അവിശ്വാസികളുടെ സർവനാശത്തിന് വേണ്ടി ശ്രീകോവിലിന് മുന്നിൽ പോയിരുന്നു പ്രാർഥിക്കുമെന്നുള്ള നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസ്താവന വലിയ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി അഭിഭാഷക രശ്മിത രാമചന്ദ്രൻ രംഗത്ത്. അവിശ്വാസികൾ മുഴുവൻ നശിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ ദൈവസങ്കൽപം ഇടുങ്ങിയതും മോശവുമാണ്. സുരേഷ് ഗോപിയുടെ സങ്കൽപത്തിൽ ദൈവത്തിന്റേയും ചെകുത്താന്റേയും പോർട്ട്ഫോളിയോ ഒന്നാണെന്ന് തോന്നുവെന്നും രശ്മിത ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പ്രിയപ്പെട്ട സുരേഷ് ഗോപി ചേട്ടന്, ഒരു അവിശ്വാസിയുടെ, ഇനിയും വിശ്വാസങ്ങള്‍ ഒന്നും തെരഞ്ഞെടുത്തിട്ടില്ലാത്ത മകളോടൊപ്പം ഇന്നു രാവിലെ!
പ്രിയപ്പെട്ട സുരേഷ് ചേട്ടാ, നിങ്ങളുടെ പല സിനിമകളും ഇഷ്ടമുള്ള ഒരു അവിശ്വാസി ആണ് ഞാന്‍. നിങ്ങളുടെ സല്‍ക്കാര പ്രിയതയെ കുറിച്ച് പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ഒരു ചങ്ങാതി പറഞ്ഞ് അറിഞ്ഞിട്ടുണ്ട്- നിങ്ങളെ ഇഷ്ടപ്പെടുന്ന കുറെ അധികം പേരെ എനിക്കറിയാം! ഇങ്ങനെ ഒക്കെയുള്ള നിങ്ങള്‍ അവിശ്വാസികള്‍ മുഴുവന്‍ നശിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ എത്ര ഇടുങ്ങിയതും മോശവും ആണ് താങ്കളുടെ ആ ദൈവ സങ്കല്‍പം! ആപത്ത് ബാന്ധവനായ ദൈവം എന്നല്ലാതെ ആപത്ത് ഉണ്ടാകാന്‍ അള്ള് വയ്ക്കുന്ന ഒരു ദൈവം എന്ന സങ്കല്‍പ്പത്തിലുള്ള ഒരു വിശ്വാസം എത്ര അപകടകരമാണ്!
താങ്കളുടെ സങ്കല്‍പത്തില്‍ ദൈവത്തിന്റെയും ചെകുത്താന്റെയും പോര്‍ട്ട്‌ഫോളിയോ ഒന്നാണ് എന്ന് തോന്നുന്നു!. അങ്ങനെ എങ്കില്‍ ചിത്രത്തില്‍ താങ്കളുടെ ഒപ്പം നില്‍ക്കുന്ന ആ പെണ്‍കുട്ടി- എന്റെ മകള്‍- ആജീവനാന്തം സകല മനുഷ്യരെയും സ്‌നേഹിക്കുന്ന അവിശ്വാസി ആയി തുടരണം എന്നും ഒരു വിഭാഗം മനുഷ്യരെ വെറുക്കുന്ന വിശ്വാസി ആകരുത് എന്നും ഞാന്‍ ആഗ്രഹിക്കുന്നു!
ഒരു കൊച്ചു കുട്ടിയുടെ ഒപ്പം വാത്സല്യത്തോടെ പോസ് ചെയ്ത നന്മക്ക് നന്ദി ! ചേട്ടനും കുടുംബത്തിനും ഒരു അവിശ്വാസിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍!,’ -രശ്മിത രാമചന്ദ്രന്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.