തെൻറ പേര് ഒൗദ്യോഗികമായി മാറ്റിയെന്ന് നടി ലക്ഷ്മിപ്രിയ. സബീന ലത്തീഫ് എന്ന രേഖകളിലെ പേരാണ് ലക്ഷ്മിപ്രിയ എന്ന് മാറ്റിയത്. ഫേസ്ബുക്ക് പേജിലൂടെ നടിതന്നെയാണ് വിവരം പങ്കുവച്ചത്. 'ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ടു നടന്നിരുന്ന എെൻറയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട 18 വർഷം ഞാൻ സബീന ആയിരുന്നു. 19 വർഷമായി ഞാൻ ലക്ഷ്മിപ്രിയയും'-അവർ കുറിച്ചു. ഗസറ്റ് നോട്ടിഫിക്കേഷെൻറ കോപ്പിയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
'കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എെൻറ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്'-അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
സംഘപരിവാർ അനുഭാവം പലപ്പോഴും ലക്ഷ്മിപ്രിയയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബി.ജെ.പിയെയും എ.ബി.വി.പിയെയും പുകഴ്ത്തി നടി രംഗത്തെത്തിയിരുന്നു. ബി.ജെ.പി സീറ്റ് നേടിയാലും ഇല്ലെങ്കിലും താൻ എന്നും സംഘപുത്രി ആയിരിക്കും. മരണം വരെ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ജയപരാജയങ്ങളുടെ പേരിൽ ആരെല്ലാം പ്രസ്ഥാനത്തെ വിട്ടുപോയാലും താ൯ എന്നും പ്രസ്ഥാനത്തോടൊപ്പം ഉണ്ടാകുമെന്നുമാണ് ലക്ഷ്മി അന്ന് എഴുതി.തുടർന്ന് നടിയുടെ ഭൂതകാലം ചികഞ്ഞെടുത്ത് വിമർശകരും രംഗത്തുവന്നു. അങ്ങിനെയാണ് സബീന ലത്തീഫ് എന്ന പേരും മതംമാറ്റവുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായത്.
വിവാദങ്ങളെ തുടർന്ന് തെൻറ മതംമാറ്റവുമായി ബന്ധപ്പെട്ട വിശദീകരണവുമായി അവർ രംഗത്തുവന്നിരുന്നു. വിവാഹത്തിന് മുമ്പ് തന്‍റെ പേര് സബീന എ. ലത്തീഫ് എന്നായിരുന്നുവെന്ന് വ്യക്തമാക്കിയ ഇവർ പിന്നീട് സബീന ജയേഷ് എന്ന് പേര് മാറ്റിയതായും പറഞ്ഞിരുന്നു. എന്നാൽ കലാരംഗത്ത് ഇവർ ലക്ഷ്മിപ്രിയ എന്നാണ് അറിയപ്പെട്ടിരുന്നത്. തന്‍റെ കുടുംബത്തെയും വിദ്യാഭ്യാസ യോഗ്യതയെയും കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിൽ വിവരിച്ചിരുന്നു. 16 വയസ് മുതൽ പ്രഫഷനൽ നാടക നടിയായിരുന്നുവെന്നും ഹിന്ദു ആചാര പ്രകാരമാണ് പട്ടണക്കാട് പുരുഷോത്തമന്‍റെ മകൻ ജയേഷിനെ വിവാഹം കഴിച്ചതെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.