ടൊവിനോ തോമസ് നായകനായെത്തിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി, 'മിന്നൽ മുരളി' യൂണിവേഴ്‌സിൽ സിനിമ ചെയ്യുന്നത് വിലക്കി കോടതി. ധ്യാൻ ശ്രീനിവാസൻ ചിത്രം 'ഡിറ്റക്ടീവ് ഉജ്വലൻ' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിലക്ക്. 'മിന്നൽ മുരളി'യുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ സമർപ്പിച്ച പരാതിയിന്മേലായിരുന്നു കോടതിയുടെ നടപടി.'ഡിറ്റക്ടീവ് ഉജ്വലൻ' എന്ന സിനിമയുടെ നിർമ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിനാണ് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ 'മിന്നൽ മുരളി' സിനിമയെ സംബന്ധിച്ച കോപ്പി റൈറ്റ് പോളിസികൾ ലംഘിക്കപെടാൻ പാടില്ലെന്നാണ് അറിയിപ്പിൽ പറയുന്നത്. 'ഡിറ്റക്ടീവ് ഉജ്വലന്റെ' നിർമ്മാതാവായ സോഫിയ പോൾ, നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
'മിന്നൽ മുരളി'യിലെ ബ്രൂസ് ലീ ബിജി, ജോസ്മോൻ, പി.സി. സിബി പോത്തൻ, എസ്. ഐ. സാജൻ തുടങ്ങിയ കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ വാണിജ്യപരമായോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്ന നിർദ്ദേശത്തോടെയാണ് കോടതി ഉത്തരവ്. എറണാകുളം ജില്ലാ കോടതിയാണ് പരാതിയിന്മേൽ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 'മിന്നൽ മുരളി യൂണിവേഴ്സിന്' രൂപം നൽകുമെന്ന് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ സാരഥിയായ സോഫിയ പോൾ നേരത്തെ പറഞ്ഞിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2021 ൽ പുറത്തുവന്ന ചിത്രമാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സെപ്റ്റംബർ 3ാം തിയ്യതിയാണ് 'ഡിക്ടറ്റീവ് ഉജ്വലൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മിന്നൽ മുരളിയുടെ കഥ നടക്കുന്ന 'കുറുക്കൻ മൂല' എന്ന സ്ഥലത്തിന്റെ റെഫറൻസ് 'ഡിക്ടറ്റീവ് ഉജ്വല'ന്റെ ടൈറ്റിൽ ടീസറിലും ഉണ്ടായിരുന്നു. അതിന് ശേഷം 'മിന്നൽ മുരളി' യൂണിവേഴ്‌സിൽ ഉൾപ്പെട്ട സിനിമയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ നടന്നു. ഇന്ദ്രനീൽ ഗോപികൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് 'ഡിക്ടറ്റീവ് ഉജ്വലൻ' സംവിധാനം ചെയ്യുന്നത്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.