കാത്തിരിപ്പിന് അവസാനം,'ആടുജീവിതം' എത്തുന്നു; സർപ്രൈസുമായി പൃഥ്വിരാജ്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്- ബ്ലെസി ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ വിഖ്യാത നോവലായ ആടുജീവിതത്തിന്റെ ചലച്ചിത്രാവിഷ്കരമായ ചിത്രം , പ്രഖ്യാപനം മുതലെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സോഷ്യൽ മീഡിയ പേജിൽ ആടുജീവിതവുമായി ബന്ധപ്പെട്ട ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ് തീയതി നവംബർ 30ന് നാല് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിഡിയോയിൽ പറയുന്നത്. പ്രതീക്ഷയെ പുനർനിർവചിക്കുന്നു എന്നാണ് റിലീസ് തീയതി പ്രഖ്യാപനത്തേക്കുറിച്ചുള്ള വിഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നത്.

സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം എത്തുക.

പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റുതാരങ്ങൾ. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

2018 മാർച്ചിൽ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് ജോർദാൻ, അൾജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയിൽ കോവിഡ് കാലത്ത് സംഘം ജോർദാനിൽ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിങ് അവസാനിച്ചത്. എന്നാൽ ഈ വർഷം ആദ്യം ചിത്രത്തിന്റെ ദൃശ്യങ്ങൾ ഒരു വെബ്സൈറ്റിലൂടെ ചോർന്നത് അണിയറപ്രവർത്തകരെ ആശങ്കപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി തയാറാക്കിയ ട്രെയിലറാണ് പുറത്തുവന്നതെന്ന് പിന്നീട് സംവിധായകൻ വിശദീകരിച്ചിരുന്നു. ശേഷം ട്രെയിലർ എന്ന രീതിയിൽത്തന്നെ ഈ ദൃശ്യങ്ങൾ ഔദ്യോ​ഗികമായി പുറത്തുവിടുകയും ചെയ്തു.


Full View


Tags:    
News Summary - prithviraj announce aadujeevitham movie release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.