ദുബൈ: തെറി വിറ്റ് കാശാക്കാൻ ഉദ്ദേശിച്ചല്ല 'ചുരുളി' സിനിമ ചെയ്തതതെന്നും സിനിമയുടെ കഥ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങളെന്നും നടൻ ചെമ്പൻ വിനോദ് ജോസ്. ചുരുളി സിനിമയെ പറ്റി ഉയരുന്ന വിവാദങ്ങളെ കുറിച്ച് ദുബൈയിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. ചുരുളിയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ചെമ്പൻ വിനോദാണ്. ആ സിനിമയിലെ കഥാപാത്രങ്ങൾ കുറ്റവാളികളാണ്. കുറ്റവാളികൾ താമസിക്കുന്ന സ്ഥലത്തുള്ളവർ പ്രാർഥിച്ച് ഭക്ഷണം കഴിച്ച് ജീവിക്കുന്നവരായിരിക്കില്ല. അവർക്ക് അവരുടേതായ രീതിയുണ്ടാകും. അതാണ് സിനിമയിൽ ചിത്രീകരിച്ചത് -അദ്ദേഹം വ്യക്തമാക്കി.
സിനിമ തുടങ്ങുമ്പാൾ തന്നെ മുതിർന്നവർക്ക് കാണാനുള്ളതാണെന്ന് എഴുതിക്കാണിക്കുന്നുണ്ട്. കുട്ടികളെ പറ്റി ആശങ്കപ്പെടുന്നവർ ഇത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടത്. നിയമാനുസൃതമായാണ് സിനിമ പ്രദർശനത്തിനെത്തിയത്. വിരൽതുമ്പിൽ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോൾ ഈ തലമുറയെ ചുരുളി എന്ന സിനിമയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ നശിക്കുകയില്ല. അങ്ങനെ നശിക്കുന്നവരാണെങ്കിൽ ആ തലമുറയെ കൊണ്ട് പ്രയോജനമില്ലെന്നാണ് എനിക്ക് തോന്നുന്നത്. സിനിമ കാണാനും കാണാതിരിക്കാനും ഒപ്ഷനുണ്ട്. ചിലരെങ്കിലും അശ്രദ്ധമായി കുടുംബത്തോടൊപ്പം കണ്ട് പ്രയാസപ്പെട്ടവരുണ്ട് എന്നതിൽ വിഷമമുണ്ട് -ചെമ്പൻ വിനോദ് വ്യക്തമാക്കി.
'ഭീമെൻറ വഴി' എന്ന പുതിയ സിനിമയുടെ യു.എ.ഇയിലെ പ്രദർശനത്തിൽ പങ്കെടുക്കാനാണ് ചെമ്പൻ വിനോദ് ദുബൈയിലെത്തിയത്. ദേരയിലെ അൽ ഗുറൈർ സെൻററിൽ നടന്ന പ്രദർശനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ കുഞ്ചാക്കോ ബോബൻ, സംവിധായകൻ അഷ്റഫ് ഹംസ, ആശിഖ് അബു, റിമ കല്ലിങ്കൽ, നടൻ ജിനു ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.