തിരുവനന്തപുരം: എല്ലാ തിയേറ്ററുകളിലും നിറഞ്ഞ പ്രേക്ഷക പങ്കാളിത്തം. പ്രദർശിപ്പിച്ച 67 സിനിമകളിൽ മിക്കവയും മികച്ച അഭിപ്രായവും നേടി. ഇക്കൊല്ലത്തെ കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ്പ്രീ അവാർഡ് സ്വന്തമാക്കിയ പായൽ കപാഡിയ ചിത്രം ‘പ്രഭയായ് നിനച്ചതെല്ലാം’ ടാഗോർ തിയേറ്ററിലെ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു.
സമൂഹത്തിന്റെ സ്ത്രീ സൗന്ദര്യസങ്കൽപങ്ങൾ പ്രമേയമായ ‘ദ സബ്സ്റ്റൻസി’ന്റെ മൂന്നാം പ്രദർശനത്തിനും കാണികൾ ഏറെയായിരുന്നു. ആദ്യ പ്രദർശനങ്ങളിൽ മികച്ച അഭിപ്രായം നേടിയ കോൺക്ലേവ്, അനോറ, ഫെമിനിച്ചി ഫാത്തിമ, കാമദേവൻ നക്ഷത്രം കണ്ടു, ഭാഗ്ജാൻ, ദ ഷെയിംലെസ് തുടങ്ങിയ ചിത്രങ്ങൾ വീണ്ടും പ്രദർശിപ്പിച്ചു. മധു അമ്പാട്ട് റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ ഭരതൻ സംവിധാനം ചെയ്ത ‘അമര’വും ഹോമേജ് വിഭാഗത്തിൽ ഹരികുമാറിന്റെ ‘സുകൃത’വും പ്രദർശിപ്പിച്ചു.
വ്യാഴാഴ്ച രാഹുൽ സദാശിവന്റെ ‘ഭ്രമയുഗം’, ദീപ മേഹ്തയുടെ ‘ഫയർ’, മാർക്കോസ് ലോയ്സയുടെ ‘അവെർനോ’, അക്കിനേനി കുടുമ്പ റാവുവിന്റെ ‘ഒക്ക മാഞ്ചി പ്രേമ കഥ’ എന്നിവയുടെ പ്രദർശനം നടക്കും. അഭിനയജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ഷബാന ആസ്മിയോടുള്ള ആദരസൂചകമായി ഒരുക്കിയ ‘സെലിബ്രേറ്റിങ് ഷബാന’ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രമാണ് ‘ഫയർ’.
കൺട്രി ഫോക്കസ് വിഭാഗത്തിലെത്തിയ അർമേനിയൻ ചിത്രങ്ങൾ ഐ.എഫ്.എഫ്.കെയിലൂടെ ലോകശ്രദ്ധ ആകർഷിക്കുകയാണ്. ലോസ്റ്റ് ഇൻ അർമേനിയ, പരാജനോവ് സ്കാൻഡൽ, അമേരികേറ്റ്സി എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഏഴാം ദിനം പ്രദർശനത്തിനുള്ളത്. കഴിഞ്ഞ ദിനങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടിയ മെമറീസ് ഓഫ് എ ബേണിങ് ബോഡി, റിഥം ഓഫ് ദമാം, പാത്ത്, ക്വിയർ, കാമദേവൻ നക്ഷത്രം കണ്ടു തുടങ്ങിയവയുടെ മേളയിലെ അവസാന പ്രദർശനം ഇന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.