വയനാട്ടിലെ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരേയും പൊലീസുകാരേയും സന്നദ്ധപ്രവർത്തകരേയും അഭിനന്ദിച്ച് മോഹൻലാൽ. മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുള്ളവരാണ് തങ്ങൾ കേരളീയരെന്നും ഈ ദുഷ്‌കരമായ സമയവും ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്നും മോഹൻലാൽ എക്സിൽ കുറിച്ചു.
'വയനാട്ടിലെ ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ.ഡി.ആർ.എഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തികൾക്കും എന്റെ സല്യൂട്ട്.
മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഐക്യത്തിന്റെ ശക്തി കാണിക്കാൻ ഞാൻ പ്രാര്‍ഥിക്കുന്നു. ദുരന്ത മുഖത്ത് മുൻനിരയിലുള്ള എന്റെ 122 ഇൻഫാൻട്രി ബറ്റാലിയനും നന്ദി' - മോഹൻലാൽ എക്സിൽ കുറിച്ചു. സൈന്യമടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ ചില ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ നാലാംദിവസവും തുടരുകയാണ്. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. എന്നാൽ, 189 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്ടങ്ങൾ കണ്ടുകിട്ടി. 225 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്നു ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഉന്നതതല യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള -കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വി.ടി. മാത്യു യോഗത്തെ അറിയിച്ചു. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്ന് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.