തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെ ഫെബ്രുവരിയിൽ നടക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അറിയിച്ചു. കോവിഡിന്‍റെ സാഹചര്യത്തിൽ നാല് മേഖലകളിലായാണ് മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. 2020 ഡിസംബറിൽ നടക്കേണ്ട മേളയാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്.
തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെ, എറണാകുളത്ത് 17 മുതൽ 21 വരെ, തലശ്ശേരിയിൽ 23 മുതൽ 27 വരെ, പാലക്കാട്ട് മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ എന്നിങ്ങനെയാണ് മേള നടക്കുന്നക. ഓരോ മേഖലയിലെയും അഞ്ച് തിയറ്ററുകളിലായി അഞ്ച് ദിവസങ്ങളിൽ മേള നടക്കും. ഓരോ തിയറ്ററിലും 200 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും നടക്കും. ഉദ്ഘാടന, സമാപന ചടങ്ങിൽ പരമാവധി 200 പേർ മാത്രമേ ഉണ്ടാകൂ. മീറ്റ് ദ ഡയറക്ടർ, പ്രസ് മീറ്റ്, മാസ്റ്റർ ക്ലാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയായിരിക്കും. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കില്ല.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക സിനിമ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയിൽ ഉണ്ടായിരിക്കും. ഓരോ മേഖലയിലും ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയ എല്ലാ സിനിമകളും പ്രദർശിപ്പിക്കും. ഒരു ദിവസം ഒരു തിയറ്ററിൽ നാല് ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദർശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനങ്ങൾ വീതവും ആയിരിക്കും ഉണ്ടാവുക.
കഴിഞ്ഞവർഷം ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിൽ പെട്ടവർക്ക് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമായിരുന്നു. എന്നാൽ ഈ വർഷത്തെ സാഹചര്യം കണക്കിലെടുത്ത് ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമായി കുറച്ചു. തങ്ങളുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ സംഘടിപ്പിക്കുന്ന മേളയിൽ തന്നെ പ്രതിനിധികൾ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്തണം.
തിയറ്ററുകളിലേക്ക് പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പർ അടക്കം റിസർവേഷനിൽ ലഭിക്കും. തെർമൽ സ്കാനിങ് നടത്തിയ ശേഷമാകും പ്രവേശനം. ഓരോ പ്രദർശനത്തിന് ശേഷവും തിയറ്ററുകൾ സാനിറ്റൈസ് ചെയ്യും.
ഡെലിഗേറ്റുകൾ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. മേള സംഘടിപ്പിക്കുന്ന ഇടങ്ങളിൽ ഡെലിഗേറ്റ് പാസ് വാങ്ങുന്നതിന് മുമ്പ് ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സജ്ജീകരണം ഒരുക്കും. ടെസ്റ്റ് നെഗറ്റീവ് ആയവർക്ക് മാത്രമേ ഡെലിഗേറ്റ് പാസ് അനുവദിക്കൂ.
സംസ്ഥാന ടെലിവഷൻ അവാർഡ് സമർപ്പണ ചടങ്ങ് ജനുവരി ഒമ്പതിന് നടക്കുമെന്നും മന്ത്രി അറിയിച്ചു. വൈകീട്ട് ആറിന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിലാണ് പരിപാടി. കഥ, കഥേതരം, രചന, എന്നീ മൂന്ന് വിഭാഗങ്ങളിലായി 53 വ്യക്തികൾ അവാർഡ് ഏറ്റുവാങ്ങും. അവാർഡ് ജേതാക്കളും ബന്ധുക്കളും മാധ്യമപ്രവർത്തകരും സംഘാടകരും ഉൾപ്പെടെ 200ൽ താഴെ ആളുകൾ മാത്രമാണ് ചടങ്ങിൽ ഉണ്ടാവുക.
50ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ജനുവരി 29ന് വൈകീട്ട് ആറിന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. വിവിധ വിഭാഗങ്ങളിലായി 49 വ്യക്തികൾ അവാർഡ് ഏറ്റുവാങ്ങും. സംസ്ഥാന സർക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.ഡി. ഡാനിയേൽ അവാർഡ് സംവിധായകൻ ഹരിഹരന് സമ്മാനിക്കും. 200ൽ താഴെ പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.