ഭാഷാവ്യത്യാസമില്ലാതെ ജനങ്ങൾ നെഞ്ചിലേറ്റിയ വെബ്സീരീസാണ് മണി ഹീസ്റ്റ്. ലോകമെങ്ങുമുള്ള സീരീസ് പ്രേമികളെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഓരോ മണി ഹീസ്റ്റ് സീസണുകളും കഥ പറഞ്ഞത്. പ്രൊഫസറുടേയും കൂട്ടാളികളുടേയും ബാങ്ക് കവർച്ചയും അതിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളും ആകാംക്ഷയോടെയായിരുന്നു പ്രേക്ഷകർ കണ്ടത്. 2017 മേയ് 2 ന് ആരംഭിച്ച സീരീസ് അഞ്ച് സീസണുകളോടെ 2021ലാണ് അവസാനിച്ചത്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സീരീസുകളിൽ ഒന്നായിരുന്നു ഇത്.
മണി ഹീസ്റ്റിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ബെർലിനെ ആസ്പദമാക്കി പുതിയ വെബ്സീരീസ് അണിയറയിൽ ഒരുങ്ങുകയാണ്. മണി ഹീസ്റ്റ് ബര്‍ലിന്‍ എന്ന പേരിൽ പുറത്ത് ഇറങ്ങുന്ന വെബ് സീരീസ് 2023 ഡിസംബർ 29 നാകും നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുക. ഇപ്പോഴിത സീരീസിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
മണി ഹീസ്റ്റിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ബെർലിൻ കൊല്ലപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭൂതകാലമാണ് സീരീസ് പറയുന്നത്. 'ബെര്‍ലിന്‍ എന്ന കഥാപാത്രത്തിന്‍റെ അന്ത്യമാണ് മണി ഹീസ്റ്റിൽ നിങ്ങള്‍ കണ്ടത്. അദ്ദേഹത്തിന്‍റെ ഭൂത കാലത്തിലൂടെയുള്ള ഒരു യാത്ര, അവന്‍ പ്രണയ ഭ്രാന്തനാണ്, പ്രണയത്തിന് വേണ്ടി അവന്‍ യൂറോപ്പ് കൊളളയടിക്കുന്നുണ്ട്, ഇതാണ് ഈ സീരിസിന്‍റെ പ്രമേയം' - മണി ഹീസ്റ്റ് ബെർലിൻ സ്രഷ്ടാവ് അലക്സ് പിന നേരത്തെ ഒരു സ്പാനീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പുറത്ത് ഇറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണി ഹീസ്റ്റ് താരങ്ങൾ ഈ സീരീസിൽ ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.