തെലുഗു സിനിമയിലെ പ്രമുഖരുമായുള്ള യോഗത്തിൽ നിന്നുള്ള ചിത്രം 

ടോളിവുഡിനൊപ്പമെന്ന് തെലങ്കാന മുഖ്യമന്ത്രി; 'ക്രമസമാധാനപാലനത്തിൽ വിട്ടുവീഴ്ചയില്ല'

ഹൈദരാബാദ്: അല്ലു അർജുനുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ടോളിവുഡിലെ പ്രമുഖരായ അഭിനേതാക്കളും സംവിധായകരും നിർമാതാക്കളും കൂടിക്കാഴ്ച നടത്തി. സിനിമ മേഖലയിലെ സുഗമമായ പ്രവർത്തനങ്ങളെ കുറിച്ചാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. കൂടാതെ, പുഷ്പ 2ന്‍റെ റിലീസും ആരാധികയുടെ ദാരുണാന്ത്യവും അല്ലു അർജുന്‍റെ അറസ്റ്റും യോഗത്തിൽ ചർച്ചയായെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാന സർക്കാർ തെലുങ്ക് സിനിമ വ്യവസായത്തിനൊപ്പം നിൽക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉറപ്പ് നൽകി. അതേ സമയം, ക്രമസമാധാനപാലനത്തിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി സിനിമ മേഖലയിലെ പ്രമുഖരെ അറിയിച്ചു.

ബെഞ്ചാര ഹിൽസിലെ തെലങ്കാന സ്റ്റേറ്റ് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലാണ് കൂടിക്കാഴ്ച നടന്നത്. യോഗത്തിൽ തെലങ്കാന ഫിലിം ഡെവലപ്മെന്‍റ് കോർപറേഷൻ (എഫ്.ഡി.സി) ചെയർമാൻ ദിൽ രാജുവും താരങ്ങളെ പ്രതിനിധീകരിച്ച് നാഗാർജുന, വരുൺ തേജ്, സായ് ദരം തേജ്, കല്യാൺ റാം, ശിവ ബാലാജി, അദിവിശേഷ്, നിതിൻ, വെങ്കിടേഷ് എന്നിവരും പങ്കെടുത്തു. കൊരട്ടാല ശിവ, അനിൽ രവിപുടി, കെ. രാഘവേന്ദ്ര റാവു, കെ.എൽ നാരായണ, ദാമോദർ, അല്ലു അരവിന്ദ്, ബി.വി.എസ്എൻ പ്രസാദ്, ചിന്ന ബാബു എന്നിവർ നിർമാതാക്കളെയും പ്രതിനിധീകരിച്ചു.

പുഷ്പ 2ന്റെ റിലീസിനിടെയുണ്ടായ തിക്കിലും തിരിക്കിലുംപെട്ട് ആരാധിക മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അല്ലു അർജുനെ രൂക്ഷമായി വിമർശിച്ചിരുന്നു. ആരാധിക മരിക്കാനിടയായ സംഭവത്തിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്യുകയും ഹൈകോടതി നിർദേശ പ്രകാരം പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഈ കേസിൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

ഈയിടെ നാഗചൈതന്യ-സമാന്ത വിവാഹമോചനവുമായി ബന്ധപ്പെടുത്തി സംസ്ഥാന മന്ത്രി കെ. സുരേഖ നടത്തിയ പരാമർശം തെലുങ്കാനയിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തെ നാഗചൈതന്യയുടെ പിതാവും സൂപ്പർ സ്റ്റാറുമായ നാഗാർജുന അക്കിന്നേനി അപലപിക്കുകയും ചെയ്തു.

Tags:    
News Summary - Telangana Chief Minister says he is with Tollywood; 'No compromise on law and order'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.