മുംബൈ: തന്‍റെ പേരിൽ വ്യാജ ഭവനവായ്പ പദ്ധതി തുടങ്ങി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ബോളിവുഡ് താരം സോനു സൂദ്. ഓരോ ദിവസവും പുതിയ തട്ടിപ്പുകളാണ് തന്‍റെ പേരിൽ കേൾക്കുന്നതെന്നും താരം പറഞ്ഞു. "ഇത്തരം വ്യാജ ഫൗണ്ടേഷനുകളുണ്ടാക്കി സാധാരണക്കാർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടുന്നത് വളരെ സങ്കടകരമാണ്. ശസ്ത്രക്രിയക്കായി സാമ്പത്തിക സഹായം തേടുന്ന അല്ലെങ്കിൽ കുട്ടിയുടെ സ്‌കൂൾ ഫീസ് അടയ്‌ക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി… അവരെ എങ്ങനെ വഞ്ചിക്കാൻ കഴിയും....?, ദുരിതമനുഭവിക്കുന്ന അത്തരം ആളുകൾ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നവരിലെല്ലാം പ്രതീക്ഷ വെക്കും. അഴിമതിക്കാർ ദരിദ്രരെ മുതലെടുക്കുന്നത് മാപ്പർഹിക്കാത്തതാണ്." -സോനു സൂദ് വ്യക്തമാക്കി.
തട്ടിപ്പുകാരിലൊരാളുമായി സംസാരിച്ച അനുഭവവും സോനു സൂദ് പങ്കുവെച്ചു. ''എന്‍റെ പേരിൽ തട്ടിപ്പ് നടത്തുന്ന ഒരാളുമായി ഫോണിലൂടെ സംസാരിച്ചത് ഞാൻ ഓർക്കുന്നു. ലോൺ ആവശ്യമുള്ള ഒരാളായിട്ടാണ് എന്നെ പരിചയപ്പെടുത്തിയത്. 'നിർബന്ധമായും രജിസ്ട്രേഷൻ ഫീസ് നൽകണമെന്ന്' അയാൾ പറഞ്ഞു. എന്നാൽ, അപ്പോൾ തന്നെ ഞാനാരാണെന്ന് തട്ടിപ്പുകാരോട് വെളിപ്പെടുത്തി. പലതരം ആവശ്യങ്ങളുള്ള പാവം പൗരൻമാരെ മേലാൽ പറ്റിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പണത്തിന് ആവശ്യമുണ്ടെങ്കിൽ എന്‍റെയടുത്തേക്ക് വരാനും ഞാൻ അവരോട് പറഞ്ഞു. ഭയന്ന അയാൾ ഒരുപാട് തവണ മാപ്പ് പറഞ്ഞു. എന്നാൽ, ഞാൻ അവന് ജോലി വാഗ്ദാനം ചെയ്യുകയാണ് ചെയ്തത്''. -സോനു സൂദ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു താരം, തട്ടിപ്പുകാർ തന്‍റെ പേരിൽ വ്യാജ ലോൺ സർവീസ് തുടങ്ങി ആളുകളെ പറ്റിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയത്. 60 മാസങ്ങൾ കൊണ്ട് അടച്ചു തീർക്കാവുന്ന രീതിയിൽ അഞ്ച് ലക്ഷം രൂപ വരെ ലോൺ ലഭിക്കാനായി 3,500 രൂപ ആളുകളിൽ നിന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സോനു സൂദ് ഫൗണ്ടേഷൻ എന്ന പേരിൽ വ്യാജ സമ്മതപത്രമുണ്ടാക്കിയാണ് കൃത്യം ചെയ്യുന്നത്. ഈ ഫൗണ്ടേഷന്‍റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ടും നിലവിലുണ്ട്. സംഭവത്തിന് പിന്നാലെ താരം യു.പി പൊലീസിലും മുംബൈ പൊലീസിലും കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകളാണ് എന്‍റെ പേരിൽ കേൾക്കുന്നത്. ഇത് അവസാനിപ്പിക്കണം. ഇനി അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനായി കർശന നടപടികൾ സ്വീകരിക്കണം. പറ്റിപ്പുകാരെ ഓരോരുത്തരെയായി ഞങ്ങൾ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ആളുകളെ പറ്റിക്കാനായുള്ള പുതിയ അടവുകളും അതിന് വേണ്ടി പ്രവർത്തിക്കുന്നവരുടെ പേരുകളും ഫോൺ നമ്പറുകളും ഓരോ ദിവസവും ഞങ്ങൾ കണ്ടെത്തുന്നുമുണ്ട്. -സോനു സൂദ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.