സെയിം സാദിഖ് സംവിധാനം ചെയ്ത ജോയ് ലാൻഡിന് പ്രദർശനാനുമതി നിഷേധിച്ച് പാകിസ്താൻ. പ്രമേയത്തെ കുറിച്ചുളള പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രം നിരോധിച്ചത്. 2023 ലെ പാകിസ്താന്റെ ഔദ്യോഗിക ഓസ്കാർ എൻട്രി കൂടിയാണ് ചിത്രം.
ഈ കഴിഞ്ഞ ആഗസ്റ്റ്17നാണ് ചിത്രം റിലീസ് ചെയ്യാനുള്ള അനുമതി പാകിസ്താൻ സർക്കാർ നൽകിയത്. തുടർന്ന് സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി എതിർപ്പുകളും പ്രതിഷേധങ്ങളും രാജ്യത്ത് ഉയർന്നിരുന്നു. തുടർന്നാണ് ചിത്രം നിരോധിച്ചത്
"നമ്മുടെ സാമൂഹിക മൂല്യങ്ങളോടും ധാർമിക നിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും 1979-ലെ മോഷൻ പിക്ചർ ഓർഡിനൻസിന്റെ സെക്ഷൻ 9 ൽ പറഞ്ഞിരിക്കുന്നത് പോലെ 'മാന്യതയുടെയും ധാർമ്മികതയുടെയും' മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമായ കാര്യങ്ങൾ സിനിമയിൽ അടങ്ങിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള പരാതികൾ ലഭിച്ചു''; നവംബർ 11ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ 18 നായിരുന്നു ചിത്രം പ്രദർശനത്തിന് എത്തേണ്ടിയിരുന്നത്.ട്രാൻസ് യുവതിയും ഒരു യുവാവും തമ്മിലുളള പ്രണയവും പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സാനിയാ സയീദ്, അലി ജുനോജോ, സൊഹാലി സമീർ, അലീന ഖാൻ, റസ്തി ഫാറൂഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാൻ ചലച്ചിത്രമേളയിൽ മികച്ച നിരൂപക പ്രശംസ ജോയ്‍ലാൻഡിന് ലഭിച്ചിരുന്നു. ടോറോന്റോ, ബുസർ ചലച്ചിത്രമേളകളിലും ചിത്രം ശ്രദ്ധയാകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.