പ്രഖ്യാപനം മുതൽ സിനിമ പ്രേമികൾക്കിടയിൽ ചർച്ചയായ ചിത്രമാണ് കമൽ ഹാസന്റെ ഇന്ത്യൻ 2. 1996 ൽ ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. തിയറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ച സേനാപതിയുടെ രണ്ടാം വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ.
28 വർഷങ്ങൾക്കിപ്പുറം പ്രേക്ഷകരിലേക്ക് എത്തിയ കമലിന്റെ സേനാപതിയെ ഇരു കൈകൾ നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. ജൂലൈ 12 ന് തിയറ്ററുകളിലെത്തിയ ചിത്രം 26 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം 17 കോടിയാണ് ഇന്ത്യൻ 2 ന്റെ തമിഴ് പതിപ്പ് നേടിയിരിക്കുന്നത്. തെലുങ്കിന് 7.9 കോടിയും 1.1 കോടി ഹിന്ദി പതിപ്പിനും ലഭിച്ചിച്ചിട്ടുണ്ട്. തിയറ്ററുകളിൽ ചിത്രം പോസിറ്റീവ് പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്.
ഇന്ത്യൻ 3 അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ത്യൻ 2 ന്റെ അവസാനം പ്രദർശിപ്പിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. താൻ ഇന്ത്യൻ 3 യുടെ ആരാധകനാണെന്ന് കമൽ ഹാസൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 'ഇന്ത്യൻ രണ്ടാം ഭാഗത്തിന് ഞാൻ സമ്മതിച്ചതിന് പിന്നിലെ ഒരേയൊരു കാരണം മൂന്നാം ഭാഗമാണ്. ഞാൻ ഇന്ത്യൻ 3യുടെ ആരാധകനാണ്. സിനിമ കണ്ട ശേഷം ആളുകൾ പറയാറില്ലേ ഫസ്റ്റ് ഹാഫാണ് ഇഷ്ടപ്പെട്ടത്, രണ്ടാം പകുതിയാണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ 3യുടെ രണ്ടാം പകുതിയാണ്. അത് പുറത്തിറങ്ങാൻ ഇനിയും ആറുമാസം സമയമെടുക്കും എന്ന വിഷമത്തിലാണ് ഞാൻ- എന്നാണ് കമൽ ഹാസൻ പറഞ്ഞത്. ഇന്ത്യൻ സിനിമയുടെ മൂന്നാം ഭാഗം വൈകാതെ എത്തുമെന്ന് സംവിധായകൻ ഷങ്കറും അറിയിച്ചിട്ടുണ്ട്.
ലൈക്ക പ്രൊഡക്ഷൻസുംറെഡ് ജയിന്‍റ് മൂവീസും ചേർന്നാണ് ഇന്ത്യൻ 2 നിർമിച്ചിരിക്കുന്നത്. കമൽ ഹാസനൊപ്പം സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ എന്നിവരാണ് മറ്റു അഭിനേതാക്കൾ.ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.