തൃശൂർ: തൃശൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ആറിന് മന്ത്രി കെ. രാജൻ നിർവഹിക്കും. ടി.വി. ചന്ദ്രൻ, ഡോ. ബിജു, പ്രിയനന്ദനൻ, ഐ.എഫ്.എഫ്.ടി ഫെസ്റ്റിവൽ ഡയറക്ടർ പ്രേമേന്ദ്ര മജുംദർ തുടങ്ങിയവർ സംബന്ധിക്കും.
മൂന്നാമത് എഫ്.എഫ്.എസ്.ഐ-വിജയ് മുലെ അവാർഡ് ഇന്ത്യയിലെ പ്രമുഖ ഫിലിം സൊസൈറ്റി പ്രവർത്തകനും ചലച്ചിത്രകാരനും ക്യൂറേറ്ററും ആയ അമൃതു ഗംഗറിന് തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് സമ്മാനിക്കും. ഉദ്ഘാടന സിനിമ 'ചുരുളി'യുടെ പ്രദർശനം തുടർന്ന് നടക്കും.
2021ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ 'എ ഹീറോ' എന്ന അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ഇറാൻ ചിത്രമായിരുന്നു ആദ്യദിനം മേളയെ കൈയിലെടുത്തത്. കടം വാങ്ങിയ പണം തിരിച്ചടക്കാനാകാത്തതിനാൽ ജയിലിൽനിന്ന് പരോളിൽ വന്ന റഹിം തനിക്കെതിരെയുള്ള പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും അനന്തര സംഭവവികാസങ്ങളുമാണ് ഇതിവൃത്തം.
നഗരവത്കരണം പ്രാദേശിക കലാരൂപങ്ങളെ എങ്ങനെ ബാധിച്ചുവെന്നതിന്‍റെ നേർചിത്രമായ സാഗർ പുരാണിക് സംവിധാനം ചെയ്ത കന്നഡ ചിത്രം 'ദൊല്ലു'വും വെള്ളിയാഴ്ച പ്രേക്ഷകരെ ആകർഷിച്ചു. കഴിഞ്ഞ വർഷം ഏറ്റവും മികച്ച കന്നഡ ചിത്രത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ ചിത്രമാണിത്. സമകാലിക രാഷ്ട്രീയ- സാമൂഹിക സംഭവ വികാസങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതായി ഡോ. ബിജു സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'ദ പോർട്രേയ്റ്റ്സ്' എന്ന സിനിമ.
ശ്രീ തിയറ്ററിൽ ഇന്ന് (9.30-11.30,1.30, 3.30, 5.30, 7.00 ക്രമത്തിൽ)
തൂഫാൻ മെയിൽ എയ്റ്റ് ഡൗൺ (ഹിന്ദി), അന്തരം (മലയാളം), ദ റോഡ് ടു കുത്രിയാർ (തമിഴ്), പാരലൽ മദേഴ്സ് (സ്പാനിഷ്), ചുരുളി (ഉദ്ഘാടനച്ചടങ്ങിന് ശേഷം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.