വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എം. മോഹനൻ ചിത്രം "ഒരു ജാതി ജാതകം" ഒ.ടി.ടിയിലെത്താൻ വൈകുന്നു. ജനുവരി മാസം തിയേറ്ററുകളിലെത്തിയ ചിത്രം മനോരമ മാക്സിലൂടെ മാർച്ച് 14ന് ഒ.ടി.ടിയില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രം ഇതുവരെ ഒ.ടി.ടിയിൽ എത്തിയിട്ടില്ല.
റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് മനോരമ മാക്സിന്റെ ഇൻസ്റ്റഗ്രാമിൽ നിന്നും റിമൂവ് ചെയ്തു. പകരം പുതിയ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. "ഞങ്ങൾ ഇവിടെയൊക്കെ തന്നെയുണ്ട്!, നല്ല പെണ്ണ് കിട്ടാൻ കുറച്ച് കാത്തിരിക്കണം, നല്ല സിനിമ കാണാനും അൽപ്പം കാത്തിരിക്കണം- മമ്പറത്ത് ജയേഷ്" എന്നാണ് പുതിയ പോസ്റ്റ്. എന്നാൽ ചിത്രം എന്തുകൊണ്ടാണ് വൈകുന്നതെന്നോ എപ്പോൾ ഒ.ടി.ടിയിൽ എത്തുമെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം 9.23 കോടി രൂപയുടെ ബോക്സ് ഓഫിസ് കളക്ഷൻ നേടി. ചിത്രത്തിൽ ബാബു ആന്റണിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മൃദുല്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഗായകന്‍ വിധു പ്രതാപും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജനുവരി 31നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഗാനങ്ങള്‍ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്മണ്യം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍. എഡിറ്റിങ് രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. മേക്കപ്പ് ഷാജി പുല്‍പ്പള്ളി. കോസ്റ്റ്യും ഡിസൈന്‍ റാഫി കണ്ണാടിപ്പറമ്പ്. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ അനില്‍ ഏബ്രഹാം. ക്രിയേറ്റീവ് ഡയറക്ടര്‍ - മനു സെബാസ്റ്റ്യന്‍. കാസ്റ്റിങ് ഡയറക്ടര്‍ പ്രശാന്ത് പാട്യം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സൈനുദ്ദീന്‍. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ്‌സ് നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.