തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ദുൽഖർ ചിത്രം കുറുപ്പും മോഹൻലാലിന്‍റെ മരക്കാർ അറബിക്കടലിന്‍റെ സിംഹവും സുരേഷ് ഗോപിയുടെ കാവലും ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിലേക്ക് ആളുകളെ തിരികെയെത്തിച്ച മൂന്ന് ചിത്രങ്ങളും ഈ മാസം തന്നെയാണ് ആമസോണിലും നെറ്റ്ഫ്ലിക്സിലുമായി എത്തുന്നത്.
80 കോടിയിലധികം വേൾഡ് വൈഡ് കലക്ഷനുമായി കുതിക്കുന്ന കുറുപ്പ് 17ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തിറങ്ങുന്നത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെന്‍റ്സും ചേർന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും ശോഭിദ ധുലിപാലയും സണ്ണി വെയ്നും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ കുറുപ്പിന് തിയറ്ററുകളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.
പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 100 കോടി ബജറ്റിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ആമസോണ്‍ പ്രൈമിലൂടെ ഡിസംബര്‍ 17ന് പുറത്തിറങ്ങും. ആമസോണ്‍ പ്രൈം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആമസോണ്‍ ഹെല്‍പ്പ് എന്ന ഫേസ്ബുക്ക് ഹാന്‍ഡിലൂടെയാണ് ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് സ്ഥിരീകരിച്ചത്. ചിത്രം 17ന് ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമില്‍ ലൈവ് ആകുമെന്നാണ് അറിയിച്ചത്.
ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 15 ദിവസങ്ങൾക്ക് ശേഷം ഒ.ടി.ടിയിലെത്തുകയാണ്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തിയ ചിത്രം അഞ്ചു ഭാഷകളിലായി 4000ത്തോളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, പ്രണവ് മോഹന്‍ലാല്‍,മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, ഫാസില്‍, ഇന്നസെന്‍റ്, സിദ്ധിഖ്, മാമുക്കോയ, മണിക്കുട്ടൻ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ആന്‍റണി പെരുമ്പാവൂരാണ് മരക്കാർ നിര്‍മിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ ആണ് ഒ.ടി.ടിയില്‍ വരുന്ന മൂന്നാമത്തെ ചിത്രം. ചിത്രം നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ 23ന് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 25നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്.
അതേസമയം, ടോവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി, ജോജു ജോർജും അഹമ്മദ് കബീറും ഒന്നിക്കുന്ന മധുരം എന്നീ സിനിമകൾ അതിന് മുമ്പായി ഒ.ടി.ടി റിലീസായി വരുന്നുണ്ട്. മോഹൻ ലാൽ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി, വൈശാഖ്-മോഹൻലാൽ ചിത്രം മോൺസ്റ്റർ, ഷാജി കൈലാസ്-മോഹൻലാൽ ചിത്രം എലോൺ തുടങ്ങിയ ചിത്രങ്ങളും ഒ.ടി.ടി റിലീസായി എത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.