മമ്മൂട്ടി, പൃഥ്വിരാജ്, ഉർവശി, പാർവതി...ആരൊക്കെയാകും ജേതാക്കൾ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് 12ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 54ാമത് പുരസ്‌കാരമാണ് പ്രഖ്യാപിക്കുക. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരും ജൂറി അംഗങ്ങളാണ്.

മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി തുടങ്ങിയ പ്രധാന പുരസ്കാരങ്ങള്‍ക്ക് വാശിയേറിയ പോരാട്ടമാണ്. 160ലേറെ ചിത്രങ്ങള്‍ പുരസ്കാര നിര്‍ണയത്തിനായി എത്തിയെങ്കിലും പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവര്‍ അധ്യക്ഷരായ പ്രാഥമിക ജൂറിയുടെ വിലയിരുത്തലിനെ തുടർന്ന് 70 ശതമാനം ചിത്രങ്ങളും ഒഴിവാക്കി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്.

Full View

മികച്ച ചിത്രത്തിനായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതല്‍ ദ കോര്‍, കണ്ണൂര്‍ സ്ക്വാഡ്, 2018...എവരി വണ്‍ ഈസ് എ ഹീറോ തുടങ്ങിയവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഈ ചിത്രങ്ങളിലൂടെ ക്രിസ്റ്റോ ടോമി, ബ്ലസ്സി, ജിയോ ബേബി, റോബി വര്‍ഗീസ് രാജ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവര്‍ മികച്ച സംവിധായകരാകാന്‍ മത്സരിക്കുന്നു.

മികച്ച നടനാകാന്‍ കാതലിലെയും കണ്ണൂർ സ്ക്വാഡിലെയും പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടി നേരത്തെ ആറുതവണ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്കായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം. വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു തവണ നേടിയിട്ടുണ്ട്. പാര്‍വതി, ഉര്‍വശി എന്നിവരാണ് മികച്ച നടിക്കായി സജീവ പരിഗണനയിലുള്ളവർ. ഉർവശി നേരത്തെ അഞ്ചുതവണ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015ലും ടേക്ക് ഓഫിലൂടെ 2017ലും പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.

Tags:    
News Summary - Mammootty, Prithviraj, Urvashi, Parvathy...who will be the winners; State film award announcement tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.