സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ ടീസർ വിവാദമാകുന്നു. കേരളത്തിനെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടികളെ ഐസിസ് തീവ്രവാദികളാക്കുന്ന അപകടകരമായ കളി കേരളത്തിൽ നടക്കുന്നു എന്ന് ടീസർ പറയുന്നു. സംസ്ഥാനത്തുനിന്ന് 32,000 പെൺകുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്നും അവർ ഐ.എസിലേക്ക് പോയെന്നും ടീസർ ആരോപിക്കുന്നു.
സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമ നിർമിച്ചിരിക്കുന്നത് വിപുൽ അമൃത്‌ലാൽ ഷായാണ്. കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് അണിയറക്കാർ പറയുന്നത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.
ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തില്‍പ്പെടുകയായിരുന്നു എന്നാണ് ടീസർ പറയുന്നത്. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്.
ടീസറില്‍ ശാലിനി ഉണ്ണികൃഷ്ണന്‍ തന്‍റെ കഥ പറയുകയാണ്. ടീസർ ഇതിനകം ലക്ഷത്തിലധികംപേർ കണ്ടിട്ടുണ്ട്. തന്‍റെ 4 വർഷത്തെ വിപുലവും ആഴത്തിലുള്ളതുമായ ഗവേഷണത്തിലൂടെ ഈ ഭയാനകമായ കഥ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാൻ തീരുമാനിയ്ക്കുകയായിരുന്നു എന്നാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ പറയുന്നത്.
സംവിധായകൻ സുദീപ്‌തോ സെൻ ചിത്രത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും പോയി ഇരകളുടെ കുടുംബങ്ങളെയും പ്രദേശവാസികളെയും കണ്ടുവെന്നാണ് അവകാശപ്പെടുന്നത്. തന്റെ അന്വേഷണമനുസരിച്ച്, 2009 മുതൽ, കേരളത്തിലും മംഗലാപുരത്തും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള ഏകദേശം 32,000 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചെന്നും അവരിൽ ഭൂരിഭാഗത്തിന്‍റെയും ജീവിതം സിറിയയിലും അഫ്ഗാനിസ്ഥാനിലും അവസാനിച്ചുവെനും ഇയാൾ ആരോപിക്കുന്നു. സിനിമ അടുത്ത വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.