തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി) ഭരണസമിതി അംഗത്വം സംവിധായകൻ ഡോ. ബിജു രാജിവെച്ചു. കേരള രാജ്യാന്തര ചലച്ചിത്ര മേളയോനുബന്ധിച്ച് കെ.എസ്.എഫ്.ഡി.സി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് സൂചന.
മറ്റു ലോക ചലച്ചിത്ര മേളകളിലെപ്പോലെ കേരളത്തിലും സംവിധായകർക്കായി ഫിലിം മാർക്കറ്റിങ് ആരംഭിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട സംവിധായകനാണ് ഡോ. ബിജു. ഇതുസംബന്ധിച്ച നിർദേശങ്ങൾ ബിജു നേരത്തേ കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുണിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മേളയിൽ ഫിലിം മാർക്കറ്റിങ് ആരംഭിച്ചെങ്കിലും ഇക്കാര്യത്തിൽ കെ.എസ്.എഫ്.ഡി.സി ബിജുവുമായി കൂടിയാലോചന നടത്തിയിട്ടില്ല. പകരം ഫിലിം മാർക്കറ്റ് എന്ന പേരിൽ ‘തട്ടിക്കൂട്ട്’ പരിപാടിയുമായി മുന്നോട്ടുപോകുന്നെന്നാണ് ആരോപണം.
അതേസമയം, രാജിയെക്കുറിച്ച് പ്രതികരിക്കാൻ ബിജു തയാറായില്ല. രാജിക്കുള്ള കാരണം വ്യക്തമാക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും കുറച്ചു ദിവസമായി ഇതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ബിജുകൂടി പങ്കെടുക്കേണ്ട പരിപാടിയാണ് ഫിലിം മാർക്കറ്റിങ്ങെന്നും ഇതുസംബന്ധിച്ച് താൻ അദ്ദേഹമടക്കം എല്ലാ അംഗങ്ങൾക്കും ഇ-മെയിൽ സന്ദേശം കൈമാറിയിരുന്നെന്നും കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ അറിയിച്ചു. രാജി സംബന്ധിച്ച കാര്യം ബിജു പറഞ്ഞിട്ടില്ല. വിവരം മാധ്യമപ്രവർത്തകരിലൂടെയാണ് അറിഞ്ഞതെന്നും ഷാജി എൻ. കരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.