മുംബൈ: നടൻ സൽമാൻ ഖാന്റെ ഹരജി തീർപ്പാക്കാനാകാത്ത വിഷമവുമായി ബോംബെ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്രകാന്ത് വി. ഭദൻഗ് വെള്ളിയാഴ്ച വിരമിക്കുന്നു. കഴിഞ്ഞ 11ന് വാദം പൂർത്തിയാക്കി വ്യാഴാഴ്ച വിധി പറയാൻ മാറ്റിവെച്ചതായിരുന്നു. എന്നാൽ, വ്യാഴാഴ്ച കോടതിയിലെത്തിയ ജ. ഭദൻഗ് തനിക്ക്വിധിയെഴുതാനായില്ലെന്ന് അറിയിച്ചു. 'ബുധനാഴ്ച വൈകീട്ടുവരെ എല്ലാ ശ്രമവും നടത്തിയെങ്കിലും നടന്നില്ല. നിർഭാഗ്യത്തിന് ദീപാവലി അവധിയും വന്നു. ഭരണപരമായ കാര്യങ്ങളും മറ്റു കേസുകളുമായി തിരക്കുമുണ്ടായി' -അദ്ദേഹം പറഞ്ഞു. ഹരജി വിചാരണ പൂർത്തിയായിട്ടില്ലെന്ന് രേഖപ്പെടുത്താമെന്നും അവധി കഴിഞ്ഞ് ചൊവ്വാഴ്ച കോടതി തുറക്കുന്നതോടെ മറ്റൊരു ജഡ്ജി പരിഗണിക്കുമെന്നും ജസ്റ്റിസ് ഭദൻഗ് പറഞ്ഞു.
യൂട്യൂബടക്കം സമൂഹമാധ്യമങ്ങളിൽ തന്റെ ഫാം ഹൗസിനെക്കുറിച്ച് അപകീർത്തികരമായ വിഡിയോ പ്രദർശിപ്പിച്ചതിന് അയൽക്കാരനായ കേതൻ കക്കഡിനെതിരെ സൽമാൻ കീഴ്കോടതിയിൽ അപകീർത്തി കേസ് നൽകിയിരുന്നു. ഒപ്പം വിവാദ വിഡിയോ സമൂഹമാധ്യങ്ങളിൽനിന്ന് ഉടൻ നീക്കംചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഈ ആവശ്യം തള്ളിയ കീഴ്കോടതി ഉത്തരവിനെതിരെയാണ് സൽമാൻ അപ്പീലുമായി ജസ്റ്റിസ് ഭദൻഗിന്റെ മുന്നിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.