മുംബൈ: രണ്ടാമത്തെ മകൻ ജനിച്ച് ആറുമാസം കഴിഞ്ഞിട്ടും കുഞ്ഞിന്‍റെ ഫോട്ടോയോ മറ്റ് വിശദാംശങ്ങേളാ പുറത്തുവിട്ടിരുന്നില്ല ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂർ ഖാനും. കുഞ്ഞിന്‍റെ പേര് 'ജെ' (Jeh) എന്നാണെന്ന് കരീനയുടെ പിതാവ് രൺധീർ കപൂർ ജൂലൈയിൽ പറഞ്ഞതുമാത്രമായിരുന്നു കുഞ്ഞിനെ കുറിച്ച് ആരാധകർക്ക് ലഭിച്ചിരുന്ന ആകെ വിവരം. ഇപ്പോൾ രണ്ടാമത്തെ മകന് മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിന്‍റെ പേരിട്ടു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കരീന കപൂർ.
ഫെബ്രുവരി 21നാണ് 40കാരിയായ കരീന രണ്ടാമത്തെ മകന് ജന്മം നൽകിയത്. 2016ൽ ജനിച്ച ആദ്യ മകൻ തൈമൂറിന്‍റെ പേരിനെ ചൊല്ലി വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ രണ്ടാമത്തെ മകനെ കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവിടാതെ ഇരിക്കുകയായിരുന്നു താരദമ്പതികൾ. ഇപ്പോൾ ഗർഭിണിയായിരിക്കെയുള്ള തന്‍റെ അനുഭവങ്ങൾ വിവരിച്ച് കരീന പുറത്തിറക്കിയ 'പ്രെഗ്നൻസി ബൈബിൾ-ദി അൾട്ടിമേറ്റ് മാന്വൽ ഫൊർ മോംസ് ടു ബീ' എന്ന പുസ്തകത്തിലാണ് ജഹാംഗീറിന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിലുടനീളം കുഞ്ഞിനെ 'ജെ' എന്ന് പരാമർശിച്ചിരിക്കുന്ന കരീന ഏറ്റവും ഒടുവിലാണ് പേര് ജഹാംഗീർ എന്നാണെന്ന് പറയുന്നത്.
ആദ്യ മകന് ലോകചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൈമൂറിന്‍റെ പേര് നൽകിയത് ഏറെ കുറ്റപ്പെടുത്തലുകൾക്ക് വഴിതെളിച്ചിരുന്നു. തുടർന്ന് ക്രൂരനായ ഭരണാധികാരയുടെ പേര് എന്ന നിലയിലല്ല ആ പേര് തിരഞ്ഞെടുത്തതെന്നും പുരാതന പേർഷ്യൻ ഭാഷയിൽ തൈമൂർ എന്നാൽ ഇരുമ്പ് എന്നാണർഥമെന്നും വിശദീകരിച്ച് സെയ്ഫ് രംഗത്തെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.