മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഖാലിദ് റഹ്മാൻ. സഹസംവിധായകനായി സിനിമയിലെത്തിയ ഖാലിദ് റഹ്മാൻ 2016 ലാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നിങ്ങനെ അഞ്ച് ചിത്രങ്ങൾക്കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തി. ഇപ്പോൾ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയിസിലൂടെ അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്.മഞ്ഞുമ്മലിൽനിന്ന് കൊടൈക്കനാലിലേക്ക് യാത്രപോയ സംഘത്തിന്റെ ഡ്രൈവറായിട്ടാണ് ചിത്രത്തിൽ ഖാലിദ് എത്തിയത്. തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു കഥാപാത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ ഖാലിദ് റഹ്മാനെക്കുറിച്ച് പഴയ സഹപ്രവർത്തകനായ മുഹമ്മദ് ഹാഫിസ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. m3db യിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ എത്തുന്നതിന് മുമ്പ് 2010 ൽ ടാറ്റാ ഡോകോമോയിൽ ഖാലിദ് റഹ്മാനൊപ്പം ജോലി ചെയ്തിരുന്ന കാലത്തെ ഓർമയാണ് മുഹമ്മദ് ഹാഫിസ് പങ്കുവെച്ചത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
മഞ്ഞുമ്മൽ ബോയ്‌സ് സൂപ്പർ ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോൾ, ചില പ്രമുഖ റിവ്യൂവർമാർക്ക് അതിലെ ഡ്രൈവർ വേഷം ചെയ്ത അഭിനേതാവിനെ തിരിച്ചറിയാൻ സാധിക്കാത്തത് വച്ച് ട്രോളുകളും പോസ്റ്റുകളും കണ്ടപ്പോൾ ഓർമ്മ വന്നത് കുറെ വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2010 ൽ ടാറ്റാ ഡോകോമോ കമ്പനിയിൽ പോസ്റ്റ് പെയ്ഡ് സെയിൽസ് മാനേജറായി വർക്ക് ചെയ്യുന്ന കാലമാണ്.
പുതുതായി തുടങ്ങിയ ഡയറക്‌ട് സെയിൽസ് ടീമിലേക്കു ആളെ എടുക്കുന്നതിനിടെ ഇൻ്റർവ്യൂന് ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ പയ്യനും വന്നിരുന്നു. പേര് റഹ്മാൻ. ആത്മ വിശ്വാസത്തോടെയും പ്രസരിപ്പോടെയും പെരുമാറുന്ന റഹ്മാൻ പെട്ടന്ന് തന്നെ ടീമിലെ എല്ലാവരുടെയും പ്രിയങ്കരനും ആയി. വലിയ സെയിൽസ് പെർഫോർമർ ഒന്നും ആയിരുന്നെങ്കിലും, അന്നത്തെ സി.ഒ.ഒ ആയിരുന്ന വിനോദ് ഗിയാലുമായുള്ള ടീം മീറ്റിങ്ങിൽ മറ്റ് ഡി.എസ്.ടി എക്സിക്യൂട്ടിവുകൾ (DST executive) പതറി നിൽക്കുമ്പോൾ, ആത്മ വിശ്വാസത്തോടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് സ്കോർ ചെയ്‌തത് റഹ്മാനായിരുന്നു. റഹ്മാനെ പോലുള്ള ആളുകളെ ആണ് ടീമിൽ എടുക്കേണ്ടത് എന്ന് അവനെ സാക്ഷിയാക്കി തന്നെ സി.ഒ.ഒ പറഞ്ഞത് ഓർക്കുന്നു.
സെയിൽസ് വിസിറ്റിനു പോയി ABCD ഷൂട്ടിംഗ് (ആണെന്ന് തോന്നുന്നു ) ലൊക്കേഷനിൽ പോയി ദിവസം മുഴുവൻ നിൽക്കുന്ന കഥയൊക്കെ പിന്നീട് ടീം ലീഡർ പറഞ്ഞറിഞ്ഞു. കുറച്ച് നാൾക്ക് ശേഷം റഹ്മാൻ ടാറ്റ ഡോക്കോമെയിലെ ജോലി നിർത്തി. പിന്നെ ആളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. DST ടീമിൽ വന്നും പോയും കൊണ്ടിരിക്കുന്ന നൂറ് കണക്കിന് പേരെ പോലെ റഹ്മാനും മറ്റെതെങ്കിലും കമ്പനികളിൽ ജോലിക്ക് കയറിയട്ടുണ്ടാകാം എന്നു കരുതി. കുറച്ച് വർഷങ്ങൾക്ക് ശേഷം ടെലികോം കരിയർ അവസാനിപ്പിച്ച് , ഹോം തീയേറ്റർ ബിസിനസ്സ് തുടങ്ങി ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോൾ, ഒരു ദിവസംപഴയ ടീം ലീഡർ ഗിരീഷ് കാണാനെത്തുന്നു. അവനാണ് സിനിമ സ്റ്റെയിൽ ട്വിസ്റ്റ് വെളിപ്പെടുത്തുന്നത്. അപ്പോൾ സൂപ്പർ ഹിറ്റായി ഓടുന്ന അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ നമ്മുടെ പഴയ റഹ്മാൻ ആണെന്ന്!! അമ്പരപ്പിന് ഒപ്പം, അച്ഛനും സഹോദരങ്ങളും അന്നെ സിനിമയിൽ അറിയപ്പെടുന്നവരായിട്ടും, അതൊന്നും മറ്റുള്ളവരെ അറിയിക്കാനോ, പ്രത്യേക പരിഗണനകൾ നേടാനോ ശ്രമിക്കാതെ, സ്വന്തം കാലിൽ നിൽക്കാനുള്ള റഹ്മാന്റെ ശ്രമത്തോട് വലിയ ബഹുമാനവും തോന്നി. ഇന്ന് ഉണ്ടയും ലവ്വും തല്ലുമാലയും അടക്കം ഒന്നിനൊന്ന് വ്യത്യസ്‌തവും മനോഹരവുമായ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകനും അഭിനേതാവുമായി തന്റെ ജൈത്രയാത്ര തുടരുന്ന ഖാലിദ് റഹ്മാന് പഴയ സഹപ്രവർത്തൻറന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!- എന്നായിരുന്നു സുഹൃത്തിന്റെ കുറിപ്പ്.
ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സി'ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗോളതലത്തിൽ ചിത്രം 75 കോടി പിന്നിട്ട് ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്.തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം 10 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 22-ന് എത്തിയ ചിത്രം ഒരു സർവൈവൽ ത്രില്ലറാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഞ്ഞുമ്മൽ ബോയ്സ്' കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.