മുംബൈ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരിന്‍റെ തോൽവിയെ തുടർന്ന് സുനിൽ ഗവാസ്കർ അനുഷ്ക ശർമയെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിലായതിന് പിന്നാലെ വിഷയത്തിൽ അഭിപ്രായപ്രകടനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. അനുഷ്കയുടെ വിമർശനം ഇരട്ടത്താപ്പാണെന്ന് തുറന്നടിച്ചിരിക്കുകയാണ് കങ്കണ.
കോഹ്ലിയുടെ മോശം പ്രകടനത്തിൻെറ പേരിൽ തന്നെ എന്തിനാണ് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നതെന്ന് ചോദിച്ചുകൊണ്ട് അനുഷ്ക ഗവാസ്കറിന് ഇൻസ്റ്റഗ്രാമിലൂടെ ചുട്ട മറുപടി കൊടുത്തിരുന്നു. ഇതിനെ സെലക്ടീവ് ഫെമിനിസമെന്നാണ് കങ്കണ വിശേഷിപ്പിച്ചത്.
'താൻ ഭീഷണി നേരിട്ടപ്പോൾ അനുഷ്ക മൗനത്തിലായിരുന്നു. ഇന്ന് സ്ത്രീവിരുദ്ധർ അനുഷ്കയെ ആക്രമിക്കുമ്പോൾ മാത്രമാണ് അവർ അതിനെതിരെ തിരിയുന്നത്. ക്രിക്കറ്റിലേക്ക് അനുഷ്കയെ വലിച്ചിഴച്ച ഗവാസ്കറിന്‍റെ നടപടിയെ ഞാൻ എതിർക്കുന്നു. എന്നാൽ സെലക്ടീവ് ഫെമിനിസവും അതുപോലെ എതിർക്കപ്പെടേണ്ടതാണ്.- കങ്കണ പറഞ്ഞു.
ഐ.പി.എൽ മത്സരത്തിനിടെയായിരുന്നു കമന്‍റേറ്ററായ സുനിൽ ഗാവാസ്കർ അനുഷ്കക്കെതിരെ പരാമർശം നടത്തിയത്. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെ രണ്ട് ക്യാച്ചുകൾ കളഞ്ഞുകുളിച്ചതിന് പുറമെ അഞ്ച് പന്തിൽനിന്ന് ഒരു റൺസ് മാത്രമാണ് വിരാട് കോഹ്ലി നേടിയിരുന്നത്. ഇതോടെയാണ് കമൻററി ബോക്സിലുണ്ടായിരുന്ന ഗവാസ്കർ വിരാട് കോഹ്ലിയെ വിമർശിച്ചത്. ലോക്ഡൗൺ കാലത്ത് ഭാര്യയും നടിയുമായ അനുഷ്ക ശർമയുടെ ബൗളിങ്ങുകൾ മാത്രമാണ് കോഹ്ലി നേരിട്ടതെന്നായിരുന്നു ഗവാസ്കറിന്‍റെ പരാമർശം.
ഇതിനെതിരെയായിരുന്നു അനുഷ്്കയുടെ ട്വീറ്റ്. 'ഗവാസ്‌കർ, നിങ്ങളുടെ ആ വാക്കുകൾ ഏറെ അരോചകമാണ്. ഭർത്താവിന്‍റെ കളിയെക്കുറിച്ച് പറയാൻ വേണ്ടി എനിക്കെതിരെ പ്രസ്താവന നടത്താൻ എന്തുകൊണ്ട് ഉദ്ദേശിച്ചുവെന്ന് നിങ്ങൾ വിശദീകരിക്കുമെന്ന് ആഗ്രഹിക്കുന്നു. കളിയെക്കുറിച്ച് അഭിപ്രായം പറയുമ്പോഴും ഓരോ ക്രിക്കറ്റ് താരത്തിൻെറയും സ്വകാര്യ ജീവിതത്തെ നിങ്ങൾ ബഹുമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ആ ബഹുമാനം ഞങ്ങൾക്കും നൽകണമെന്ന് നിങ്ങൾ കരുതുന്നില്ലേ?
'കഴിഞ്ഞ രാത്രി എൻെറ ഭർത്താവിൻെറ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയാൻ നിങ്ങളുടെ മനസ്സിൽ മറ്റ് പല വാക്കുകളും വാചകങ്ങളും വന്നിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ, എൻെറ പേര് ഉപയോഗിച്ചാൽ മാത്രമാണോ അവക്ക് പ്രസക്തിയുണ്ടാകുക? ഇത് 2020 ആണ്, എനിക്ക് ഇപ്പോഴും കാര്യങ്ങൾ പഴയപോലെ തന്നൊയണ്. എന്നായിരിക്കും എന്നെ അനാവശ്യമായി ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കുകയും മോശം പ്രസ്താവനകൾ നടത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നത്?'- അനുഷ്ക്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.