ബംഗളൂരു: ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമ-സാമൂഹിക പ്രവർത്തക ഗൗരി ലങ്കേഷ് അഭിനയിച്ച അവസാന സിനിമ ‘ജോർദൻ’ ജനുവരി 30ന് പുറത്തിറങ്ങും. ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച് അഞ്ചു വർഷം കഴിയുമ്പോഴാണ് സിനിമ പുറത്തിറങ്ങുന്നത്.
വിനോദ് ദയാലൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഒരു സന്നദ്ധ സംഘടന സ്ഥാപകയായ ലക്ഷ്മി ശ്രീവത്സ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. സമൂഹത്തിന്റെ താഴെക്കിടയിൽ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾക്കായി പ്രവർത്തിക്കുന്ന ലക്ഷ്മി ശ്രീവത്സ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ തുടങ്ങുന്നു.
ചേരിയിൽ കഴിയുന്ന മൈക്കൽ എന്ന 12 വയസ്സുകാരന്റെ ജീവിതത്തിലൂടെ മുന്നോട്ടുനീങ്ങുന്ന സിനിമ പല സാമൂഹിക അവസ്ഥകളെയും നേരിൽ ചിത്രീകരിക്കുന്നു. മുമ്പ് ‘മരളി മനേഗി’ എന്ന ചിത്രത്തിൽ ഗൗരി ലങ്കേഷ് അഭിനയിച്ചിരുന്നു. ജോർദൻ ഗൗരിയുടെ രണ്ടാമത്തെയും അവസാനത്തെയും ചിത്രമാണ്. 2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത് ഗൗരി ലങ്കേഷ് ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഈ കേസിൽ പ്രത്യേക കോടതിയിൽ വിചാരണ നടന്നുവരുകയാണ്.
ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് സംവിധായികകൂടിയാണ്. ഗൗരിയുടെ ജീവിതത്തെ ആസ്പദമാക്കി കവിത ലങ്കേഷ് ഡോക്യുമെന്ററി ഒരുക്കിയിരുന്നു.
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരെ കുറിച്ച് ഡോക്യുമെന്ററി തയാറാക്കാൻ നെതർലൻഡ്സിലെ ഫ്രീപ്രസ് അൺലിമിറ്റഡ് അന്താരാഷ്ട്ര തലത്തിൽ തിരഞ്ഞെടുത്ത നാലുപേരിൽ ഒരാളാണ് കവിത ലങ്കേഷ്. ഡോക്യുമെന്ററി അന്താരാഷ്ട്ര തലത്തിൽ പ്രദർശിപ്പിക്കുകയാണ് കവിതയുടെ ലക്ഷ്യം. ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷും സിനിമാരംഗത്താണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.