്ത് മോർച്ചയിൽ വെച്ചോണ്ടിരിക്കുന്നു...

ആ മോർച്ചറിയിൽ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങൾ ബന്ധുക്കൾക്ക് വിട്ട് താ...

ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ...☺️

Full View

‘സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ റിലീസ് ചെയ്യണം’

സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ റിലീസ് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ റിലീസിന് നിർമാതാവ് തയാറല്ലെന്നും ഐഷ സുൽത്താന വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് നിർമാതാവ് ബീന കാസിമിനെ കാണാൻ സാധിച്ചത്. ലക്ഷദ്വീപുകാരനും ബി.ജെ.പി ജനറൽ സെക്രട്ടറിയുമായ ബീന കാസിമിന്‍റെ ഭർത്താവാണ് ലൊക്കേഷനിൽ വന്നിരുന്നത്. അദ്ദേഹം ലൊക്കേഷനിൽ നിന്ന് പോയ ശേഷം നിരവധി പ്രശ്നങ്ങൾ ഉണ്ടായെന്നും ഐഷ പറഞ്ഞു.

ലോക്ഡൗൺ സമയത്താണ് നിർമാതാവുമായി സിനിമയുടെ കാര്യത്തിൽ ധാരണയായത്. നിർമാതാവ് കോഴിക്കോടും താൻ കൊച്ചിയിലും ആയതിനാൽ ഫോണിൽ കൂടി മാത്രമാണ് കാര്യങ്ങൾ സംസാരിച്ചിരുന്നത്. ചിത്രീകരണത്തിനുള്ള അനുവാദം ലഭിച്ചതിന് പിന്നാലെ താൻ ലക്ഷദ്വീപിലേക്ക് പോവുകയും 2021 ഫെബ്രുവരി എട്ടിന് ചിത്രീകരണം തുടങ്ങുകയും ചെയ്തു. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് ബീന കാസിമിനെ കണ്ടതും കരാറിലേർപ്പെട്ടതും.

നിർമാതാവിന്‍റെ ഭർത്താവാണ് ചിത്രീകരണ സമയത്ത് ലൊക്കേഷനിൽ ഉണ്ടായിരുന്നത്. അദ്ദേഹം ലക്ഷദ്വീപിലെത്തി ഒമ്പതാമതത്തെ ദിവസം സിനിമ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. തന്‍റെ സിനിമ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്നതല്ലെന്ന് മറുപടി നൽകി.

പിറ്റേന്ന് മുതൽ ലൊക്കേഷനിലെ സാധനങ്ങളും കൊടി, തോരണങ്ങൾ, ബാനറുകൾ അടക്കമുള്ള പ്രോപ്പർട്ടീസും കാണാതാകാൻ തുടങ്ങി. കൂടാതെ, ദ്വീപിൽ 144 പ്രഖ്യാപിച്ച് ഉപദ്രവിച്ചു. ഇതെല്ലാം തരണം ചെയ്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കരട് നിയമം നടപ്പാക്കുന്ന സാഹചര്യത്തിൽ താൻ ലക്ഷദ്വീപിനെ പിന്തുണച്ച് സംസാരിച്ചതും തന്നെ രാജ്യദ്രോഹിയാക്കി മുദ്രകുത്തിയത് അടക്കമുള്ള സംഭവങ്ങൾ നടന്നതും.

ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് സിനിമയുടെ കഥ കേൾക്കാൻ പറഞ്ഞെങ്കിലും നിർമാതാവ് തയാറായില്ല. കഥ കേൾക്കേണ്ടെന്നും നമ്മുടെ നാടിന് വേണ്ടി സിനിമ ചെയ്യുമ്പോഴല്ലേ താൻ കൂടെ നിൽക്കേണ്ടതെന്നാണ് അന്ന് പറഞ്ഞത്. നിർമാതാവിനോട് യാതൊരു ബഹുമാന കുറവും തനിക്കില്ലെന്നും ഇപ്പോഴത്തെ മാറ്റം എന്താണെന്ന് അറിയില്ലെന്നും ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Aisha sultana against Flush movie producer Beena Kasim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.