ലോക്ക് ഡൗണിന് ശേഷം ബോളിവുഡ് സിനിമകൾക്ക് അത്രനല്ല സമയമല്ല. പ്രതീക്ഷയോടെ പുറത്തിറങ്ങിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ തകർന്ന് അടിയുകയായിരുന്നു. ആമിർഖാനും അക്ഷയ് കുമാറുമെല്ലാം കരിയറിലെ ഏറ്റവും വലിയ പരാജയങ്ങൾക്കായിരുന്നു സാക്ഷിയായത്. എന്നാൽ രൺബീർ കപൂർ , ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർ സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയും ഷാറൂഖ്ഖാന്റെ പത്താനും ബോളിവുഡിന് പുതുജീവനേകി. ഈ രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയം നേടിയിരുന്നു. ഷാറൂഖ് ഖാന്റെ പത്താൻ തരംഗം ഇനിയും പ്രേക്ഷകരുടെ ഇടയിൽ അവസാനിച്ചിട്ടില്ല. എന്നാൽ ഈ ട്രെൻഡ് തുടർന്ന് പോകാൻ ബോളിവുഡിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന.
പത്താനെ പോലെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സൽമാൻ ഖാന്റെ 'കിസി ക ഭായ് കിസി കി ജാൻ'. 2023 ഏപ്രിൽ 21 ന് പുറത്ത് ഇറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ചത് പോലെ തിയറ്ററുകളിൽ വിജയം നേടാനായില്ല. 150 കോടി ബജറ്റിൽ ഒരുങ്ങിയ സൽമാൻ ചിത്രം ഒരാഴ്ചയായിട്ടും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടില്ല. എട്ട് ദിവസം പിന്നീടുമ്പോൾ 92.15 കോടി മാത്രമാണ് സൽമാന്റെ ബിഗ് ബജറ്റ് ചിത്രം സ്വന്തമാക്കിയത്. പത്താനെ പോലെ തിയറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ ചിത്രത്തിനാകില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെങ്കിലും കൂടുതൽ മുന്നോട്ട് പോകില്ലെന്നും തിയറ്ററുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഷാറൂഖ് ഖാൻ ചിത്രം ആദ്യദിവസം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. 225 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 1,050 കോടി രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമാണിത്.
പൂജ ഹെഗ്‌ഡേയാണ് 'കിസി ക ഭായ് കിസി കി ജാനി'ലെ നായിക. തെലുങ്ക് താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തിയിരുന്നു. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മിച്ച ചിത്രം ഫര്‍ഹദ് സംജിയാണ് സംവിധാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.