മുംബൈ: ബോളിവുഡിലെ ഒമ്പത് ഹൈ-പ്രൊഫൈൽ സെലിബ്രിറ്റികൾക്കെതിരെ ബലാത്സംഗവും മാനഭംഗവും ആരോപിച്ച് മെയ് മാസത്തിലായിരുന്നു മോഡലായ അപർണ മുംബൈ പൊലീസിൽ പരാതി നൽകിയത്. എന്നാൽ, ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി അവർ ആരോപിക്കുന്നു. കേസ് അവസാനിക്കുന്നതിനുമുമ്പ് 'തനിക്കെന്തെങ്കിലും അസാധാരണമായി' സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ആരോപണവിധേയരായിരിക്കുമെന്നും 28 കാരിയായ അപർണ വ്യക്തമാക്കി.
മോഡലിെൻറ പരാതിയെ തുടർന്ന് ബോളിവുഡ് ഫോട്ടോഗ്രാഫർ കോൾസ്റ്റൺ ജൂലിയൻ, ക്വാൻ എൻറർടൈൻമെൻസിെൻറ സ്ഥാപകൻ അനിർബാൻ ബ്ലാ, നടൻ ജാക്കി ഭഗ്‌നാനി, ടി-സീരീസിലെ കൃഷൻ കുമാർ എന്നിവർക്കെതിരെ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആരോപണവിധേയർ സൃഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ തന്നെ കൂട്ടം ചേർന്ന് ആക്രമിക്കുകയാണെന്ന് അപർണ മിഡ്-ഡേയോട് പ്രതികരിച്ചു. 'നൂറോളം വ്യാജ അക്കൗണ്ടുകൾ ഞാൻ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പലതും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അവയെല്ലാം മോശമായ ചിത്രങ്ങളും പേരുകളുമുള്ള അക്കൗണ്ടുകളാണെന്നും യുവതി പറഞ്ഞു.
''ബോളിവുഡിലെ ഹൈ-പ്രൊഫൈൽ പുരുഷൻമാർക്കെതിരെ കേസ് കൊടുത്തതിന് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വധഭീഷണികളെ കുറിച്ച് ഞാൻ അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി പുതിയൊരു കേസ് രജിസ്റ്റർ ചെയ്യാനാണ് അദ്ദേഹം ഉപദേശിച്ചത്. എന്നാൽ, നേരത്തെ ഞാൻ നൽകിയ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആഴ്ചകളെടുക്കുകയും പ്രതികളിലാരെയും ഇതുവരെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും പോലീസ് സ്റ്റേഷൻ സന്ദർശിക്കാൻ ഞാൻ തയ്യാറല്ല''.
''പ്രതികളിലൊരാളായ അനിർബൻ ബ്ലാ ജാമ്യം ആവശ്യപ്പെട്ട് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ജൂലൈ അഞ്ചിന് അത് നിരസിക്കപ്പെട്ടു. പോലീസ് ഇതുവരെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം ഏത് ദിശയിലേക്കാണ് പോകുന്നതെന്നും എനിക്കറിയില്ല, " - അപർണ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.