വെല്ലുവിളിയാകുന്ന പല റോളുകളും ആത്മസമർപ്പണം നൽകി മികച്ച അഭിനയം കാഴ്ചവെക്കുന്ന നടനാണ് തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം. അതിരുകൾക്കപ്പുറം മികച്ച സിനിമകളും കഥാപാത്രങ്ങളുമുണ്ടാക്കാൻ അദ്ദേഹം നിരന്തരം ശ്രമിക്കാറുണ്ട്. 'തങ്കലാൻ' ആണ് വിക്രത്തിന്‍റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ശാരീരികമായും മാനസികമായും ഒരുപാട് അധ്വാനം വേണ്ട കഥാപാത്രമാണ് തങ്കലാനിൽ വിക്രത്തിന്‍റേത്. വിക്രത്തിന് സൂപ്പർതാരങ്ങളായ അജിത്, വിജയ്, സൂര്യ എന്നിവരെ പോലെ ബോക്സ് ഓഫീസ് പവർ ഇല്ലെന്ന് കരുതുന്നവരുണ്ട്. അത്തരത്തിൽ ഒരു ചോദ്യം ഒരു അവതാരകൻ വിക്രത്തിനോട് ചോദിച്ചിരുന്നു. തങ്കലാന്‍റെ പ്രസ് കോൺഫറെൻസിലായിരുന്നു വിക്രത്തിനോടുള്ള ചോദ്യമുണ്ടായത്.
' നിങ്ങൾ മികച്ച പ്രകടനം എല്ലാ സിനിമയിലും കാഴ്ചവെക്കാറുണ്ട്. എന്നാൽ അജിത്, വിജയ്, സൂര്യ എന്നിവരെ പോലെ നിങ്ങൾക്കൊരു ഫാൻ ബേസ് ഇല്ലാലോ?' അവതാരകൻ ചോദിച്ചു. ഇതിന് വളരെ രസകരമായിട്ടാണ് വിക്രം മറുപടി നൽകുന്നത്. തന്‍റെ ഫാൻ ഫോളോവിങ്ങിനെ കുറിച്ച് നിനക്ക് അറിയാത്തത് കൊണ്ടാണെന്നും എല്ലാ ആളുകളും തന്‍റെ പ്രേക്ഷരാണെന്നും വിക്രം പറഞ്ഞു.
'അത് നിനക്ക് എന്‍റെ ആരാധക പിന്തുണ അറിയാത്തത് കൊണ്ടാണ്, നിങ്ങൾ എന്‍റെ സിനിമ ഒന്ന് തീയേറ്ററിൽ ചെന്ന് കണ്ടു നോക്ക് അപ്പോൾ അറിയാം. ടോപ് 3, 4, 5 എന്നിവയിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ ആരാധകരുമുണ്ട്, സാധാരാണ പ്രേക്ഷകരുമുണ്ട്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ തരം പ്രേക്ഷകരും എന്‍റെ ആരാധകരാണ്,' വിക്രം മറുപടി നൽകി.
കമേഴ്ഷ്യൽ സിനിമകൾ തനിക്ക് അപരിചിതമൊന്നുമല്ലെന്നും എന്നാൽ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കാനും ഒരു കലാകാരാനായി വളരാനുമാണ് താൻ കൂടുതൽ ശ്രമിക്കുന്നതെന്നും ചിയാൻ പറയുന്നുണ്ട്. 'ഞാൻ ഇപ്പോൾ തന്നെ കുഴപ്പമില്ലാത്ത നിലയിൽ എത്തിയിട്ടുണ്ട്. ഡൂൾ, സാമി പോലെയുള്ള സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള സിനിമകൾ എനിക്ക് അപരിചിതമല്ല. എന്നാൽ ഞാൻ വ്യത്യസ്ത കഥാപാത്രങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നു. അങ്ങനെ സിനിമയെ മറ്റൊരു തലത്തിലെത്തിക്കാൻ എനിക്ക് സാധിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.
പാ രഞ്ജിത്ത് എഴുതി സംവിധാനം ചെയ്യുന്ന 'തങ്കലാൻ' ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും. വിക്രമിനെ കൂടാതെ പാർവത് തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും പ്രധാന കഥാപാത്രത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.