കബഡി ഇതിഹാസം അർജുൻ ചക്രവർത്തിയുടെ ജീവിതം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ

 ന്ത്യൻ കബഡി ഇതിഹാസം അർജുൻ ചക്രവർത്തിയുടെ ജീവിതം പറയുന്ന ചിത്രമാണ് 'അർജുൻ ചക്രവർത്തി: ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചർച്ചയാകുന്നു. വിക്രാന്ത രുദ്ര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ രാമരാജുവും സിജ റോസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുർഗേഷ് എന്നിവരാണ് മറ്റുതാരങ്ങൾ.

കൈയിൽ മെഡലും മുഖത്ത് അഭിമാന ഭാവവുമായി സ്റ്റേഡിയത്തിന് നടുവിൽ നില്‍ക്കുന്ന അർജുൻ ചക്രവർത്തിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. 1980-കളിലെ ഒരു ഇന്ത്യന്‍ കബഡി കളിക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങളും കഷ്ടപ്പാടുകളും പ്രതിപാദിക്കുന്നത്.

ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് ശ്രീനി ഗുബ്ബാല പറഞ്ഞത് ഇങ്ങനെ, "അർജുൻ ചക്രവർത്തി വെറുമൊരു സിനിമ മാത്രമല്ല, വെല്ലുവിളികളെ മറികടന്ന് നമ്മെയെല്ലാം പ്രചോദിപ്പിക്കുന്ന വ്യക്തികളുടെ ആത്മസമര്‍പ്പണത്തിനുള്ള ബഹുമതി കൂടിയാണ്. നിശ്ചയദാർഢ്യവും സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കാനുള്ള നിതാന്ത പരിശ്രമവും നിറഞ്ഞ കഥയാണ് അർജുൻ ചക്രവർത്തിയുടേത്. മനുഷ്യരുടെ ഇച്ഛാശക്തിയും വിജയക്കുതിപ്പുമാണ് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്.

ഒരു ടീം എന്ന നിലയിൽ, ഇതുവരെ നേടിയെടുത്തതോര്‍ത്ത് ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു, കൂടാതെ ഈ കഥയ്ക്ക് ജീവാംശം പകര്‍ന്ന അഭിനേതാക്കള്‍, അണിയറപ്രവർത്തകര്‍, മറ്റെല്ലാവരിൽ നിന്നും ഞങ്ങൾക്കു ലഭിച്ച അചഞ്ചലമായ പിന്തുണയ്ക്കും ഏറെ കടപ്പാടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം, സംഗീതം തുടങ്ങി എല്ലാ മേഖലകളും നിര്‍വഹിക്കപ്പെട്ടിരിക്കുന്നത് പ്രേക്ഷകരെ വൈകാരികമായി ആഴത്തില്‍ സ്പര്‍ശിക്കാന്‍ ഉതകും വിധത്തിലാണ്.

അർജുൻ ചക്രവർത്തിയുടെ ശ്രദ്ധേയമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ മനോഹര യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ ഏവരേയും ക്ഷണിക്കുന്നു. പറയപ്പെടേണ്ട ഒരു കഥയാണിത്, ഈ അസാധാരണ യാത്രയുടെ കഥ നിങ്ങള്‍ക്കു മുന്നില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍."

ചിത്രത്തെ കുറിച്ച് സംവിധായകൻ വിക്രാന്ത് രുദ്ര പറഞ്ഞതിങ്ങനെ, "അർജുൻ ചക്രവർത്തിയുടെ സംവിധായകൻ എന്ന നിലയിൽ, ഈ ചിത്രത്തിന് ചുക്കാൻ പിടിക്കാനായത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. അർജുൻ ചക്രവർത്തിയുടെ കഥയെ വെള്ളിത്തിരയില്‍ കൊണ്ടുവരാനുള്ള ഞങ്ങളുടെ സപര്യ വിവരണാതീതമായിരുന്നു.

സമർപ്പണവും, സ്ഥിരോത്സാഹവും, സ്വന്തം കഴിവിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി എന്ന പഴഞ്ചൊല്ലിന്റെ സാക്ഷ്യമാണ് അർജുൻ ചക്രവർത്തിയുടെ ജീവിതം. അർജുൻ ചക്രവർത്തിയുടെ മഹത്വത്തെ ആദരിച്ചുകൊണ്ട്‌ ഈ സിനിമ ഒരുക്കാന്‍ ഒരേ പോലെ ആവേശം കാണിച്ച പ്രതിഭാധനരായ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ഒപ്പം പ്രവർത്തിക്കാനായത് അഭിമാനമാണ്.

അർജുൻ ചക്രവർത്തിയുടെ യാത്രയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും, അദ്ദേഹത്തിന്റെ പച്ചയായ വികാരങ്ങളും വിജയങ്ങളും വെള്ളിത്തിരയില്‍ പകര്‍ത്താനാണ്‌ ഞങ്ങള്‍ ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. തികച്ചും അസാധാരണമാണ് വിജയ് രാമരാജു അവതരിപ്പിക്കുന്ന അർജുൻ ചക്രവർത്തി എന്ന കേന്ദ്രകഥാപാത്രം . അർജുൻ ചക്രവർത്തിയുടെ ആത്മാംശം ഉൾക്കൊള്ളാനായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും പ്രതിബദ്ധതയും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. കഥാപാത്രത്തെ ആധികാരികമായും പൂര്‍ണ്ണമായും ഉൾക്കൊള്ളാനായി എട്ട് വിപുലമായ ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷനുകളിലൂടെയാണ് വിജയ്‌ കടന്നുപോയത്. അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരെ പ്രചോദനം കൊള്ളിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

പ്രൊഡക്ഷൻ ക്രൂ മുതൽ ആർട്ട് ഡിപ്പാർട്ട്‌മെന്റ് വരെയുള്ള ഞങ്ങളുടെ ടീമിലെ ഓരോ അംഗവും നടത്തിയ അശ്രാന്തപരിശ്രമത്തെയോര്‍ത്ത് വളരെയേറെ അഭിമാനമുണ്ട്. അവരുടെ അഭിനിവേശവും കഠിനാധ്വാനവുമാണ് ഈ ചിത്രത്തെ ഇന്നുള്ള നിലയിലേക്ക് രൂപപ്പെടുത്താന്‍ സഹായിച്ചത്. അർജുൻ ചക്രവർത്തിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ അതില്‍ പങ്കുചേരാന്‍ നിങ്ങള്‍ ഓരോരുത്തരെയും ഞാന്‍ ക്ഷണിക്കുന്നു. കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സ്വപ്‌നങ്ങള്‍ നേടിയെടുക്കാനുള്ള അചഞ്ചലമായ പരിശ്രമത്തിന്റെയും കഥയാണ് അര്‍ജുന്‍ ചക്രവര്‍ത്തി. ഈ സിനിമാ സപര്യയുടെ ഭാഗമായതിന് നന്ദി."

തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന 'അർജുൻ ചക്രവർത്തി' അവ കൂടാതെ ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും പ്രദർശനത്തിനെത്തുന്നുണ്ട്. ജഗദീഷ് ചീക്കട്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് വിഘ്നേഷ് ഭാസ്കരൻ സംഗീതം നൽകുന്നു. സുമിത് പട്ടേൽ കലാസംവിധാനവും പ്രദീപ് നന്ദൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Tags:    
News Summary - Arjun Chakravarthy First Look: Pride and Happiness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.