മമ്മൂട്ടി 'നോ' എന്ന് ഉറക്കെ അലറിവിളിച്ചു; രാഷ്ട്രപതി ഭയന്നു; രസകരമായ സംഭവം പങ്കുവെച്ച് ശ്രീനിവാസൻ

 മമ്മൂട്ടിയെക്കുറിച്ചുള്ള രസകരമായ സംഭവം പങ്കുവെച്ച നടൻ ശ്രീനിവാസൻ. ദേശീയ പുരസ്കാര വേദിയിലുണ്ടായ സംഭവമാണ് ശ്രീനിവാസൻ വെളിപ്പെടുത്തിയത്. തിരക്കഥാകൃത്ത് എസ്. എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിലാണ് പഴയ സംഭവം ശ്രീനിവാസൻ ഓർത്തെടുത്തത്. മമ്മൂട്ടിയുടെ ശബ്ദം കേട്ട് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണൻ പേടിച്ചു പോയെന്നും നടൻ കൂട്ടിച്ചേർത്തു.

'ചിന്താവിഷ്ടയായ ശ്യാമളക്ക് ദേശീയ പുരസ്കാരം ലഭിച്ച വർഷം മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്കും ലഭിച്ചിരുന്നു. അവാർഡ് സ്വീകരിക്കുന്നതിന്റെ തലേ ദിവസം പ്രസിഡന്റിന്റെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങുന്നതിന്റെ റിഹേഴ്സൽ ഉണ്ടാകാറുണ്ട്. എങ്ങനെ ചെല്ലണം, അനാവശ്യ സംസാരം ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങൾ ആ റിഹേഴ്സലിൽ പുരസ്കാര ജേതാക്കൾക്ക് പറഞ്ഞു കൊടുക്കും. പിറ്റേന്ന് പുരസ്കാര ദാനച്ചടങ്ങിൽ ജേതാക്കളെക്കുറിച്ച് അവതാരക സംസാരിക്കും. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്ന സമയം അവതാരക പറഞ്ഞു ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിക്കുന്നതെന്ന്. അതുകേട്ട മമ്മൂട്ടി നോ എന്ന് ഉറക്കെ അലറിവിളിച്ചു. തനിക്ക് മൂന്നാമത്തെ തവണയാണ് ഈ പുരസ്കാരം ലഭിക്കുന്നതെന്ന് പറഞ്ഞാണ് മമ്മൂട്ടി സീറ്റിൽ ഇരുന്നത്.

കെ.ആർ നാരായണൻ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. അദ്ദേഹം ഈ അലർച്ച കേട്ട് പേടിച്ചു പോയി. പിന്നീട് പുരസ്കാരം വാങ്ങാൻ പോയപ്പോൾ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്നെങ്ങാനും ആയിരിക്കണം ആ പറഞ്ഞത്. ഞാൻ കേട്ടില്ല, പക്ഷേ സോറി സർ എന്ന് മമ്മൂട്ടി പറഞ്ഞതായി എനിക്ക് തോന്നി. മൂന്ന് തവണ എന്നതിന് പകരം രണ്ട് തവണ എന്ന് പറഞ്ഞതിന് ഇത്രയും ഒച്ച വെക്കണമായിരുന്നുവോ എന്നാണ് എന്റെ സംശയം'; ശ്രീനിവാസൻ പറഞ്ഞു

മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ്. ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. പി.ആർ.ഒ പ്രതീഷ് ശേഖർ.

Tags:    
News Summary - Sreenivasan Shares Funny Incident With Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.