സുരക്ഷയാണ് സുരക്ഷിതമല്ലാത്തതിനെക്കാൾ നല്ലതെന്ന് വധ ഭീഷണി നേരിടുന്ന ബോളിവുഡ് നടൻ സൽമാൻ ഖാൻ. പൂർണ സുരക്ഷയോടെയാണ് താൻ എല്ലായിടത്തും പോകുന്നതെന്നും താരം പറഞ്ഞു. ഇന്ത്യ ടിവിയിലെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് സൽമാൻ വധ ഭീഷണിയുടെ പശ്ചാത്തലത്തിലുള്ള അനുഭവം പങ്കുവെച്ചത്.
ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയെ തുടർന്ന് താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്. ‘സുരക്ഷയാണ് സുരക്ഷിതമല്ലാത്തതിനെക്കാൾ നല്ലത്. അതേ, സുരക്ഷയുണ്ട്. ഇപ്പോൾ റോഡിൽ സൈക്കിൾ ചവിട്ടാനും ഒറ്റക്ക് പോകാനും കഴിയില്ല. മാത്രമല്ല ഞാൻ ട്രാഫിക്കിലായിരിക്കുമ്പോൾ, അവിടെ കൂടുതൽ സുരക്ഷയുണ്ടാകും, വാഹനങ്ങൾ മറ്റുള്ളവർക്ക് അസൗകര്യം സൃഷ്ടിക്കുന്നു. ഗുരുതരമായ ഭീഷണിയുള്ളതിനാലാണ് സുരക്ഷ’ -സൽമാൻ പറഞ്ഞു.
‘ഞാൻ എല്ലായിടത്തും പൂർണ സുരക്ഷയോടെയാണു പോകുന്നത്. എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടതു സംഭവിക്കുമെന്ന് എനിക്കറിയാം. ഇപ്പോൾ എനിക്കു ചുറ്റും ധാരാളം ഷേരകളുണ്ട് (അംഗരക്ഷകർ). നിരവധി തോക്കുകൾ എന്നോടൊപ്പം ചുറ്റിനടക്കുന്നു. ഈ ദിവസങ്ങളിൽ ഞാൻ എന്നെത്തന്നെ ഭയപ്പെടുന്നു’ – സൽമാൻ കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്ക് മുമ്പ്, സൽമാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്ത 16 വയസ്സുകാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ ജോധ്പുരിൽനിന്ന് റോക്കി ഭായ് എന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം ഫോൺ ചെയ്തത്. ഏപ്രിൽ 30ന് സൽമാനെ വധിക്കുമെന്നായിരുന്നു ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.