മട്ടാഞ്ചേരി: മലയാള സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ടി.കെ. പരീക്കുട്ടിയെന്ന നിർമാതാവിെൻറ 113ാം ജന്മദിനമാണ് ഞായറാഴ്ച. 1954 വരെ മലയാള സിനിമകൾ ഹിന്ദി, തമിഴ് സിനിമകളുടെ തനി ആവർത്തനങ്ങളും റീമേക്കുകളുമായിരുന്നു. എന്നാൽ, ചന്ദ്രതാര പ്രൊഡക്ഷൻസിെൻറ ബാനറിൽ ടി.കെ. പരീക്കുട്ടി മലയാളത്തനിമയാർന്ന കഥയും ഗാനങ്ങളുമായി നിർമിച്ച 'നീലക്കുയിൽ' തെന്നിന്ത്യയിലേക്ക് ആദ്യ ദേശീയ പുരസ്കാരമെത്തിച്ച സിനിമയായി മാറി. ദേശീയ വെള്ളി മെഡലായിരുന്നു ചിത്രം നേടിയത്. പരീക്കുട്ടി നിർമിച്ച ഒമ്പത് ചിത്രങ്ങളിൽ നാലെണ്ണം മലയാളക്കരയിലേക്ക് ദേശീയ മെഡലുകൾ എത്തിച്ചു. നാല് വ്യത്യസ്ത ഇന്ത്യൻ പ്രസിഡൻറുമാരിൽനിന്ന് നാല് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ അപൂർവ ബഹുമതിയും പരീക്കുട്ടിക്ക് മാത്രമായി.
ആദ്യ ഇരട്ട സംവിധായകർ, ആദ്യ പ്രേതചിത്രം എന്നിങ്ങനെ മലയാള സിനിമയിലേക്ക് ഒട്ടേറെ പുതുമകളും പ്രമേയങ്ങളും പരീക്കുട്ടി കൊണ്ടുവന്നു. പ്രശസ്തരായ സാഹിത്യകാരന്മാരെകൊണ്ട് കഥയും തിരക്കഥയും എഴുതിച്ച് ചിത്രം നിർമിച്ചതും ആദ്യമായി പരീക്കുട്ടിയാണ്. ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ, തോപ്പിൽ ഭാസി എന്നിവരെകൊണ്ട് തെൻറ സിനിമക്ക് കഥയെഴുതിച്ചു.
താരങ്ങളായ മധു, അടൂർ ഭാസി, പി.ജെ. ആന്റണി, കെ.പി. ഉമ്മർ, കുതിരവട്ടം പപ്പു, വിജയനിർമല, സംവിധായകരായ പി. ഭാസ്കരൻ, രാമു കാര്യാട്ട്, എ. വിൻസെന്റ്, സംഗീത സംവിധായകരായ കെ. രാഘവൻ, എ.ടി. ഉമ്മർ, ബാബുരാജ്, ഗാനരചയിതാവ് യൂസഫലി കേച്ചേരി, ഗായകരായ ജയചന്ദ്രൻ, പി. വസന്ത, എസ്. ജാനകി, കെ.എസ്. ജോർജ് തുടങ്ങിയവർക്ക് ആദ്യമായി സിനിമലോകത്തേക്ക് വഴിയൊരുക്കിയതും പരീക്കുട്ടിയായിരുന്നു.ഫോർട്ട്കൊച്ചിയിൽ അദ്ദേഹം നഗരസഭ സഭയുടെ സ്ഥലത്ത് ബി.ഒ.ടി അടിസ്ഥാനത്തിൽ സൈന എന്ന തിയറ്ററും നിർമിച്ചു. കേരളത്തിലെ ആദ്യ 70 എം.എം തിയറ്ററിൽ ഒട്ടേറെ പുതുമകളായിരുന്നു അദ്ദേഹം കൊണ്ടുവന്നത്.
ഹിന്ദി, ഇംഗ്ലീഷ് റിലീസിങ് സിനിമകൾ വരെ അദ്ദേഹം തിയറ്ററിൽ എത്തിച്ചു. പരീക്കുട്ടിയുടെ മരണശേഷം തിയറ്റർ മറ്റൊരാൾക്ക് നടത്തിപ്പിന് നൽകുകയും സൈന തിയറ്റർ കോക്കേഴ്സ് ആയി മാറുകയും ചെയ്തു. എന്നാൽ, വർഷങ്ങളായി തിയറ്റർ അടഞ്ഞുകിടക്കുകയാണ്. നഗരസഭ നവീകരിച്ച് പരീക്കുട്ടിയുടെ സ്മാരകമാക്കി മാറ്റണമെന്ന് കൊച്ചിയിലെ ഒട്ടുമിക്ക കലാകാരന്മാരും സാംസ്കാരിക നായകരും ആവശ്യപ്പെട്ട് മുന്നോട്ടുവരുകയും നഗരസഭ തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്തതാണ്.എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും സ്മാരകം ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല. കൊച്ചിയെ കലയുടെ നഗരമാക്കുമെന്ന് പൊതുവേദികളിൽ മേയർ പ്രഖ്യാപനം നടത്തുമ്പോഴും പരീക്കുട്ടിക്ക് സ്മാരകം ഒരുക്കാതെ അവഗണിക്കുകയാണെന്നാണ് കലാകാരന്മാർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.