ക്ലച്ച് പിടിക്കാതെ കട്പുത്‍ലിയും; കഷ്ടകാലം വിട്ടുപോകാതെ അക്ഷയ് കുമാർ

ബോളിവുഡിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്ന നടൻ അക്ഷയ് കുമാറിന്റെ പുതിയ ചിത്രവും പ്രതീക്ഷ നൽകുന്നില്ലെന്ന് നിരൂപകർ. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം സിനിമക്ക് മോശം അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യൻ എക്സ്പ്രസ്, ദി പ്രിന്റ്, ഫിലിം കംപാനിയൻ, ദി ഹിന്ദു തുടങ്ങി ദേശീയമാധ്യമങ്ങൾ സിനിമ വിചാരിച്ച ഫലം കാഴ്ച്ചക്കാരിൽ ഉണ്ടാക്കുന്നില്ലെന്ന് എഴുതുന്നു. ദക്ഷിണേന്ത്യയിൽ സൂപ്പർഹിറ്റായ രാക്ഷസൻ എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയിരുന്നിട്ടുകൂടി സിനിമ ഫലമുണ്ടാക്കാത്തത് അക്ഷയിന് തിരിച്ചടിയാണ്.

ബോക്സ് ഓഫീസിലെ പരാജയഭീതി കാരണം കട്പുത്‍ലി ഒ.ടി.ടി റിലീസ് ആയാണ് പുറത്തുവന്നത്. 100 കോടിയാണ് സിനിമയുടെ നിർമാണ ചിലവ്. നല്ലൊരു മർഡർ മിസ്റ്ററി സിനിമയായ രാക്ഷസന്റെ സ്ട്രക്ചർ കൈവശമുണ്ടായിട്ടും സിനിമ മോശം അഭിപ്രായം ഉണ്ടാക്കിയത് അക്ഷയ് ഉൾപ്പടെയുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. അസീം അറോറയുടെ രചനയിൽ രഞ്ജിത് തിവാരി സംവിധാനം ചെയ്‌ത സിനിമ സീരിയൽ കില്ലറുടെ കഥയാണ് പറയുന്നത്. ​

കട്പുത്‍ലിയിലെ തമാശകൾ മുതൽ ഡയലോഗ് ഡെലിവറി വരെ മോശമെന്നാണ് നിരൂപകർ പറയുന്നത്. 54 കാരനായ അക്ഷയ് സിനിമയിൽ 36 വയസുള്ള നായകനായാണ് എത്തുന്നത്. നായികയായ രാകുൽ പ്രീത് സിങിനൊപ്പമുള്ള നടന്റെ പ്രണയ രംഗങ്ങളും സിനിമയിലെ പാട്ടും ഡാൻസുമെല്ലാം വിമർശന വിധേയമാകുന്നുണ്ട്. ഒരു ത്രില്ലർ സിനിമയിൽ എന്തിനാണ് ഇത്തരം പാട്ടും ഡാൻസുമെല്ലാം എന്ന് ചോദിക്കുന്നവരുമുണ്ട്.


അക്ഷയ് സിനിമകളുടെ നഷ്ടം 500 കോടിക്കുമുകളിൽ

ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായ മേഖലയായ ബോളിവുഡിനെ സംബന്ധിച്ചിടത്തോളം ഇത് മോശം കാലമാണ്. അക്ഷയ് കുമാറിന്റെ ചിത്രങ്ങളാണ് പരാജയ സിനിമകളിൽ വലിയൊരു വിഭാഗം. സമ്രാട്ട് പൃഥ്വിരാജ്, ബച്ചൻ പാണ്ഡേ, രക്ഷാബന്ധൻ എന്നീ സിനിമകൾ ഈ വർഷം പരാജയം രുചിച്ചിരുന്നു. അതിലേക്കാണ് ഇപ്പോൾ കട്പുത്‍ലിയും ചേരുന്നത്.

'എന്റെ സിനിമകൾ വിജയിക്കുന്നില്ലെങ്കിൽ അത് ഞങ്ങളുടെ തെറ്റാണ്, അത് എന്റെ തെറ്റാണ്. എനിക്ക് മാറ്റങ്ങൾ വരുത്തണം. പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് ഞാൻ മനസ്സിലാക്കണം. എന്റെ പ്രവർത്തന രീതി പൊളിച്ചെഴുതണം, എങ്ങനെയുള്ള സിനിമകളാണ് ഞാൻ ചെയ്യേണ്ടതെന്ന് ചിന്തിക്കണം. എന്നെയല്ലാതെ മറ്റാരും കുറ്റപ്പെടുത്തേണ്ടതില്ല' -അക്ഷയ് കുമാർ തന്റെ തുടർച്ചയായ പരാജയങ്ങളെപ്പറ്റി പറയുന്നു.

ശതകോടികൾ വാരാമെന്ന് മോഹിച്ചു നിർമിച്ച വമ്പൻ ചിത്രങ്ങളെല്ലാം വൻ പരാജയങ്ങളായതോടെ ബോളിവുഡിന്റെ സഞ്ചിത നഷ്ടം ആയിരം കോടി കടന്നിരുന്നു. 2019ൽ ബോളിവുഡ് സിനിമകൾ കൊയ്തെടുത്ത വാർഷിക വരുമാനം ഏകദേശം 4392 കോടി രൂപയായിരുന്നു. ഈ വർഷം പരമാവധി വരുമാനം 3400 കോടി രൂപയിൽ ഒതുങ്ങുമെന്നാണു വിലയിരുത്തൽ. നഷ്ടം 1000 കോടിയോളമാണ്. ഇതിൽ പകുതിയും അക്ഷയ് കുമാർ സിനിമകൾ കാരണമാണെന്നതാണ് ദയനീയമായ കാര്യം.

Tags:    
News Summary - ‘Cuttputlli’ is among the worst of Akshay Kumar's career, which takes some doing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.