ലോകമെങ്ങുമുള്ള തമിഴരുടെ ഏക തലൈവർ രജനികാന്തിന് ഇന്ന് 71ാം ജന്മദിനം. സ്റ്റൈൽ മന്നന് ആശംസകളും പ്രാർഥനകളും നേരുകയാണ് സിനിമാ ലോകവും ആരാധകരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പേർ ഇന്ത്യൻ സിനിമയുടെ സ്വന്തം ദളപതിക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി.
തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച 'ദളപതി'യുടെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചുകൊണ്ടാണ് രജനിക്ക് മെഗാതാരം മമ്മൂട്ടി പിറന്നാളാശംസകള്‍ നേര്‍ന്നത്. സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയും പോലെ അനുഗ്രഹീതനായി തുടരുക'-എന്നും മമ്മൂട്ടി കുറിച്ചു. 'സന്തോഷകരമായ ജന്മദിനം നേരുന്നു പ്രിയപ്പെട്ട രജനികാന്ത് സർ. വിനയത്തിന്‍റെ പ്രതിരൂപമാണ് നിങ്ങൾ. അങ്ങയുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി എന്നെന്നും പ്രാർഥിക്കുന്നു' എന്നായിരുന്നീ മോഹൻലാലിന്‍റെ ആശംസ.
'എന്‍റെ തലൈവർക്ക് ജന്മദിനാശംസകൾ. ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് സർ, ഞാൻ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു' എന്ന് മരുമകനും നടനുമായ ധനുഷ് ട്വീറ്റ് ചെയ്തു. കാര്‍ത്തിക് സുബ്ബരാജ്, ഡി. ഇമ്മന്‍, ശിവകാര്‍ത്തികേയന്‍, വിഷ്‍ണു വിശാല്‍, സീനു രാമസാമി, ജയം രവി, നാദിയ മൊയ്തു, ക്രിക്കറ്റർ ഹർഭജൻ സിങ് തുടങ്ങി നിരവധി പേര്‍ പ്രിയതാരത്തിന് ആശംസകളുമായി എത്തി.
സിരുത്തൈ ശിവ സംവിധാനം ചെയ്ത 'അണ്ണാത്തെ'യാണ് രജനിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതുവരെയുള്ള ജീവിതത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ആരാധകർക്ക് വിനോദമേകാൻ വിനിയോഗിച്ച രജനികാന്തിന്‍റെ മുഖം വെള്ളിത്തിരയിൽ തെളിഞ്ഞുതുടങ്ങിയിട്ട് നാലര പതിറ്റാണ്ടിലേറെയായി. ആരും അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാൽ ആർക്കും അത്രയെളുപ്പം അനുകരിക്കാൻ കഴിയാത്ത രജനി സ്െറ്റെലിന് ഇന്നും തീയറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്്ടിക്കാനും കോടികളുടെ പണക്കിലുക്കം ഉറപ്പാക്കാനും കഴിയും.
സിഗരറ്റ് അന്തരീക്ഷത്തിലേക്കെറിഞ്ഞ് വായ്ക്കുള്ളിലാക്കി വലിക്കുന്നതുമുതൽ നടത്തത്തിലെ വരെയുണ്ട് ഒരു രജനി സ്ൈറ്റൽ. ആ ചലനങ്ങളും ഭാവങ്ങളും യുവാക്കൾക്ക് ഹരമായി തീർന്നപ്പോൾ ഇന്ത്യയിലെ വിലപിടിപ്പുള്ള ഒരു ബ്രാൻഡായി രജനികാന്ത് മാറാൻ അധിക കാലം വേണ്ടി വന്നില്ല. കൂലിക്കാരൻ, കർഷകൻ, ഒാേട്ടാക്കാരൻ തുടങ്ങിയ വേഷങ്ങളിലൂടെ തങ്ങളിലൊരാളാണെന്ന തോന്നൽ ഉൗട്ടിയുറപ്പിച്ചാണ് രജനി ജനലക്ഷങ്ങളുടെ തലൈവരായത്. രജനി സിനിമകൾ പോലെ തന്നെ അവയിലെ ഡയലോഗുകളും സൂപ്പർഹിറ്റാണ്. നാന്‍ ഒരു തടവൈ സൊന്നാല്‍ നൂറ് തടവൈ സൊന്ന മാതിരി, ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ തുടങ്ങിയവയൊക്കെ ഇന്നും ഹിറ്റാണ്.
ബസ് കണ്ടക്ടറായിരുന്ന ശിവാജി റാവു ഗെയ്ക്വാദ് സൂപ്പർ താരം രജനീകാന്ത് ആയി വളർന്നതിനുപിന്നിൽ സിനിമയെ വെല്ലുന്ന അനുഭവങ്ങളുണ്ട്. 1975 ആഗസ്റ്റിൽ പുറത്തിറങ്ങിയ 'അപൂർവരാഗങ്ങളി'ലെ വില്ലൻ വേഷത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും പിന്നീട് നായക വേഷങ്ങൾ കിട്ടിത്തുടങ്ങിയതോടെ ആരാധകരുടെ സിരകളിൽ രജനി ഒരു വികാരമായി കത്തിക്കയറി.
തൊണ്ണൂറുകളിലെ ദളപതി, മന്നന്‍, പടയപ്പ, മുത്തു, ബാഷ, അരുണാചലം തുടങ്ങിയ ചിത്രങ്ങളും പുതു നൂറ്റാണ്ടിലെത്തിയ ശിവജി, യന്തിരൻ, കബാലി, പേട്ട, ദർബാർ എന്നിവയുമെല്ലാം ആരാധകര്‍ക്ക് ഉത്സവമായി. 1995ല്‍ പുറത്തിറങ്ങിയ 'മുത്തു' ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും നേടി. 'ഹം' പോലുള്ള സൂപ്പർഹിറ്റുകളിലൂടെ ബോളിവുഡിൽ മാത്രമല്ല,ബ്ലഡ്സ്റ്റോൺ എന്ന സിനിമയിലൂടെ ഹോളിവുഡിലും രജനി സാന്നിധ്യമറിയിച്ചു. 1979ൽ ഇറങ്ങിയ 'അലാവുദ്ദീനും അത്ഭുതവിളക്കും' എന്ന സിനിമയിലെ കമറുദ്ദീൻ ആയി മലയാളത്തിലും രജനി അതിഥിയായെത്തി.
2002ല്‍ പുറത്തിറങ്ങിയ 'ബാബ' ബോക്സോഫീസില്‍ തകര്‍ന്നുവീണതോടെ രജനിയുടെ കാലഘട്ടം അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ മൂന്നു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ 'ചന്ദ്രമുഖി'യിലുടെ കിടിലൻ തിരിച്ചുവരവാണ് രജനി നടത്തിയത്. 'അണ്ണാത്തെ' വരെയെത്തി നിൽക്കുന്ന ആ യാത്രയിൽ താരത്തിളക്കവും സ്റ്റൈലും ഇല്ലാത്തൊരു രജനികാന്തിനെയും കാണാം.
കഷണ്ടി കയറിയ തലയിലെ പാറിപ്പറക്കുന്ന നരച്ച മുടിയുമായി ആഢംബരം ഒന്നുമില്ലാത്ത പച്ചയായ മനുഷ്യനായി പലപ്പോഴും രജനി സാധാരണക്കാർക്കിടയിലൂെട നടന്നു. തമിഴ് സിനിമാ ലോകത്തെ ഇതിഹാസതാരമായ രജനിയെ ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും തെരഞ്ഞെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.