ലോകസിനിമയിലെ ധ്യാനബുദ്ധനായിരുന്നു കിം കി ഡുക്. പാശ്ചാത്യ പ്രേക്ഷകര്‍ സാധാരണ കാണാറുള്ള തരത്തിലുള്ള സിനിമകളല്ല, തികച്ചും വ്യത്യസ്തമായ സാംസ്കാരിക-ചരിത്ര-ഭൗമിക പശ്ചാത്തലമുള്ള കൊറിയയില്‍നിന്ന് കിം കി ഡുക് പുറത്തുകൊണ്ടുവന്നത്. രണ്ടര മണിക്കൂറിനുള്ളിൽ തിയറ്ററിൽ കൊണ്ടുനടക്കുന്നതിനപ്പുറം ജീവിതത്തിൽ മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു കിമ്മിെൻറ ഓരോ സിനിമയും. ശാന്തതയും അക്രമവും മനുഷ്യമനസ്സിെൻറ രണ്ടുവശങ്ങളാണെന്ന് കരുതിയ സംവിധായകൻ തിയറ്ററുകളിൽ കോടിക്കണക്കിന് വരുന്ന ആരാധകരെ നിരന്തരം ഞെട്ടിച്ചുകൊണ്ടേയിരുന്നു.
32ാം വയസ്സുവരെ ഒരു സിനിമ പോലും കാണാത്ത മനുഷ്യൻ 35ാം വയസ്സിൽ ആദ്യ സിനിമ ചെയ്യുന്നു. 10 വർഷത്തിനുള്ളിൽ ലോകത്തിലെ പ്രമുഖ സംവിധായകരുടെ പട്ടികയിൽ ഇടംപിടിക്കുന്നു. ദേശഭാഷാ അതിർവരമ്പുകളില്ലാതെ ആരാധകർ അദ്ദേഹത്തെ ഹൃദയത്തിലേറ്റുന്നു. അക്കാദമിക്കായി സിനിമ പഠിച്ചവരെക്കാൾ അതൊന്നുമില്ലാതെ തന്നെ ജനങ്ങളെ സ്വാധീനിക്കുന്ന സിനിമയെടുക്കാമെന്ന് പഠിപ്പിച്ച ബഹുമുഖ പ്രതിഭ. വസന്തവും വേനലും മഞ്ഞും ഒരുപോലെ തിരശ്ശീലയിൽ അനുഭവിപ്പിച്ച ആ കരവിരുതാണ് ഇന്നും എെൻറ പാഠപുസ്തകങ്ങൾ.
2012ലെ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തെ ആദ്യമായി നേരിട്ട് കാണുന്നത്. രണ്ടുവർഷത്തെ അജ്ഞാത വാസത്തിനുശേഷം 'ആരിരംഗ്' എന്ന സിനിമയുമായി കിം കിം ഡുക് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെട്ട സമയം. പറ്റുമെങ്കിൽ ഒാരോ ഫോട്ടോയെടുക്കണം. ഈ ആഗ്രഹവുമായാണ് 'ആകാശത്തിെൻറ നിറ'വുമായി ഞാൻ ചൈനയിലെത്തുന്നത്. വലിയൊരു ആരാധക വൃന്ദത്തിനിടയിലൂടെയാണ് കിം വരുന്നത്. അദ്ദേഹത്തിെൻറ ഓട്ടോഗ്രാഫിനായി തിക്കും തിരക്കുമാണ്. ആളുകളെ ഇടിച്ചുനിരത്തി ഞാനും മുന്നിലെത്തി. ചുരുക്കം ചില വാക്കുകളിലൂടെ എന്നെ പരിചയപ്പെടുത്തി. എങ്കിൽ വാ സിനിമ കണ്ടിട്ട് ബാക്കി സംസാരിക്കാമെന്നായി അദ്ദേഹം. 'ബുക്ക് ചെയ്യാത്തതുകൊണ്ട് ടിക്കറ്റ് കിട്ടിയില്ല' -ഞാൻ പറഞ്ഞു .'കുഴപ്പമില്ല. എെൻറ കൂടെ വന്നാൽ മതി'യെന്നും പറഞ്ഞ് അദ്ദേഹമാണ് എെന്ന തിയറ്ററിലേക്ക് കൂട്ടിക്കൊണ്ടുപോയത്.കേരളത്തിലെത്തിയ ശേഷം അദ്ദേഹവുമായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കാനായി.
കേരളത്തിൽ ഇത്രയും ആരാധകർ തനിക്കുണ്ടെന്ന് കിം മനസ്സിലാക്കിയത് 2013ൽ ഐ.എഫ്.എഫ്.കെയിൽ എത്തിയ ശേഷമാണ്. അദ്ദേഹത്തെ അവസാനമായി കണ്ടത് 2018ൽ കസാഖ്സ്താനിൽ നടന്ന അൽമാതി ചലച്ചിത്രമേളയിലാണ്. പ്രളയം കാരണം ഐ.എഫ്.എഫ്.കെ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം കുറച്ചുനേരം നിശ്ശബ്ദനായി ഇരുന്നു. പിന്നീട്, ഒരു പേപ്പറിൽ 'കല അതിജീവനത്തിനുള്ളതാണെന്നും അത് ഉപേക്ഷിക്കരുതെന്നും' ചൂണ്ടിക്കാട്ടി അദ്ദേഹം കൊറിയൻ ഭാഷയിൽ സംസ്ഥാന സർക്കാറിനും ചലച്ചിത്ര അക്കാദമിക്കും കത്ത് നൽകി. അന്ന് മേള നടന്നിട്ടുണ്ടെങ്കിൽ അതിൽ കിമ്മിെൻറ ഇടപെടൽ വലിയൊരു ഘടകമായിട്ടുണ്ട്. ജൂണിലാണ് അവസാനമായി ചാറ്റ് ചെയ്തത്. എെൻറ ഒരു സിനിമയിൽ അഭിനയിക്കാമോ എന്ന് ചോദിച്ചായിരുന്നു മെസേജ്. റഷ്യയിലും ലാത്വിയയിലുമായി രണ്ടു സിനിമകൾ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അവ പൂർത്തിയായ ശേഷം ആലോചിക്കാമെന്നുമായിരുന്നു അദ്ദേഹത്തിെൻറ മറുപടി. പക്ഷേ, വിധി നമ്മളെ വീണ്ടും മുറിവേൽപിച്ചിരിക്കുന്നു. പ്രിയ കിം, നിങ്ങളുടെ സിനിമകൾ മരിക്കുന്നില്ല... അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചുകൊണ്ടിരിക്കും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.