‘നിങ്ങൾക്കെന്നെ ഇഷ്ടമല്ലേ?’-വെറുതേയെങ്കിലും ‘അതെ’ എന്ന് അയാൾ പറയണമെന്ന് ആഗ്രഹിച്ച് രാധിക ചോദിച്ചു. അൽപനേരത്തെ മൗനത്തിന് ശേഷം ‘അതിന് നീ എന്റെ ആരാ?’ എന്ന മറുചോദ്യമാണ് ഷഹീദിൽ നിന്നുണ്ടായത്. ഒരിക്കലും ഒരുമിക്കാനാകില്ലെന്നറിഞ്ഞും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെയും ഒരാൾക്ക് മറ്റൊരാളെ സ​്നേഹിക്കാൻ കഴിയുമോ? കൃത്യമായ മറുപടി പറയാൻ കഴിയാത്ത ഇത്തരം ചില ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ‘Someone’ എന്ന ഷോർട്ട് മൂവി. ഒറ്റനോട്ടത്തിൽ, ദൂരെ എവിടെ നിന്നോ രാവിലെ നഗരത്തിൽ വന്നു ചെറിയ ജോലികൾ ചെയ്ത് തിക്കിത്തിരക്കി രാത്രി തിരിച്ച് വീട്ടിലേക്ക് ഓടി പോകുന്ന വെറും സാധാരണക്കാരായ രണ്ട് മനുഷ്യരുടെ കഥയാണിത്. പക്ഷേ, ആഴത്തിൽ ചിന്തിച്ചാൽ മനുഷ്യബന്ധങ്ങളിലെ സങ്കീർണതയുടെ ഉൾക്കാഴ്ചകൾ ഇതിൽ നിന്ന് കണ്ടെടുക്കാം. ഭേദങ്ങളില്ലാതെ, അതിരുകളില്ലാതെ, മനുഷ്യനെ മനുഷ്യനായി കണ്ട് സ്നേഹിക്കുന്നവരുള്ള ഒരു ഭംഗിയുള്ള ലോകത്തിന്റെ നേർക്കാഴ്ചയും ‘Someone’ സമ്മാനിക്കുന്നു.

ബാലതാരമെന്ന നിലയിൽ കലാരംഗത്ത് തുടക്കം കുറിച്ച, മുൻ പ്രവാസി കൂടിയായ ഹരിദേവ് കൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് മുഖ്യവേഷത്തിലെത്തുന്ന ഈ ഹ്രസ്വചിത്രം പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഫാർമസി ജീവനക്കാരനായ ഷഹീദും ട്രാൻസ് വുമണും ക്ലിനിക് ജീവനക്കാരിയുമായ രാധികയും ഒരു രാത്രിയിൽ ജോലി കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടയിലുള്ള സംഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. അവർക്കൊപ്പം യാത്ര ചെയ്യുന്നതുകൊണ്ട്, ഇരുവരുടെയും സൗഹൃദത്തിലെയും ജീവിതത്തിലെയും സങ്കീർണതകളും സംഘർഷങ്ങളും നൊമ്പരങ്ങളുമെല്ലാം കാഴ്ചക്കാരന്റേത് കൂടിയാകുന്ന വിധമാണ് ഹരിദേവ് ‘Someone’ ആവിഷ്കരിച്ചിരിക്കുന്നത്. വലിയ ആകാശത്തെ നോക്കി, സ്വപ്നം കാണാനായിട്ട് ആകാശത്തിന്റെ ഒരുതുണ്ട് പോലും സ്വന്തമായി ഇല്ല​ല്ലോയെന്ന് അവർ നെടുവീർപ്പിടുമ്പോഴും ഈ ലോകത്ത് സ്വന്തമായി ഒരു മേൽക്കൂര പോലുമില്ലാത്ത നമ്മളെ പോലെ എത്ര പേരുണ്ടെന്ന് സങ്കടപ്പെടുമ്പോഴും പ്രേക്ഷകരും അതിൽ പങ്കുചേരുന്നു. രാജേഷിൽ നിന്ന് രാധികയായി മാറിയ ദിവസത്തെ അവൾ ജന്മദിനമെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ആ പരിണാമത്തിനിടയിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിട്ട അവഗണനയുടെയും കുറ്റപ്പെടുത്തലിന്റെയുമൊക്കെ നീറ്റലും ആ ബന്ധങ്ങളോടുള്ള നിസ്സംഗതയും വെല്ലുവിളികളെ അതിജീവിച്ചതിന്റെ കരുത്തുമെല്ലാം ഇരുളും വെളിച്ചവും ഇടകലർന്ന ദൃശ്യങ്ങളിൽ നിന്ന് വായിച്ചെടുക്കാം. വരവ് ഇല്ലെങ്കിലും കടം മാത്രം കൂടുന്ന പ്രതിഭാസങ്ങളെന്ന് സ്വയം കണക്കാക്കുന്നണ്ടെങ്കിലും സ്നേഹത്തിന്റെ സുന്ദരമായ രണ്ടു മുഖങ്ങൾ ഷഹീദിലും രാധികയിലും ദൃശ്യമാണ്. ഷഹീദിന്റെ ഭാര്യയെ കാണിക്കുന്നില്ലെങ്കിലും ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും അകന്നുനിൽക്കുന്നതിന്റെ ആത്മനൊമ്പരങ്ങളുമെല്ലാം സംഭാഷണങ്ങളിലൂടെ സംവദിക്കപ്പെടുന്നുണ്ട്.

കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ് വുമൺ മേക്കപ്പ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ സീമ വിനീത് ആണ് രാധികയെ അവതരിപ്പിക്കുന്നത്. നിലപാടുകൾ കൊണ്ടും സ്വന്തം പ്രവർത്തന മികവ് കൊണ്ടും ശ്രദ്ധേയയായ സീമ ആദ്യമായാണ് ഒരു ഷോർട്ട് മൂവിയിൽ മുഖ്യ കഥാപാത്രമായി എത്തുന്നത്. ഋഷി ശ്രീലകത്തിന്റേതാണ് കഥ. സിനിമാറ്റോഗ്രാഫിയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് പ്രകാശ് റാണയാണ്. നിവേദ് മോഹൻദാസ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ധീരജ് സുകുമാരന്റേതാണ്. ഒപ്പം ആക്ടർ ട്രെയിനർ ആയി സാം ജോർജുമുണ്ട്. ഇതിനോടകം പ്രേക്ഷക പ്രീതി ലഭിച്ച ‘ഏറെ തിരക്കുള്ള നഗരമധ്യത്തിലെ’ എന്ന് തുടങ്ങുന്ന കവിത ആലപിച്ചിരിക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഉണ്ണിമേനോൻ ആണ്. സന്ദൂപ് നാരായണന്റേതാണ് വരികൾ.

മുത്തോടു മുത്ത്, എന്റെ കളിത്തോഴൻ, നന്ദി വീണ്ടും വരിക തുടങ്ങി പത്തോളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് ഹരിദേവ് കൃഷ്ണൻ. ബേബി ശാലിനിയുടെ ആദ്യ നായകൻ എന്ന പേരിൽ വൈറലായ ചില പോസ്റ്റുകൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ സജീവമാണ്. അനശ്വര നടൻ മധുവിന്റെ സഹോദരീപുത്രൻ കൂടിയായ ഹരിദേവ് 2009 മുതൽ എട്ടുവർഷത്തോളം സൗദി അറേബ്യയിലെ റിയാദിൽ പ്രവാസിയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഹരിദേവ് അഭിനയത്തിനോടുള്ള താല്പര്യം കാരണം തീയറ്റർ ​പ്രവർത്തനങ്ങൾക്കായി രംഗബോധി എന്നൊരു കലാസമിതിക്ക് രൂപം നൽകി. രംഗബോധിയുടെ നേതൃത്വത്തിൽ രണ്ട് നാടകങ്ങൾ തിരുവനന്തപുരത്ത് അവതരിപ്പിച്ചു. കോവിഡുകാലം അതിനൊരു വിരാമം ഇട്ടെങ്കിലും 2021ൽ ഹരിദേവ് കഥയും തിരക്കഥയും എഴുതി ഒപ്പം കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ച ‘Not for sale’ എന്ന ഷോർട്ട് ഫിലിം (സംവിധാനം- അനൂപ് മോഹൻ) യുട്യൂബിൽ റിലീസായി. നല്ല സന്ദേശങ്ങൾ പകരുന്ന ലഘുസിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനും പുതിയ അഭിനേതാക്കളെയും സംവിധായകരെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും അവതരിപ്പിക്കുന്നതിനുമാണ് ‘Coffee Stories’ എന്ന യുട്യൂബ് ചാനൽ തുടങ്ങിയത്.

പുതിയ എഴുത്തുകാർക്കും സംവിധായകർക്കും സങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും അവസരങ്ങൾ ഉണ്ടാകുന്നതിന് സോഷ്യൽ മീഡിയ ഒരുപാട് സഹായകമാവുന്നുണ്ടെന്ന് ഹരിദേവ് പറയുന്നു. എങ്കിലും പലപ്പോഴും ഗൗരവകരമായ ശ്രമങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നുണ്ട്. ഇതുമൂലം സത്യസന്ധമായി കലയെ സമീപിക്കുന്നവർ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും ഓൺലൈൻ മീഡിയകളും പരിമിതമായ സാഹചര്യത്തിൽ, കുറഞ്ഞ ബജറ്റിൽ നിർമിക്കുന്ന ഇത്തരം സംരംഭങ്ങൾക്ക് പൂർണ പിന്തുണ നൽകണമെന്നും ഹരിദേവ് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Someone short film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.