ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി അന്തരിച്ചു

കൊല്ലം: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും ‘ജനറൽ പിക്ചേഴ്സ്​’ ഉടമയും കശുവണ്ടി വ്യവസായിയുമായ കെ. രവീന്ദ്രനാഥൻ നായർ (90) (അച്ചാണി രവി)  അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു.

മലയാളത്തിൽ ഏറ്റവുമധികം കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ നിർമ്മിച്ചതിലൂടെ ശ്രദ്ധേയനായ രവീന്ദ്രനാഥർ നായർ കലാ–സാംസ്​കാരിക– സാമൂഹിക സേവന രംഗങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായിരുന്നു. 1967 ൽ പുറത്തിറങ്ങിയ  പി.ഭാസ്​കരെൻറ സംവിധാനം ചെയ്ത ‘അന്വേഷിച്ചു, കണ്ടത്തിയില്ല’ ആണ് രവീന്ദ്രനാഥൻ നായർ നിർമ്മിച്ച ആദ്യചിത്രം.  

അന്വേഷിച്ചു ​കണ്ടെത്തിയില്ല’, ‘ലക്ഷപ്രഭു’, ‘കാട്ടുകുരങ്ങ്, ‘എലിപ്പത്തായം’, ‘മുഖാമുഖം’, ‘അനന്തരം’, ‘വിധേയൻ’ , ‘കാഞ്ചനസീത’, ‘തമ്പ്’, ‘കുമ്മാട്ടി’, ‘എസ്​തപ്പാൻ’, ‘പോക്കുവെയിൽ’, ‘മഞ്ഞ് ’, ‘അച്ചാണി’ എന്നീ സിനിമകൾ നിർമിച്ചു.  ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ മികച്ച പ്രാദേശിക ചിത്രത്തിനുളള ദേശീയ അവാർഡ് ലഭിച്ചു. 1977 ൽ പുറത്തിറങ്ങിയ ‘കാഞ്ചന സീത’ മികച്ച സംവിധായകനുള്ള ദേശീയ പുരസ്​കാരത്തിനും സംസ്​ഥാന സർക്കാറിെൻറ പ്രത്യേക അവാർഡിനും അർഹമായി. 1978 ൽ മികച്ച സംവിധാനത്തിനുള്ള സംസ്​ഥാന അവാർഡ് അടക്കം മൂന്ന് ബഹുമതികൾ ‘തമ്പ്’ നേടി. ‘കുമ്മാട്ടി’ 1979 ലെ മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള സംസ്​ഥാന അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടു. 

1980 ൽ ‘എസ്​താപ്പാൻ’ മികച്ച ചിത്രം, സംവിധായകൻ എന്നിവയടക്കം നാല് അവാർഡുകൾ നേടി. മികച്ച രണ്ടാമെത്ത ചിത്രത്തിനുള്ള ദേശീയ ബഹുമതിയും സംവിധായകനുളള അവാർഡും 81 ൽ പുറത്തിറങ്ങിയ ‘പോക്കുവെയിൽ’ സ്വന്തമാക്കി. മികച്ച പ്രദേശിക ചിത്രം, ശബ്ദലേഖനം, എന്നീ ദേശീയ ബഹുമതികൾക്ക് അർഹമായ എലിപ്പത്തായം  1981 ൽ മികച്ച ചിത്രത്തിനുള്ള ബ്രിട്ടീഷ് ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട് അവാർഡിനും തെരഞ്ഞെടുത്തിരുന്നു.

മികച്ച പ്രാദേശിക ചിത്രം, സംവിധാനം എന്നിവക്ക് ദേശീയ അവാർഡും മികച്ച ചിത്രത്തിന് ഉൾപ്പെടെ അഞ്ച് സംസ്ഥാന അവാർഡുകളും 1984–ൽ ‘മുഖാമുഖം’ നേടി. 1987 ൽ റിലീസ്​ ചെയ്ത ‘അനന്തരവും’ മികച്ച ചിത്രം, സംവിധായകൻ എന്നീ ദേശിയ പുരസ്​കാരങ്ങളും സംസ്ഥാന സർക്കാരിന്റെ അഞ്ച് അവാർഡുകളും നേടിയിരുന്നു. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ബഹുമതിയും മികച്ച  ചിത്രത്തിനുളള അവാർഡും നേടിയ ‘വിധേയൻ’ , 1994ൽ മികച്ച ചിത്രത്തിനുളള സംസ്ഥാന സർക്കാർ അംഗീകാരവും സ്വന്തമാക്കി. 

മലയാള സിനിമക്കുള്ള സമഗ്രസംഭാവനകൾക്കുള്ള ജെ.സി ഡാനിയൽ പുരസ്​കാരമടക്കം വിവിധ അംഗീകാരങ്ങൾ രവീന്ദ്രനാഥൻ നായരെ തേടിയെത്തി. കയറ്റുമതി മികവിന് കേന്ദ്ര സർക്കാർ അംഗീകാരം ഒന്നിലധികം തവണ ലഭിച്ചു. മികച്ച നികുതിദായകനുള്ള ആദായനികുതി  വകുപ്പിന്റെ പുരസ്​കാരം 1994–95 കാലയളവിൽ കിട്ടി.

ട്രിവാൻഡ്രം മാനേജ്മെൻറ് അസോസിയേഷൻ അവാർഡ്, വ്യവസായ ശ്രീ അവാർഡ്– 2001, ഗ്രന്ഥശാലാരംഗത്തെ പ്രവർത്തനത്തിന് സംസ്​ഥാന ലൈബ്രറി കൗൺസിൽ പുരസ്​കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൊല്ലം പബ്ലിക് ലൈബ്രറിയുടെ ഓണററി സെക്രട്ടറി,  ജവഹർ ബാലഭവൻ വൈസ്​പ്രസിഡൻറ്, കൊല്ലം കഥകളി ക്ലബ്ബ് പ്രസിഡൻറ്, കാഷ്യൂ ഹൈപവർ കമ്മിറ്റി അംഗം, നാഷനൽ ഫിലിം ഫെസ്​റ്റിവൽസ്​ ജൂറി അംഗം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, സംസ്​ഥാന ചലച്ചിത്രവികസന കോർപറേഷൻ അംഗം എന്നീ പദവികൾ വഹിച്ചു. 

പരേതരായ പി. കൃഷ്ണപിള്ള–നാണി അമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1932 ഡിസംബർ എട്ടിനായിരുന്നു  ജനനം. പിതാവിന്റെ  മരണത്തെ തുടർന്നാണ്  അദ്ദേഹം നടത്തിവന്നിരുന്ന കശുവണ്ടി വ്യവസയായത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത്. കേരള സർവകലാശാലയിൽ നിന്ന് കോമേഴ്സിൽ ബിരുദവും നേടിയ ശേഷം 1957ൽ  ‘വിജയലക്ഷ്മി കാഷ്യൂ കമ്പനി’ ആരംഭിച്ചു.

വിജയലക്ഷ്മി കാഷ്യൂകമ്പനി (വി.എൽ.സി) ക്ക് കീഴിൽ  കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്​ഥാനങ്ങളിലായി എഴുപതോളം കശുവണ്ടി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ‘പ്രതാപ് ഫിലിംസ്​’ എന്ന പേരിൽ ചലച്ചിത്ര വിതരണ കമ്പനി നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തി. ഭാര്യ: ഉഷാരവി. മക്കൾ:  പ്രതാപ്, പ്രീത, പ്രകാശ് . മക്കളായ  പ്രതാപും, പ്രകാശും മരുമകൻ സതീശ് നായരും ബിസിനസ്​ രംഗത്ത് സജീവമാണ്.

Tags:    
News Summary - Movie Producer Achani Raavi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.