ബിരിയാണി എന്ന സിനിമയുടെ രാഷ്ട്രീയവുമായി തനിക്ക് യോജിപ്പില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ചിത്രം ചെയ്തതെന്നുമുള്ള നടി കനി കുസൃതിയുടെ വാക്കുകളെ വിമർശിച്ച് നടൻ ഹരീഷ് പേരടി. നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയമെന്നും അല്ലാതെ രാഷ്ട്രീയം, പണവും പ്രശസ്തിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ‘ബിരിയാണി’ സിനിമ ചെയ്തത് ജീവിക്കാൻ വേണ്ടിയാണെന്നു പറഞ്ഞ കനി, സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലാണ്? ആ സിനിമയുടെ അവാർഡ് വേണ്ടന്നുവെക്കലായിരുന്നു യഥാർഥ രാഷ്ട്രീയമെന്നും കൂട്ടിച്ചേർത്തു.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി ‘ബിരിയാണി’ എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നൂറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു. പക്ഷേ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ‘ബിരിയാണി’ എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു? കടുത്ത രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്നു വയ്ക്കലായിരുന്നു യഥാർഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം. അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു. ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ട് ‘ബിരിയാണി’ എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനെയും കുപ്പ തൊട്ടിയിൽ തള്ളിയതുപോലെയായി.നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രീയം, പണവും പ്രശസ്തിയും നിറയ്ക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല. ആശംസകൾ–ഹരീഷ് പേരടി കുറിച്ചു.
ബിരിയാണി എന്ന സിനിമയുടെ രാഷ്ട്രീയവുമായി തനിക്ക് യോജിപ്പില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് സിനിമ ചെയ്തതെന്നും കനി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അന്ന് തന്റെ കൈയിൽ മൂവായിരം രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ചിത്രത്തിന്റെ പ്രതിഫലം മാത്രം ഓർത്താണ് സിനിമ തെരഞ്ഞെടുത്തതെന്നും കനി പറഞ്ഞു.
അതേസമയം കാൻ ചലച്ചിത്രമേളയിലെ ഇന്ത്യൻ സിനിമയായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാൻ താൻ സംവിധാനം ചെയ്ത ബിരിയാണി എന്ന സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചർച്ച ഉപയോഗിക്കരുത് എന്ന് കഴിഞ്ഞ ദിവസം സംവിധായകൻ സജിൻ ബാബുവും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.