റൈഫിൽ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ അഭിനയ രംഗത്തേക്ക് പ്രവേശിച്ചയാളാണ് പ്രശംസ സംവിധായകൻ അനുരാഗ് കശ്യപ്. ബോളിവുഡ് സിനിമകൾ തനിക്ക് പറ്റിയതല്ലെന്നും ദക്ഷിണേന്ത്യൻ ചിത്രങ്ങളോടാണ് താത്പര്യമെന്നും കശ്യപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ അനുരാഗ് കശ്യപ് മലയാള സിനിമയെക്കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
താരങ്ങളും അവരുടെ ആരാധകവൃന്ദവും മലയാള സിനിമയെ യാതൊരു വിധത്തിലും ബാധിക്കാറില്ലെന്നും എന്നാൽ ബോളിവുഡിൽ ഓരോ താരങ്ങളും അവരുടെ ആരാധകരെക്കുറിച്ച് വളരെയധികം കണ്‍സേണാണെന്നും കശ്യപ് പറഞ്ഞു. അതോടൊപ്പം മമ്മൂട്ടി ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ ബോളിവുഡിൽ ആരും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
'താരങ്ങളും അവരുടെ ആരാധകവൃന്ദവും മലയാള സിനിമയെ യാതൊരു വിധത്തിലും ബാധിക്കാറില്ല. എന്നാൽ ബോളിവുഡിൽ ഓരോ താരങ്ങളും അവരുടെ ആരാധകരെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നവരാണ്, അതിനാൽ തന്നെ വ്യത്യസ്തമായ എന്തെങ്കിലും കഥ ചെയ്യുന്നതിന് മുന്നേ താരങ്ങളുടെ ഏജൻസികൾ കഥ പരിശോധിക്കും. കഥയുടെ മൂല്യത്തെക്കുറിച്ച് അവർ ബോധവാന്മാരല്ല, മറിച്ച് താരങ്ങളുടെ വാല്യൂ കുറയാതെ നോക്കുക എന്നതാണ് അവർ ചെയ്യുന്നത്.
ബോളിവുഡിലെ ഏതെങ്കിലും ഒരു സൂപ്പർതാരത്തിന്റെ അടുത്തേക്ക് ഏതെങ്കിലും കഥയുമായി ചെല്ലുമ്പോള്‍ ഈ ഏജന്‍സിയാണ് അത് ആദ്യം വായിക്കുക. ഓരോ സീനും വര്‍ക്കാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് അവരാണ്. എന്നാല്‍ മലയാള സിനിമയിൽ അങ്ങനെയല്ല. ഫാന്‍ ബേസും സ്റ്റാര്‍ സിസ്റ്റവും ഇവിടെയും ഉണ്ട്. എന്നാൽ അതൊന്നും സിനിമയുടെ ഉള്ളിലേക്ക് വരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണവും അത് തന്നെയാണ്.
മമ്മൂട്ടി ചെയ്യുന്ന സിനിമകൾ നോക്കൂ, എത്ര ബോളിവുഡ് നടൻമാർ ചെയ്യും അതൊക്കെ? അദ്ദേഹം ചെയ്യുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത് അങ്ങനെയാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ആരാധകരും അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്,' അനുരാഗ് കശ്യപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.