കന്നടയിൽ 'തുർത്തു നിർഗമന' എന്നാൽ എമർജൻസി എക്സിറ്റ് എന്നാണ് അർഥം. ഇക്കഴിഞ്ഞ ജൂൺ 24ന് റിലീസ് ചെയ്ത കന്നട ഫാന്‍റസി ഡ്രാമ ചിത്രത്തിന്‍റെ പേര് തുർത്തു നിർഗമന എന്നാണെങ്കിലും അതിലൂടെ മലയാളി യുവ ഛായാഗ്രാഹകനായ പ്രയാഗ് മുകുന്ദൻ സാൻഡൽവുഡിലേക്ക് എൻട്രി ചെയ്തിരിക്കുകയാണ്. മലയാളത്തിലും ഹിന്ദിയിലും ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ അസി. കാമറമാനായിരുന്ന പ്രയാഗ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന സിനിമ 'തുർത്തു നിർഗമന'യുടെ ഹൈലൈറ്റ് തന്നെ അതിലെ ദൃശ്യങ്ങളാണ്. മാസ് ആക്ഷൻ കന്നട സിനിമകൾക്കിടയിൽ പുതുതലമുറയിലെ ഏറെ വ്യത്യസ്തമായ പരീക്ഷണ ചിത്രങ്ങളിലൊന്നായി മാറിയ തുർത്തു നിർഗമനക്ക് ഇതിനകം മികച്ച പ്രതികരണമാണ് േപ്രക്ഷകരിൽനിന്ന് ലഭിച്ചത്. സിനിമ കണ്ടിറങ്ങുന്ന ഒാരോരുത്തരും അതിലെ ദൃശ്യങ്ങളെക്കുറിച്ച് വാചാലരാകുമ്പോൾ കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശിയായ പ്രയാഗ് മുകുന്ദനും അഭിമാനിക്കാം.
ഹേമന്ത് കുമാർ സംവിധാനം ചെയ്ത ഈ സിനിമയിലൂടെ കന്നടയിലെ മുൻ സൂപ്പർ സ്റ്റാർ സുനിൽറാവു കേന്ദ്രകഥാപാത്രമായി തിരിച്ചെത്തിയിരിക്കുകയാണ്. സുധാറാണി, രാജ് ബി. ഷെട്ടി, ഹിത ചന്ദ്രശേഖർ, സംയുക്ത ഹെഗ്ഡെ, അച്യുത് തുടങ്ങിയ കന്നടയിലെ വൻ താരനിരയും ചിത്രത്തിലുണ്ട്. കമ്മട്ടിപ്പാടം ഉൾപ്പെടെ നിരവധി ഹിറ്റ് മലയാള ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ച ബി. അജിത്ത്കുമാറാണ് തുർത്തു നിർഗമനയുടെ എഡിറ്റർ.
കേരള ടു കർണാടക
കൊച്ചിയിലെ നിയോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷമാണ് ഛായാഗ്രഹണ മേഖലയിലെത്തുന്നത്. കഴിഞ്ഞ പത്തുവർഷത്തിലധികമായി മലയാളത്തിലും മറ്റു ഭാഷകളിലുമായി അസി. കാമറമാനായും പരസ്യചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചും പ്രയാഗ് സജീവമാണ്. മുംബൈയിലെത്തിയശേഷമാണ് അസി. കാമറമാനായി കഴിവുതെളിയിക്കുന്നത്. ബോളിവുഡിലെ പ്രശസ്തനായ മലയാളി ഛായാഗ്രാഹകൻ സി.കെ. മുരളീധരന് കീഴിൽ പി.കെ എന്ന അമീർഖാെൻറ ഹിറ്റ് ചിത്രത്തിൽ അസി. കാമറമാനായി. റോഷൻ ആൻഡ്രൂസിെൻറ സ്കൂൾ ബസിൽ, ജയസൂര്യ നായകനായ പുണ്യാളൻ അഗർബത്തീസ് തുടങ്ങി നിരവധി ചിത്രങ്ങളുടെ അസി. കാമറമാൻ. ത്രീ ഇഡിയറ്റ്സിെൻറ വി.എഫ്.എക്സ് ഡയറക്ടർ ഡി. ബിജുവുമായുള്ള സൗഹൃദവും കൂടുതൽ പ്രചോദനമായി. കുറ്റ്യാട്ടൂർ സാൻഗ്രിലയിൽ മുകുന്ദന്‍റെയും പ്രസന്നയുടെയും മകനാണ് പ്രയാഗ്. സഹോദരി മേഘ മുകുന്ദൻ എം.ബി.എ വിദ്യാർഥിനിയാണ്.
തുർത്തു നിർഗമന
ഫാന്‍റസി ഡ്രാമ വിഭാഗത്തിലുള്ള 'തുർത്തു നിർഗമന'യിൽ 30 ശതമാനത്തോളം വി.എഫ്.എക്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രയാഗ് പറയുന്നു. ഷൂട്ട് ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് അവിചാരിതമായി സിനിമയുടെ ഛായാഗ്രാഹകനായി അവസരം ലഭിക്കുന്നത്. അതിനാൽ തന്നെ ആദ്യം അൽപം ടെൻഷനുണ്ടായിരുന്നു. ദൃശ്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമായതിനാൽ വെല്ലുവിളികളും ഏറെയായിരുന്നു. വ്യത്യസ്ത രീതിയിൽ പലതരത്തിലുള്ള പുതിയ പരീക്ഷണങ്ങളിലൂടെയാണ് പ്രോജക്ട്ട് പൂർത്തിയാക്കിയത്. ഫിലോസഫിയും കഥാപാത്രങ്ങളുടെ വൈകാരികതയുമെല്ലാം ഒരേസമയം വരുന്ന ഫാന്‍റസിയും റിയലിസവുമെല്ലാം സിനിമയിൽ കാണാം. 'സിനിമ ചിത്രീകരിക്കുന്ന സമയത്ത് കന്നട സംഭാഷണം മനസ്സിലായിരുന്നില്ല. അതിനാൽ ഒാരോ സീനും ഷൂട്ട് ചെയ്യുന്നതിനുമുമ്പ് ഷോട്ടിനെക്കുറിച്ചും കഥാസന്ദർഭത്തെക്കുറിച്ചുമെല്ലാം സംവിധായകൻ ഹേമന്തുമായി സംസാരിക്കും. ഇതിനുശേഷമാണ് ഷൂട്ട് ആരംഭിക്കാറുള്ളത്.
ഒാരോ സീനിന്‍റെയും മൂഡും അത് കാണുമ്പോൾ ആസ്വാദകർക്ക് കിട്ടേണ്ട ഫീലും മനസ്സിൽ കണ്ടാണ് ഷൂട്ടിങ്ങിനിടെ ലെൻസിങ്, ലൈറ്റിങ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ചെയ്തത്. സിനിമയുടെ തിരക്കഥയിൽ തന്നെ ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുള്ളതിനാൽ കാര്യങ്ങൾ കുറെക്കൂടി എളുപ്പമായി. സിനിമയിലെ ഏറ്റവും നിർണായകമായ 360 ഡിഗ്രിയുടെ ഹൈപ്പർലാപ്സ് ഷോട്ടിനെക്കുറിച്ചാണ് കൂടുതൽ േപ്രക്ഷകർക്കും പറയാനുള്ളത്. കുറഞ്ഞ ബജറ്റായതിനാൽ തന്നെ കൂടുതൽ വി.എഫ്.എക്സ് ഉപയോഗിക്കുന്നതിന് പരിമിതിയുണ്ടായിരുന്നു. അതിനാൽ 360 ഡിഗ്രിയുടെ ഹൈപ്പർ ലാപ്സ് ഷോട്ട് പത്തു ദിവസംകൊണ്ട് ബംഗളൂരു നഗരത്തിൽ 2000ത്തിലധികം കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് ചിത്രീകരിച്ചത്. 360 ഡിഗ്രിയിൽ ചിത്രങ്ങളെടുക്കുന്നതിനായി പ്രത്യേക ഉപകരണമുണ്ടാക്കി കാറിന്‍റെ സൺറൂഫിൽ ഉറപ്പിച്ചു. മൂന്നുദിവസത്തെ ഹൈപ്പർലാപ്സ് ഷോട്ടിനായി ആയിരക്കണക്കിന് ചിത്രങ്ങളാണ് ഇത്തരത്തിലെടുത്തതെന്നും പ്രയാഗ് പറഞ്ഞു. ഉപകരണമുണ്ടാക്കിയതും ചിത്രീകരിച്ചതുമെല്ലാം പ്രയാഗ് തന്നെയായിരുന്നു. 360 ഡിഗ്രിയിലുള്ള ഹൈപ്പർ ലാപ്സ് ഷോട്ട് സിനിമയെ മറ്റൊരുതലത്തിലെത്തിച്ചിട്ടുണ്ട്' -പ്രയാഗ് പറയുന്നു.
ജൂൺ 24നാണ് സിനിമ റിലീസ് ചെയ്തത്. തുർത്തു നിർഗമനയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ പ്രയാഗിന്‍റെ പുതിയ പ്രോജക്ടുകൾ മലയാളത്തിലും മറ്റു ഭാഷകളിലായും അധികം വൈകാതെയുണ്ടാകും. മലയാളത്തിലും ബോളിവുഡിലും ഉൾപ്പെടെ പുതിയ സിനിമകളുടെ ചർച്ച നടക്കുന്നുണ്ടെന്നും പ്രയാഗ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.