കോവിഡ് ചികിത്സയിലെ മരുന്ന് പ്രതിസന്ധിയെ കുറിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡ് നടൻ സോനു സൂദ് പുലിവാലു പിടിച്ചു. ഡോക്ടർമാരുടെ ഭാഗത്തു നിന്ന് വിമർശനം ശക്തമായതോടെ ഡോക്ടർമാരെ പുകഴ്ത്തി ഒരു ട്വീറ്റ് കൂടി ചെയ്ത് തൽകാലം രംഗം ശാന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
കോവിഡ് ചികിത്സയിലെ മരുന്ന് ദൗർലഭ്യതയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് സോനു ട്വീറ്റ് ചെയ്തത്. 'ലളിതമായ ഒരു ചോദ്യം. ഒരു പ്രത്യേക മരുന്ന് എവിടെയുമില്ലെന്ന് എല്ലാവർക്കുമറിയാം. പിന്നെ എന്തിനാണ് എല്ലാ ഡോക്ടർമാരും അതേ മരുന്ന് തന്നെ കുറിപ്പടിയിൽ എഴുതുന്നത്. ആശുപത്രികൾക്ക് പോലും കിട്ടാത്ത മരുന്ന് എങ്ങിനെയാണ് സാധാരണക്കാർക്ക് കിട്ടുക. എന്തുകൊണ്ടാണ് അതിനൊരു ബദൽ ഉപയോഗിച്ച് ജീവൻ രക്ഷിക്കാത്തത്' -ഇതായിരുന്നു സോനുവിെൻറ ട്വീറ്റ്.
അഭിനയിക്കാൻ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കുന്നില്ലല്ലോ, ചികിത്സിക്കാൻ നിങ്ങൾ ഞങ്ങളെയും പഠിപ്പിക്കേണ്ട എന്നാണ് ഒരു ഡോക്ടർ സോനുവിന് മറുപടി നൽകിയത്. എല്ലാത്തിനും പകരം മറ്റൊന്ന് കണ്ടെത്താനാകില്ലെന്നും ചിലർ വിശദീകരിച്ചു. ആളുകൾക്കിടയിൽ അനാവശ്യമായ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് സോനുവിനെ പോലെ വൈദ്യശാസ്ത്ര മേഖലയിൽ അറിവില്ലാത്തവരുടെ പ്രസ്താവനകൾ കാരണമാകുക എന്നാണ് ചില ഡോക്ടർമാർ ചൂണ്ടികാട്ടിയത്.
എതിർപ്പ് ശക്തമായതോടെ ഡോക്ടർമാരെ പുകഴ്ത്തി ട്വീറ്റ് ചെയ്താണ് സോനു രംഗം ശാന്തമാക്കിയത്. 'ഒരു കാര്യം ഉറപ്പാണ്, ഡോക്ടർമാർ ഉള്ളതുകൊണ്ടാണ് നമ്മളൊക്കെ ഉള്ളത്' -ഇതായിരുന്നു സോനുവിെൻറ രണ്ടാമത്തെ ട്വീറ്റ്. ഇൗ ട്വീറ്റ് ക്ഷമാപണത്തിന് തുല്യമാണെന്നും കൂടുതൽ ചർച്ചകൾ വേണ്ടെന്നും വിശദീകരിച്ച് പിന്നീട് ഡോക്ടർമാർ തന്നെ രംഗത്തെത്തി.
കോവിഡ് വ്യാപനം ആരംഭിച്ച കാലം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സോനു സൂദ്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്ത് അതിഥിതൊഴിലാളികൾക്ക് സംരക്ഷണമൊരുക്കിയും മറ്റും വാർത്തകളിൽ നിറഞ്ഞിരുന്നു താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.