ഇന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ ചിത്രമായിരുന്നു മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. 2013ൽ പുറത്ത് ഇറങ്ങിയ ചിത്രം മലയാളത്തിൽ വൻ വിജയമായതോടെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും റിലീസ് ചെയ്തു. മലയാളത്തിൽ മോഹൻലാൽ കൈകാര്യം ചെയ്ത വേഷം തമിഴിൽ കമൽ ഹാസനും ഹിന്ദിയിൽ അജയ് ദേവ് ഗണുമായിരുന്നു അവതരിപ്പിച്ചത്. മറ്റുഭാഷകളിലും മികച്ച സാമ്പത്തിക നേട്ടം സ്വന്തമാക്കാൻ ചിത്രത്തിനായി. ദൃശ്യം രണ്ടാംഭാഗവും മലയാളത്തിലേത് പോലെ ഹിന്ദിയിലും വൻ വിജയമായിരുന്നു.
ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുകയാണ്. ഹിന്ദിയിലും മലയാളത്തിലും ചിത്രം ഒന്നിച്ചെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്തയെ തള്ളി അണിയറപ്രവർത്തകർ എത്തിയിരിക്കുകയാണ്. ദൃശ്യം മൂന്നിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
'ദൃശ്യ മൂന്നാം ഭാഗത്തിന്റെ കഥയുമായി പലരും സംവിധായകൻ ജീത്തു ജോസഫിനെ സമീപിക്കുന്നുണ്ട്. രണ്ടാംഭാഗം ആലോചിച്ചപ്പോൾ പറഞ്ഞത് പോലെ പുറത്തുനിന്നുള്ള ആളുകളുടെ കഥ അണിയറപ്രവർത്തകർ പരിഗണിക്കുന്നില്ല. സംവിധായകൻ മൂന്നാംഭാഗത്തിനായി ശ്രമിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ച് സൂചന കൊടുക്കാൻ പോലും ഇപ്പോഴായിട്ടില്ല. എന്നാൽ പുറത്ത് പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണ്. അങ്ങനെയൊരു തീരുമാനം അണിയറപ്രവർകത്തകർ എടുത്തിട്ടില്ല'- ദൃശ്യത്തിന്റെ അണിയറപ്രവർത്തകരെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് ദൃശ്യം മൂന്നിനെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടത്. ബോളിവുഡ് ദൃശ്യം 2 ന്റെ സംവിധായകൻ അഭിഷേ പഥക് ഒരു ആശയവുമായി ജീത്തു ജോസഫിനെ സമീപിച്ചെന്നും ഇത് ഇഷ്ടമായെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും സംവിധായകൻ മൂന്നാം ഭാഗത്തിന്റെ കഥ രൂപപ്പെടുത്തുക. അടുത്ത വർഷത്തോടെ ചിത്രം ആരംഭിക്കുമെന്നും വാർത്ത പ്രചരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.