തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മൂന്നംഗ പൊലീസ് സമിതി. ഹൈകോടതി നിർദേശത്തെ തുടർന്നാണിത്. എ.ഡി.ജി.പി പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ.സി.പി എ. നസീം എന്നിവരെയാണ് സിനിമ കണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചിരിക്കുന്നത്.
സിനിമയിലുപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകൾ ഇവർ പരിശോധിക്കും. ശേഷം റിപ്പോർട്ട് തയാറാക്കി ഹൈകോടതിക്ക് കൈമാറും. 'ചുരുളി'യിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈകോടതി നേരത്തേ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. കേസിൽ ഡി.ജി.പിയെ സ്വമേധയാ കക്ഷി ചേർത്തിട്ടുമുണ്ട്.
ചുരുളി പൊതു ധാർമ്മികതക്ക് നിരക്കാത്തതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലിവിൽ നിന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് കോടതിയെ സമീപിച്ചത്. ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നതായി തോന്നുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
സിനിമ എന്നത് സംവിധായകന്‍റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിൽ കോടതിക്ക് കൈകടത്താൻ സാധിക്കില്ല. വള്ളുവനാടൻ ഭാഷയോ കണ്ണൂർ ഭാഷയോ ഉപയോഗിക്കണമെന്ന് കോടതിക്ക് പറയാനാകില്ല. ആ ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നതെന്നും ചിത്രത്തിലെ വിവാദമായ ഭാഷാ പ്രയോഗത്തെ പരാമർശിച്ച് കോടതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.