കണ്ണൂര്‍ പള്ളിപ്പുറം മേലേച്ച് മുക്ക് ശമീറിന്റെ മകള്‍ സ്‌നേഹയുടെ വിവാഹത്തലേന്ന് 'ഉയ്യാരം പായ്യാരം' പാട്ടിന് ഡാൻസ് കളിക്കുന്നവർ. ഈ ഗാനം ഉൾപ്പെട്ട ‘കക്ഷി: അമ്മിണിപ്പിള്ള’ സിനിമയുടെ അണിയറ പ്രവർത്തകർ പ്രോജക്റ്റ് ഡിസൈനര്‍ ഷാഫി ചെമ്മാടിന്റെ വീട്ടിൽ ഒത്തുകൂടിയപ്പോൾ.

കല്യാണവീട്ടിലെ വൈറൽ പാട്ട് പിറന്ന കഥ കേൾക്കണോ? 'ഉയ്യാരം പായ്യര'ത്തിന്‍റെ പിറവിയുമായി സംവിധായകൻ

കണ്ണൂർ: 'കണ്ടോ ഇവിടെയിന്ന് കുരുവികള്‍ക്ക് മംഗലം... കുരുവികള്‍ക്ക് മംഗലം....'' എന്നു തുടങ്ങുന്ന 'ഉയ്യാരം പായ്യാരം' പാട്ടാണി​പ്പോൾ എങ്ങും ഹിറ്റ്. കണ്ണൂര്‍ പള്ളിപ്പുറം മേലേച്ച് മുക്ക് ശമീറിന്റെ മകള്‍ സ്‌നേഹയുടെ വിവാഹത്തലേന്ന് ബിരിയാണി വിളമ്പുന്നവരടക്കം പാട്ടിനൊത്ത് നൃത്തം വെച്ചതോടെയാണ് സംഗതി വൈറലായത്.

ഈ സീൻ എല്ലാവരും ഏറ്റുപിടിച്ചതോടെ, തങ്ങളുടെ പാട്ടിന് പുതുജീവൻ കൈവന്നതിന്റെ ആഹ്ലാദത്തിലാണ് ഈ പാട്ടുൾക്കൊള്ളുന്ന സിനിമയുടെ പിന്നണിപ്രവർത്തകർ. 2019 ജൂണ്‍ 28ന് റിലീസായ 'കക്ഷി അമ്മിണിപ്പിള്ള' എന്ന സിനിമയിലെ അഞ്ച് പാട്ടുകളിലൊന്നാണ് 'ഉയ്യാരം പായ്യാരം' എന്ന തകര്‍പ്പന്‍ പാട്ട്. മറവിയിലേക്ക് മറ​ഞ്ഞ സിനിമ, ഈ പാട്ടിലൂടെ വീണ്ടും ​പ്രേക്ഷക ശ്രദ്ധയിൽ എത്തിയതിന്റെ സന്തോഷം പങ്കുവെക്കാൻ കഴിഞ്ഞ ദിവസം ഇവർ കലൂരിൽ ഒത്തുകൂടി.

ഈ ഒത്തുകൂടലിന്റെയും പാട്ട് പിറന്നതിന്റെയും കഥ പറയുകയാണ് സിനിമയുടെ സംവിധായകൻ കൂടിയായ ദിന്‍ജിത് അയ്യത്താന്‍:


പ്രിയപ്പെട്ടവരെ,

ഞങ്ങളിന്ന് വീണ്ടുമൊന്ന് ഒത്തുകൂടി. നാലഞ്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന 'ഉയ്യാരം പായ്യാരം' പാട്ടിന്‍റെ ശില്‍പ്പികള്‍ എന്ന് ചുരുക്കത്തില്‍ പറയാം. പക്ഷേ, അതിനപ്പുറമാണ്, ഞങ്ങളെ സംബന്ധിച്ച് ഈ കൂടിച്ചേരല്‍.

ഒരു സിനിമ ചെയ്യുക, അതു പുറത്തിറങ്ങുക, വിജയം നേടിയ ശേഷം ജനങ്ങള്‍ക്കിടയിലേക്ക് അതു മറയുക. അതാണ് പതിവ്. പക്ഷേ, മൂന്ന് വര്‍ഷത്തിനുശേഷം, അത് വീണ്ടും ചര്‍ച്ചയാവുക എന്നത് അസാധാരണമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട 'കക്ഷി അമ്മിണിപ്പിള്ള' സിനിമയ്ക്ക് സംഭവിച്ചത് അതാണ്. സിനിമയിലെ പാട്ടുകളിലൊന്നായ 'ഉയ്യാരം പയ്യാര'മാണ് വീണ്ടും ആ സിനിമയെ ലൈംലൈറ്റിലേക്ക് കൊണ്ടുവന്നത്.

ഇത്രയും വിജയിച്ച 'ഉയ്യാരം പയ്യാര' ത്തിന് ഒരു കഥയുണ്ട്.ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത കഥ !

അരുണ്‍ മുരളീധരനായിരുന്നു അമ്മിണി പിള്ളയുടെ രണ്ട് മനോഹരമായ melody പാട്ടുകള്‍ ചെയ്തത്. സിനിമയുടെ ഹൈലൈറ്റായി നിശ്ചയിച്ചത്, കല്യാണവീട്ടിലെ ഒരു പാട്ടായിരുന്നു. ട്രെന്‍ഡി ആയ ഒരു പാട്ട് വേണമെന്ന് ഉറപ്പിച്ചിരുന്നു. മാപ്പിളപ്പാട്ടിന്‍റെ മൂഡായിരിക്കണം. ഉറപ്പായും ആളുകള്‍ക്ക് ഇഷ്ടമാവുന്ന, വൈറലാവുന്ന ഒരു പാട്ടാവണമത്. അരുണ്‍ അത് ചെയ്തുവെങ്കിലും സിനിമയ്ക്ക് പറ്റിയതായിരുന്നില്ല. അങ്ങനെ ആ പാട്ട് ചെയ്യാന്‍ പ്രശസ്തനായ മറ്റൊരു സംഗീത സംവിധായകനെ ഏല്‍പ്പിച്ചു. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരു ഗംഭീര മ്യൂസിക് ഡയറക്ടര്‍. അദ്ദേഹത്തോട് കഥയും സന്ദര്‍ഭങ്ങളുമെല്ലാം കൃത്യമായി തന്നെ പറഞ്ഞു.


അങ്ങനെ പടം തുടങ്ങി.അതിനോടൊപ്പം ടെന്‍ഷനും. രണ്ടാമത്തെ ആഴ്ചയാണ് സിനിമയില്‍ ഏറ്റവും ശ്രദ്ധേയമാവേണ്ട ആ പാട്ട് ഷൂട്ട് ചെയ്യേണ്ടത്. ആദ്യ ആഴ്ച നമ്മുടെ മ്യൂസിക് ഡയറക്ടര്‍ ഒരു ട്യൂണ്‍ അയച്ചു.കേട്ടതും നിരാശതോന്നി, ഞാനുദ്ദേശിച്ച പാട്ടേയല്ല അത്! മറ്റുള്ളവരെയും അത് കേള്‍പ്പിച്ചു. ഇല്ല, ഇത് ശരിയാവില്ല എന്നാണവരും പറഞ്ഞത്. ഷാഫിക്ക പറഞ്ഞ വാക്കുകള്‍ ഇപ്പോളും ഓര്‍ക്കുന്നു ."നിങ്ങളുടെ ആദ്യത്തെ സിനിമയാണിത് .ഇപ്പോള്‍ നിങ്ങള്‍ കോംപ്രമൈസ് ചെയ്താല്‍ ഭാവിയില്‍ വല്ലാത്ത വേദന ആയി മാറും.നമ്മുക്ക് ഇത് വേറൊരു ഷെഡ്യൂള്‍ ആയി വേണമെങ്കില്‍ ചെയ്യാം .പ്രൊഡ്യൂസറെ നമ്മുക്ക് പറഞ്ഞു മനസിലാക്കാം ." ആ ഒരു ധൈര്യം തന്ന ഷാഫിക്കയോടു എന്നും നന്ദി മാത്രം. .

"ഇങ്ങനെ അല്ല ഞാന്‍ ഉദേശിച്ചത്" എന്ന് മ്യൂസിക് ഡയറക്ടറോടു പറഞ്ഞപ്പോള്‍ എന്തു കൊണ്ടോ അദ്ദേഹത്തിനത് ഇഷ്ടമായില്ല. ഒത്തിരി പ്രതീക്ഷിച്ചിടത്തും നിരാശയായിരുന്നു ബാക്കി.

പക്ഷേ, പകരം പാട്ടെവിടെ? ഇനി ഒരാഴ്ചയേ ഉള്ളൂ. ''എങ്ങനെയെങ്കിലും നമുക്ക് പറ്റിയ ഒരു മ്യൂസിക് ഡയറക്ടറെ കിട്ടിയേ പറ്റൂ.'-ഷാഫിക്കയോട് പറഞ്ഞു. തനിക്ക് പരിചയമുള്ള മലപ്പുറത്തുള്ള ഒരു സംഗീത സംവിധായകനെ പരീക്ഷിച്ചാലോ എന്നദ്ദേഹം ആരാഞ്ഞു. ഞാന്‍ ഒകെ പറഞ്ഞു. അങ്ങനെയാണ്, അന്നൊരു കന്നഡ പടത്തില്‍ മ്യൂസിക് ഡയറക്ടറെ സഹായിച്ചിരുന്ന സാമുവല്‍ എബി എന്ന ചെറുപ്പക്കാരനിലേക്ക് എത്തിയത്. എന്നെപ്പോലെ തന്നെ തുടക്കക്കാരന്‍!''

ബാംഗ്ലൂരില്‍ ഒരു കന്നട പടത്തിന്‍റെ വര്‍ക്കിനിടയിലാണ്, ചെറുപ്പത്തിലേ അറിയാവുന്ന ഷാഫിക്ക എബിയെ വിളിക്കുന്നത്. 'ഒരു പാട്ടുവേണം, കല്യാണവീട്ടില്‍ പാടുന്ന ഒരു പാട്ട്. കഥാഗതിയെ മുന്നോട്ടു കൊണ്ടുപോവേണ്ട പാട്ടാണ്. ഒട്ടും സമയമില്ല. നിനക്ക് നാളെ തലശ്ശേരി വരെ ഒന്നു വരാനാവുമോ?' -ഇതായിരുന്നു ചോദ്യം. ചോദ്യം കേട്ടപാടെ ബാംഗ്ലൂരില്‍ നിന്നും രാത്രി തന്നെ പ്രോഗ്രാമിംഗ് ചെയ്യാനുള്ള മുഴുവന്‍ സെറ്റപ്പുമായി റോഡ്‌വഴി അയാള്‍ രാവിലെ തലശ്ശേരിക്ക് എത്തി.

ഷൂട്ട് കഴിഞ്ഞു ഹോട്ടല്‍ മുറിയില്‍ രാത്രി എത്തിയപ്പോള്‍ ഞാന്‍ കാണുന്നത് മുറിയില്‍ എല്ലാം സെറ്റ് ചെയ്തു എന്നെ കാത്തു നില്‍ക്കുന്ന എബിയെ ആണ് .

കഥയും സന്ദര്‍ഭങ്ങളുമെല്ലാം കൃത്യമായി തന്നെ പറഞ്ഞു കൊടുത്തു.ഇന്നത്തേയും കൂട്ടി അഞ്ചാമത്തെ ദിവസം ഷൂട്ട്! അതിനുള്ളില്‍

Song റെഡി ആവേണമെന്നും കൂട്ടി ചേര്‍ത്തു. Reaction നോക്കുമ്പോള്‍ ഒരു ചെറു പുഞ്ചിരി മാത്രം! ഇവന്‍ കൊള്ളാലോ എന്നു മനസില്‍ തോന്നി .

ഒരു പുതിയ മ്യൂസിക് ഡയറക്ടര്‍! അതും രണ്ടു ദിവസത്തിനുളില്‍ ട്യൂണ്‍ റെഡിയാക്കി നമ്മുക്ക് ഇഷ്ടപ്പെടുന്ന ഒരു ട്രെന്‍ഡി മ്യൂസിക് തരാന്‍ ഇയാളെ കൊണ്ട് പറ്റുമോ.?


ടെന്‍ഷന്‍ കൂടി കൂടി വന്നു…

അന്ന് രാത്രി ഷൂട്ട് കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ എബി രണ്ട് ഓപ്ഷന്‍ ട്യൂണ്‍ ചെയ്തു വെച്ചിരിക്കുന്നു. ഫസ്റ്റ് ദിവസം തന്നെ ഞെട്ടിച്ചു കളഞ്ഞു !!

അതിലൊരു ട്യൂണ്‍ ഇഷ്ടായി ,ഫിക്സും ചെയ്തു . കുറച്ചു മാറ്റങ്ങള്‍ അവനോടു നിര്‍ദേശിച്ചു.

പാട്ട് ഷൂട്ട് ചെയ്യാന്‍ ആകെയുള്ളത് ഇനി മൂന്ന് ദിവസം!. ഇനി വരികള്‍ വേണം. പാട്ടുകാരന്‍ വേണം. റെക്കോര്‍ഡിംഗ് ചെയ്യണം. ഖവാലിയുടെ സ്വഭാവമൊക്കെ വരുന്ന പാട്ടാണ്. അത്തരം പാട്ടുകള്‍ പാടുന്ന, സിയാഉല്‍ ഹഖിന്റെ പേരു എബി പറഞ്ഞു.ഞാന്‍ ആദ്യമായാണ് സിയയുടെ പേര് കേള്‍ക്കുന്നത് . അപ്പോള്‍ മറ്റൊരു പ്രശ്‌നം. വരികള്‍ ആരഴുതും? നേരത്തെ ഇത്തരം ചില പാട്ടുകള്‍ ഗംഭീരമായി എഴുതിയ മനു മഞ്ജിത്തിന്റെ പേരുയര്‍ന്നുവന്നു. ഷാഫീക്കയും രഞ്ജിത് കരുണാകരനും(പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ) എല്ലാവരെയും എത്തിക്കാന്‍ റെഡി ആയി നില്‍ക്കുകയാണ് .ഷാഫീക്ക മനുവിനെ വിളിച്ചപ്പോള്‍ മംഗലാപുരത്താണ് PG ചെയ്തോണ്ടിരിക്യാന്നു പറഞ്ഞു .പരിചയം ഉള്ളത് കൊണ്ട് ഇന്ന് തന്നെ തലശ്ശേരി വരാന്‍ ആവശ്യപ്പെട്ടു.

മനു പിറ്റേന്ന് തന്നെ എത്തി. രാത്രി ആയപ്പോഴേക്കും ആഗ്രഹിച്ച വരികള്‍ തന്നു മനു ഞെട്ടിച്ചു കളഞ്ഞു !

''കണ്ടോ ഇവിടെയിന്ന് കുരുവികള്‍ക്ക് മംഗലം

കുരുവികള്‍ക്ക് മംഗലം

കുരുവികള്‍ക്ക് മംഗലം

കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും

സൊറ പറഞ്ഞ് ഞങ്ങളും

സൊറ പറഞ്ഞ് ഞങ്ങളും''

എന്ന തുടക്കം വന്നതോടെ ആ പാട്ടിന് രൂപമായി.

ഇനി രണ്ടു ദിവസം മാത്രം !!

ഷാഫിക്ക സിയാനെ കോള്‍ ചെയ്തു.രണ്ടു മൂന്നു ടൈം വിളിച്ചിട്ടും എടുത്തില്ല .പിന്നേയും ടെന്‍ഷന്‍ !.ഷൂട്ടിന്റെ സമയത്താരുന്നു ഷാഫിക്ക ഇത് പറയുന്നതു .

കുറച്ചു കഴിഞ്ഞപ്പോള്‍ സിയ തന്നെ ഷാഫിക്കാനെ തിരിച്ചു വിളിച്ചു.

.മറ്റൊരു പാട്ടിന്റെ തിരക്കിലായിരുന്ന സിയയോട് പെട്ടെന്ന് തലശ്ശേരിക്ക് എത്താന്‍ ആവശ്യപ്പെട്ടു.പിറ്റേന്നു രാവിലെ സിയ വന്നു .

ഗായകന്‍ കൂടി വന്നതോടെ പാട്ടിന് കൃത്യമായ ഭാവവും കൈവന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് സിയ പാട്ട് പാടി തകര്‍ത്തു. വൈകിട്ട് ആസിഫും പ്രൊഡ്യൂസറും ഞാനും ടീമിലുള്ളവരും വന്നു പാട്ടു കേട്ടു.

എല്ലാരും ഹാപ്പി . പാട്ടുകേട്ടതും ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. അതൊരു ഗംഭീര നിമിഷമായിരുന്നു. അഞ്ചു ദിവസത്തില്‍ എല്ലാം റെഡി!

പിറ്റേന്ന് ആ പാട്ടിന്‍റെ ഷൂട്ടായിരുന്നു. ഒരു കല്യാണത്തലേന്ന്, പിലാക്കൂല്‍ ഷംസു എന്ന പ്രദേശിക സെലബ്രിറ്റി ഗായകന്‍

തകര്‍ത്തുപാടുന്നതാണ് പാട്ടിന്‍റെ രംഗം. ഉഗ്രന്‍ പാട്ട് എന്ന് എല്ലാവരും ഉറപ്പിച്ച നിമിഷമായിരുന്നു അത്.

അന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു ഇത് കല്യാണ വീടുകളില്‍ തരംഗം ആകുമെന്നു.ഇന്നത് കാണുമ്പോള്‍ സന്തോഷം.


അമ്മിണിപ്പിള്ളയുടെ സ്വന്തം പ്രോജക്റ്റ് ഡിസൈനര്‍ ഷാഫിക്കയാണ് (ഷാഫി ചെമ്മാട്) നാട്ടുകാരെല്ലാം നമ്മുടെ പാട്ടിനെക്കുറിച്ച് പറയുമ്പോള്‍ നമുക്കും ഒന്ന് കൂടണ്ടേ എന്ന് ചോദിച്ചത്. അങ്ങനെ കലൂരിലെ ഷാഫിക്കയുടെ വീട്ടില്‍ ഇന്ന് ഞങ്ങളെല്ലാം ആ പാട്ടിന്‍റെ തിരിച്ചുവരവ് ആഘോഷിച്ചു. ഉയ്യാരം പയ്യാരം പാടിയ സിയ (സിയാഉല്‍ ഹഖ്) പുതിയ സിനിമകളുടെ തിരക്കില്‍നിന്നാണ് വന്നത്. അതിനുശേഷം, 'ഒരു പാട് പാട്ടുപാടി, പക്ഷേ, ഈ പാട്ട് എപ്പോഴും സന്തോഷം കൊണ്ടുതരുന്നു' എന്നാണ് മൂപ്പരുടെ അനുഭവം. ആ പാട്ടിന്‍റെ കംപോസര്‍, ഞങ്ങളുടെ എബിയും (സംഗീത സംവിധായകന്‍ സാമുവല്‍ എബി) തിരക്കുകള്‍ക്കിടയില്‍നിന്ന്, പിതാവിനൊപ്പമാണ് എത്തിയത്. മൂന്ന് കൊല്ലം കൊണ്ട് യൂട്യൂബില്‍ മൂന്നര കോടി കടന്ന ആ പാട്ടിന് വരികളെഴുതിയ മനു മഞ്ജിത്തും പുതിയ സിനിമാ തിരക്കുകള്‍ക്കിടയില്‍ സുഹൃത്തുക്കളുമായി ഓടിവന്നു. ആസിഫലി നായകനാവുന്ന പുതിയ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ തിരക്കുകള്‍ക്കിടയിലാണ് ഈ അപൂര്‍വ സംഗമം എന്നെ തേടിയെത്തിയത്.

അങ്ങനെ ഞങ്ങള്‍ ഒന്നിച്ച ഭക്ഷണം കഴിച്ചു. അന്നത്തെ ടെന്‍ഷനും കഥകളുമെല്ലാം ഓര്‍ത്തെടുത്തു. ചിരിച്ചു. ആസിഫലിയും മറ്റ് അഭിനേതാക്കളുമെല്ലാം ഇവിടെ ഉണ്ടാവണമായിരുന്നു എന്ന് എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, പെട്ടെന്നുള്ള ഈ പരിപാടിക്ക്, ഇത്രയേറെ തിരക്കില്‍കഴിയുന്ന അവരെയൊക്കെ എങ്ങനെ വിളിച്ചുവരുത്താനാണ്!

എല്ലാവരോടും നന്ദിയുണ്ട്. ഇന്‍സ്റ്റഗ്രാം റീലിനോടും ഈ പാട്ടിന്‍റെ താളത്തില്‍ ചുവടുവെച്ച ആയിരങ്ങളോടും അതെല്ലാം കണ്ട പതിനായിരങ്ങളോടും ഏറ്റവുമൊടുവില്‍ വീണ്ടും വീണ്ടും അത് ചര്‍ച്ചയാക്കിയ, കണ്ണൂര്‍ പള്ളിപ്പുറം മേലേച്ച് മുക്ക് ശമീറിന്‍റെ മകള്‍ സ്‌നേഹയുടെ വിവാഹചടങ്ങില്‍ ഡാന്‍സ് ചെയ്ത അറിയാത്ത സുഹൃത്തുക്കളോടും, അത് പകര്‍ത്തിയ ക്യാമറാമാന്‍ ലിജോയോടും അതു പുറത്തെത്തിച്ച ഷിജിനോടും അത് വൈറലായി മാറ്റിയ ലക്ഷക്കണക്കിന് പ്രിയപ്പെട്ടവരോടും അത് വാര്‍ത്തയാക്കിയ മാധ്യമ സുഹൃത്തുക്കളോടും സംഗതി കളറാക്കിയ സോഷ്യല്‍ മീഡിയാ ചങ്കുകളോടുമെല്ലാം പിന്നേം പിന്നേം നന്ദി പറയുന്നു.

Asif Ali Manu Manjith

Shafi Chemmad Samuel Aby Zia Ul Haq @saniles sivan Ranjith Karunakaran Ahammed Sidiq Fara Shibla

Tags:    
News Summary - The director tells the story of viral wedding song 'Uyyaram Payyaram' from Kakshi: Amminippilla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.